Connect with us

Kerala

ചാര്‍ജ് വര്‍ധന ഗൗരവ പരിഗണനയില്‍; സമരത്തില്‍ നിന്നും ബസ് ഉടമകള്‍ പിന്‍മാറണം: മന്ത്രി ആന്റണി രാജു

സമരം നടത്തിയത് കൊണ്ട് ചാര്‍ജ് വര്‍ധന നേരത്തെ ആകില്ലെന്നും മന്ത്രി

Published

|

Last Updated

തിരുവനന്തപുരം | ബസ് ചാര്‍ജ് വര്‍ധനയും ഓട്ടോ ടാക്‌സി ചാര്‍ജ് വര്‍ധനയും സര്‍ക്കാര്‍ ഗൗരവമായി പരിഗണിച്ചുവരികയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഈ സാഹചര്യത്തില്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ചും സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കിയും സമരം നടത്തണമോയെന്ന് അവര്‍ തീരുമാനിക്കണമെന്നും മന്ത്രി പറഞ്ഞു. നാളെ മുതല്‍ പ്രഖ്യാപിച്ച സ്വകാര്യ ബസ് പണിമുടക്കിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ബസ് ചാര്‍ജ് വര്‍ധനയും ഓട്ടോ ടാക്‌സി ചാര്‍ജ് വര്‍ധനയും സര്‍ക്കാര്‍ ഗൗരവ പൂര്‍വം പരിഗണിച്ചു വരികയാണ്. രണ്ടും ഒരുമിച്ച് തീരുമാനമെടുക്കേണ്ട കാര്യമാണ്. അത് സമരം പ്രഖ്യാപിച്ചവര്‍ക്കും അറിയാം. ബസ് സമരവുമായി മുന്നോട്ട് പോയാല്‍ കെ എസ് ആര്‍ ടി സി കൂടുതല്‍ സര്‍വീസ് നടത്തും. ഇതിനായി നിര്‍ദേശം നല്‍കിയിണ്ട്. സമരം നടത്തിയത് കൊണ്ട് ചാര്‍ജ് വര്‍ധന നേരത്തെ ആകില്ലെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം ആണ് ഓട്ടോ ടാക്‌സി വര്‍ധന സംബന്ധിച്ച് ചര്‍ച്ച നടത്തിയത്. ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് നിയോഗിച്ച കമ്മറ്റികളുടെ നിര്‍ദേശം സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണ്. അതിനേ ശേഷമെ അന്തിമ തീരുമാനത്തിലെത്തു. ചാര്‍ജ് വര്‍ധനവ് തത്വത്തില്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു