Connect with us

up election

പിന്നാക്ക വിഭാഗം കൈവിടുന്നു; മുഖം രക്ഷിക്കാന്‍ ബി ജെ പി

എന്‍ ആര്‍ സി രാജ്യത്തിന് അത്യാവശ്യമാണെന്ന് പറഞ്ഞ അപര്‍ണ ജമ്മു കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞപ്പോള്‍ അതിനെ പരസ്യമായി പിന്തുണയ്ക്കുകയും ചെയ്തിരുന്നു

Published

|

Last Updated

ത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയില്‍ നിന്നും മന്ത്രിമാരടക്കം എം എല്‍ എമാരുടെ കൊഴിഞ്ഞ് പോക്ക് തുടര്‍ന്നതോടെ മുഖം രക്ഷിക്കല്‍ ശ്രമങ്ങളുമായി ബി ജെ പി രംഗത്ത്. നേരത്തെ, മൂന്ന് മന്ത്രിമാരടക്കം പത്തോളം എം എല്‍ എമാര്‍ പാര്‍ട്ടി വിട്ട് എസ് പിയില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെ സഖ്യകക്ഷികളില്‍ നിന്നും എം എല്‍ എമാരും പാര്‍ട്ടി വിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് എസ് പിയില്‍ നിന്നും ബി എസ് പിയില്‍ നിന്നും നേതാക്കളെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ ബി ജെ പി ശ്രമം ആരംഭിച്ചത്.

മുലായം സിംഗ് യാദവിന്റെ മരുമകള്‍ അപര്‍ണാ യാദവ് ഇന്ന് ബി ജെ പിയില്‍ ചേര്‍ന്നു. മുന്‍ യു പി മുഖ്യമന്ത്രി മുലായം സിംഗ് യാദവിന്റെയും രണ്ടാം ഭാര്യ സാധനാ ഗുപ്തയുടെയും മകനായ പ്രതീക് യാദവിന്റെ ഭാര്യയാണ് അപര്‍ണാ യാദവ്. 2017ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ലക്‌നോ കണ്‍ന്റോണ്‍മെന്റ് മണ്ഡലത്തില്‍ നിന്നും മത്സരിച്ച അപര്‍ണ യാദവ്, അന്ന് കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ എത്തിയ റീത്ത ബഹുഗുണ ജോഷിയോട് പരാജയപ്പെടുകയായിരുന്നു.

നേരത്തേ തന്നെ ബിജെപിയുടെ പ്രവര്‍ത്തനങ്ങളെയും പാര്‍ട്ടിയെയും പരസ്യമായി അപര്‍ണ പ്രശംസിച്ചത് ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നതാണ്. രാമക്ഷേത്ര നിര്‍മാണത്തിന് 11 ലക്ഷം രൂപയാണ് അപര്‍ണ സംഭാവന നല്‍കിയത്. ദേശീയ പൗരത്വരേഖയായ എന്‍ആര്‍സി രാജ്യത്തിന് അത്യാവശ്യമാണെന്ന് പറഞ്ഞ അപര്‍ണ ജമ്മു കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞപ്പോള്‍ അതിനെ പരസ്യമായി പിന്തുണയ്ക്കുകയും ചെയ്തിരുന്നു.

പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായാണ് താന്‍ ബി ജെ പിയില്‍ എത്തിയതെന്ന് ഇവര്‍ പാര്‍ട്ടി പ്രവേശനത്തിന് പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, രാഷ്ട്രീയത്തില്‍ മാത്രമല്ല കുടുംബത്തില്‍ പോലും അഖിലേഷ് ഒരു പരാജയമാണെന്നാണ് അപര്‍ണയുടെ ബി ജെ പി പ്രവേശനം സൂചിപ്പിക്കുന്നത് എന്നായിരുന്നു യു പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ പരിഹാസം.

പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള പ്രബല എം എല്‍ എമാര്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ, ഇവരുടെ വിശ്വാസം നേടിയെടുക്കാന്‍ എന്തെങ്കിലും അടിയന്തരമായി ചെയ്യണമെന്ന് കേന്ദ്ര നേതൃത്വം യു പി ബി ജെ പിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ദളിത് വിഭാഗത്തില്‍പ്പെട്ട ഒരാളുടെ വീട്ടിലെത്തി ഭക്ഷണം കഴിക്കുന്നത് പോലുള്ള സ്ഥിരം ഫോട്ട് ഓപ് നാടകങ്ങള്‍ ബി ജെ പിയുടെ ഭാഗത്തു നിന്നും യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ തന്നെ അരങ്ങേറിയിരുന്നു. മൂന്ന് മന്ത്രിമാരടക്കം എം എല്‍ എമാര്‍ പാര്‍ട്ടി വിട്ടതിന്റെ ക്ഷീണം തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് മുലായത്തിന്റെ മരുമകളെ തന്നെ പാര്‍ട്ടിയിലെത്തിച്ചത് ബി ജെ പി നടത്തിയത്.

Latest