Connect with us

Editorial

ബഫർ സോണും സുപ്രീം കോടതിയുടെ വീണ്ടുവിചാരവും

ജനസാന്ദ്രതയിലും ജനങ്ങളുടെ ജീവിത രീതിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈജാത്യവും പ്രകടമായ അന്തരവും നിലനിൽക്കേ, ബഫർസോണിന്റെ കാര്യത്തിൽ രാജ്യത്തിന് മൊത്തം ഒരേ നിയമം അടിച്ചേൽപ്പിക്കുന്നത് അശാസ്ത്രീയമാണ്.

Published

|

Last Updated

ബഫർ സോൺ വിഷയത്തിൽ സുപ്രീം കോടതി ആശയക്കുഴപ്പത്തിൽ? വന്യജീവി സങ്കേതങ്ങൾക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങൾക്കും ചുറ്റുമുള്ള ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോൺ നിർബന്ധമാക്കി ജൂൺ മൂന്നിന് സുപ്രീം കോടതി മൂന്നംഗ ബഞ്ച് പുറപ്പടിവിച്ച ഉത്തരവ് നടപ്പാക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ സുപ്രീം കോടതി രണ്ടംഗ ബഞ്ച് സംശയം പ്രകടിപ്പിച്ചിരിക്കയാണിപ്പോൾ. ജൂൺ മൂന്നിന്റെ വിധിയിൽ ഇളവ് ആവശ്യപ്പെട്ടുള്ള അപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് വിക്രം നാഥ് എന്നിവരടങ്ങിയ ബഞ്ച് ഈ സന്ദേഹം പ്രകടിപ്പിച്ചത്.

ബഫർ സോണുകളിൽ ഒരു തരത്തിലുള്ള വികസന- നിർമാണ പ്രവർത്തനങ്ങളും ഖനനവും പാടില്ലെന്നാണ് ജൂൺ മൂന്നിലെ ഉത്തരവിൽ പറയുന്നത്. നിലവിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ തുടരണമെങ്കിൽ അതതു സംസ്ഥാനങ്ങളിലെ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ അനുമതി തേടുകയും വേണം. ഈ മേഖലകളിലെ കെട്ടിടങ്ങളുടെയും നിർമാണ പ്രവർത്തനങ്ങളുടെയും റിപോർട്ട് മൂന്ന് മാസത്തിനകം സമർപ്പിക്കണമെന്നും നിർദേശിച്ചിരുന്നു സംസ്ഥാനങ്ങളോട് കോടതി. മനുഷ്യ ഇടപെടൽ മൂലമുണ്ടാകുന്ന പരിസ്ഥിതി ലോല/ ദുർബല പ്രദേശത്തെ പരിസ്ഥിതി ആഘാതം പരമാവധി കുറക്കുകയെന്ന ലക്ഷ്യത്തിലാണ് ഈ ഉത്തരവ്. തമിഴ്‌നാട് നീലഗിരിയുടെ വനംഭൂമി സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു സമർപ്പിക്കപ്പെട്ട പൊതുതാത്പര്യ ഹരജിയിൽ ജസ്റ്റിസ് എൽ നാഗേശ്വർ റാവു അധ്യക്ഷനും ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് അനിരുദ്ധ ബോസ് എന്നിവർ അംഗങ്ങളുമായ ബഞ്ചിന്റേതാണ് വിധി പ്രസ്താവം.
അതേസമയം പരിസ്ഥിതി സംരക്ഷിക്കേണ്ടത് അനിവാര്യമാണെങ്കിലും അതിന്റെ പേരിൽ വികസന പ്രവർത്തനങ്ങൾ പൂർണമായി നിർത്തി വെക്കാനാകില്ലെന്നാണ് സുപ്രീം കോടതിയുടെ പുതിയ നിരീക്ഷണം. നഗരങ്ങൾക്കുള്ളിൽ വനമായി വിജ്ഞാപനം ചെയ്ത സ്ഥലങ്ങളുണ്ട് രാജ്യത്തിന്റെ പല ഭാഗങ്ങളിലും. ഈ മേഖലകളിൽ ബഫർ സോൺ നിർബന്ധമാക്കിയാൽ അത് പ്രതിസന്ധിക്കിടയാക്കും. ഓരോ പ്രദേശത്തെയും പ്രത്യേകതകളും സാഹചര്യങ്ങളും കൂടി കണക്കിലെടത്തു വേണം ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോൺ നിർബന്ധമാക്കിക്കൊണ്ടുള്ള വിധി നടപ്പാക്കേണ്ടതെന്നും രണ്ടംഗ ബഞ്ച് അഭിപ്രായപ്പെട്ടു. രാജസ്ഥാനിലെ ജയ്പൂർ നഗരത്തിൽ നിന്ന് വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയിൽ സംരക്ഷിത വനമേഖലയുണ്ട്. ഇവിടെ ബഫർ സോൺ വിധി ശക്തമായി നടപ്പാക്കിയാൽ റോഡ് പൊളിക്കേണ്ടി വരുമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഒരു കി. മീറ്റർ ചുറ്റളവിൽ ബഫർ സോൺ നിർബന്ധമാക്കിയ ജൂൺ മൂന്നിലെ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹരജി ഫയൽ ചെയ്ത കേരളത്തിനു ആശ്വാസവും പ്രതീക്ഷ നൽകുന്നതുമാണ് സുപ്രീം കോടതിയുടെ വീണ്ടു വിചാരം. കേരളത്തെ സംബന്ധിച്ചിടത്തോളം ദൂരവ്യാപകമായ ഫലം ഉളവാക്കുന്നതാണ് ജൂൺ മൂന്നിലെ ഉത്തരവ്. ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രതയുളള സംസ്ഥാനമാണ് കേരളം. ദേശീയാടിസ്ഥാത്തിലുള്ള ജനസാന്ദ്രതയുടെ രണ്ടിരട്ടിയാണ് കേരളത്തിലേത്.

വനാതിർത്തിയോട് ചേർന്നു താമസിക്കുകയും കൃഷി നടത്തുകയും ചെയ്യുന്ന ലക്ഷക്കണക്കിനു പേരുണ്ട് സംസ്ഥാനത്ത്. കുരുമുളക് തുടങ്ങി സുഗന്ധവിളകളിൽ നല്ലൊരു പങ്കും ഉത്പാദിപ്പിക്കുന്നത് വനമേഖലകളോട് ചേർന്നുളള പ്രദേശങ്ങളിലാണ്. ഒരു കിലോ മീറ്റർ ബഫർസോൺ പ്രഖ്യാപിക്കുമ്പോൾ കാസർക്കോടും ആലപ്പുഴയും ഒഴികെയുള്ള പന്ത്രണ്ട് ജില്ലകളിലായി ഏകദേശം നാല് ലക്ഷം ഏക്കർ വിസ്തൃതിയിലെ ജനജീവിതത്തെയും കൃഷിയെയും വികസന പ്രവർത്തനങ്ങളെയും ബാധിക്കുമെന്നാണ് കണക്ക്.

സുപ്രീം കോടതിയുടെ അനുമതിയോടെ 28,588.159 ഹെക്ടർ ഭൂമിയുടെ പട്ടയം മലയോരമേഖലയിലെ കൈയേറ്റക്കാർക്ക് സംസ്ഥാനം ഇതിനകം നൽകിയിട്ടുണ്ട്. ഇതിൽ ഭൂരിഭാഗം ഭൂമിയും വന്യജീവി സങ്കേതങ്ങൾക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങൾക്കും ചുറ്റുമുള്ള ഒരു കിലോമീറ്റർ ചുറ്റളവിലാണ്. ഈ പ്രദേശങ്ങളിൽ പലതും ടൗൺഷിപ്പുകളായി മാറിക്കഴിഞ്ഞു. കേരളത്തിലെ തേക്കടി, മൂന്നാർ, ഇടുക്കി പോലുളള പല വന്യജീവി സങ്കേതങ്ങളും കുമളി, കട്ടപ്പന, ചെറുതോണി, മൂന്നാർ പോലുളള നഗരങ്ങളോ ട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. ഇവിടങ്ങളെല്ലാം അന്താരാഷ്ട്ര പ്രാധാന്യമുളള ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. ബഫർ സോൺ ഉത്തരവ് അപ്പടി നടപ്പാക്കിയാൽ കൃഷി ഉൾപ്പടെയുള്ള മലയോര മേഖലക്കാരുടെ ജീവിതമാർഗത്തെയും ആയിരക്കണക്കിന് ഏക്കർ പ്രദേശത്തെ നിർമാണ പ്രവർത്തനങ്ങളെയും ടൗൺഷിപ്പുകളെയും ടൂറിസത്തെയുമെല്ലാം പ്രതികൂലമായി ബാധിക്കും. ലക്ഷക്കണക്കിനു പേർ തങ്ങളുടെ മുഴു സമ്പാദ്യവും ഉപേക്ഷിച്ചു പോകേണ്ട സ്ഥിതിവരും. മൂന്നര കോടിയിലധികം ജനസംഖ്യയുളള കേരളത്തിൽ ഇവരെ പുരധിവസിപ്പിക്കാനുളള സ്ഥലവും അപര്യാപ്തമാണ്. ആ അർഥത്തിൽ, ഭരണഘടന നൽകുന്ന ജീവിക്കാനുള്ള അവകാശത്തെ ബാധിക്കുന്നതാണ് കോടതി ഉത്തരവ്.
വികസനത്തേക്കാൾ പരിസ്ഥിതിക്കാണ് കൂടുതൽ പരിഗണന നൽകേണ്ടതെന്ന കാഴ്ചപ്പാടാണ് സുപ്രീം കോടതിയുടെ ആദ്യത്തെ വിധിക്ക് നിദാനം. വികസനത്തെയും പരിസ്ഥിതിയെയും സമന്വയിപ്പിച്ചു മുന്നോട്ടു കൊണ്ടു പോകണമെന്ന വീക്ഷണത്തിൽ നിന്നാണ് കോടതിക്കു പുനരാലോചന വരുന്നത്. ഈ വീക്ഷണമാണ് കൂടുതൽ അഭികാമ്യവും. പരിസ്ഥിതി സംരക്ഷണവും വികസനവും പരസ്പരം ഏറ്റുമുട്ടലിന്റെ പാത സ്വീകരിക്കാതെ ശാസ്ത്രീയമായി ഏകോപിച്ചു മുന്നോട്ടു കൊണ്ടു പോകുകയാണ് വേണ്ടത്. മാത്രമല്ല, ജനസാന്ദ്രതയിലും ജനങ്ങളുടെ ജീവിത രീതിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈജാത്യവും പ്രകടമായ അന്തരവും നിലനിൽക്കേ, ബഫർസോണിന്റെ കാര്യത്തിൽ രാജ്യത്തിനു മൊത്തം ഒരേ നിയമം അടിച്ചേൽപ്പിക്കുന്നത് അശാസ്ത്രീയവുമാണ്. ഓരോ പ്രദേശത്തിന്റെയും സവിശേഷതകൾ കണക്കിലെടുത്തു വേണം അത് നടപ്പാക്കാൻ. കേരളം നൽകിയ പുനഃപരിശോധനാ ഹരജിയിൽ ഈ വസ്തുത ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Latest