Connect with us

interview

ആ കനലിപ്പോഴും ഉള്ളിൽ നീറുന്നു

എഴുത്തിന്റെ രണ്ടാം ഘട്ടം പ്രവാസം കൊണ്ട് മാത്രം സംഭവിച്ചതാണ്. ഓരോ കഥക്കു പിന്നിലും വലിയ അധ്വാനമുണ്ട്. ശരീരവും മനസ്സും ഒരുപോലെ ഉരുകുന്നുണ്ട്... എഴുത്തുകാരൻ അനിൽ ദേവസ്സി സംവദിക്കുന്നു.

Published

|

Last Updated

? അനിൽ ദേവസ്സി ഒരെഴുത്തുകാരനാകുമെന്ന് എപ്പോഴെങ്കിലും വിചാരിച്ചതാണോ? താങ്കളുടെ കുട്ടിക്കാലത്തെ വായന അപ്പച്ചനുമായി കൂടിച്ചേരുന്ന ഊഷ്മളമായ ഓർമകളാണെന്നു പറയാമോ
എഴുത്തിലേക്ക് എത്തിപ്പെട്ടത് എങ്ങനെ എന്ന ചോദ്യം ഇടക്കിടക്ക് ഞാനെന്നോടു തന്നെ ചോദിക്കുന്ന ചോദ്യമാണ്. എന്റെ വീട്ടില്‍ സാഹിത്യലോകവുമായി ബന്ധപ്പെട്ട ആരും തന്നെയില്ലായിരുന്നു. പഠിക്കാനുള്ള പുസ്തകങ്ങളല്ലാതെ മറ്റു പുസ്തകങ്ങളൊന്നും വീട്ടില്‍ ഇല്ലായിരുന്നു. സ്കൂളില്‍ പഠിക്കുമ്പോള്‍ മലയാളത്തോട് ഒരു പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. കണക്കിനോട് വല്ലാത്ത ഭയവും. പത്താം ക്ലാസ് വരെ സാഹിത്യപുസ്തകങ്ങള്‍ ഒന്നും തന്നെ വായിച്ചിട്ടില്ലെന്നു പറയാം. പ്ലസ്ടു പഠനകാലം തൊട്ടാണ് വായനയിലേക്കും എഴുത്തിലേക്കും കടന്നുചെല്ലുന്നത്. ടെക്സ്റ്റ് പുസ്തകങ്ങളുടെ ഒഴിഞ്ഞ പേജുകളില്‍ എന്തെങ്കിലുമൊക്കെ കുത്തിക്കുറിച്ചിടുന്നതായിരുന്നു തുടക്കം. ഡിഗ്രി പഠനം കഴിഞ്ഞ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് കോഴ്്സ് പഠിക്കാന്‍ തൃശൂര്‍ സി എ ചാപ്റ്ററില്‍ ചേരുന്നതു മുതലാണ് ഞാന്‍ വായനയുടെ ഒരു വലിയ ലോകത്തിലേക്ക് കടന്നുചെല്ലുന്നത്.

വായനയാകണം എന്റെയുളളില്‍ ഉറങ്ങിക്കിടന്നിരുന്ന എഴുത്തിനെ ഉണര്‍ത്തിയത്. ലൈബ്രറിയില്‍ നിന്നും കൊണ്ടുവരുന്ന പുസ്തകങ്ങള്‍ എന്നേക്കാള്‍ മുന്പേ വായിച്ചു തീര്‍ത്ത്, പുതിയ പുസ്തകം എടുക്കണില്ലേയെന്ന് ചോദിക്കാറുള്ള അപ്പച്ചനില്‍ നിന്നു തന്നെയാണ് എഴുത്തിന്റെ വിത്തുകള്‍ എന്നിലേക്ക് വീണുകിട്ടിയതെന്നു വിശ്വസിക്കുന്നു. എഴുത്തിന്റെ രണ്ടാം ഘട്ടം പ്രവാസം കൊണ്ട് മാത്രം സംഭവിച്ചതാണ്. ഓർമകളേയും അനുഭവങ്ങളേയും വേവിച്ചെടുക്കുന്ന കനലായിരുന്നു പ്രവാസം. ആ കനലിപ്പോഴും എന്റെയുള്ളി ല്‍ക്കിടന്നു നീറുന്നുണ്ട്.

?ഹൃദയശുദ്ധിയുള്ളവൾ, പാതിരാ കനി, കളമെഴുത്ത്, ഗൂഗിൾ മേരി തുടങ്ങി അടുത്തകാലത്തെഴുതിയ മരണക്കിണർ വരെയുള്ള താങ്കളുടെ കഥകളിൽ അച്ഛനും അമ്മയും സ്നേഹവും കരുതലുമെല്ലാമുണ്ട്. എന്നാൽ ഇതേവരെ എഴുതിയതിൽ, താങ്കൾക്കിഷ്ടം തോന്നിയ, പ്രിയപ്പെട്ട ഒരു കഥയുണ്ടാകില്ലേ?. അതിന്റെ രചനാ പശ്ചാത്തലം വിവരിക്കാമോ
വളരെ കുറച്ചു കഥകളേ ഞാൻ എഴുതിയിട്ടുള്ളൂ. അതിൽ, വായനക്കാർ കൊള്ളാം എന്നു പറഞ്ഞതും കൊള്ളില്ലെന്നു പറഞ്ഞതുമായ എല്ലാ കഥകളും എനിക്ക് പ്രിയപ്പെട്ടതാണ്. കാരണം, എഴുതുക എന്നതിലാണ് എന്റെ ആനന്ദം. അതൊരു ലഹരിപോലെ കൊണ്ടുനടക്കുന്നു. അതിനപ്പുറത്തുള്ള കാര്യങ്ങൾ, അതെന്തുമായിക്കൊള്ളട്ടെ എന്നെ അത്ര ബാധിക്കാറില്ല. വായിച്ചു, ഇഷ്ടപ്പെട്ടു എന്നൊരാൾ പറഞ്ഞാൽ സന്തോഷത്തോടെ സ്വീകരിക്കും. വായിച്ചു ഇഷ്ടപ്പെട്ടില്ല എന്നു പറഞ്ഞാലും അങ്ങനെത്തന്നെ. ഓരോ കഥക്കു പിന്നിലും വലിയ അധ്വാനമുണ്ട്. ശരീരവും മനസ്സും ഒരുപോലെ ഉരുകുന്നുണ്ട്.

ജീവിതത്തിലെ പല നല്ല മുഹൂർത്തങ്ങളും മാറ്റിവെച്ചിട്ടാണ് ഒരു കഥയുടെ പുറകേ അലയുന്നത്. കുടുംബത്തോടൊപ്പം ആയിരിക്കേണ്ട നിമിഷങ്ങളെ കടംവാങ്ങിയിട്ടാണ് എഴുത്തുമേശയിൽ പെറ്റുകിടക്കുന്നത്. ഉറക്കമേ നീ ഇപ്പോൾ വരല്ലേ ഞാനിതൊന്ന് പൂർത്തിയാക്കട്ടെ എന്ന യാചനയോടെയാണ് ഒരോ വാക്കിലും അടയിരിക്കുന്നത്. ആയതിനാൽ എഴുതിയതും എഴുതാനിരിക്കുന്നതുമായ എല്ലാ കഥകളും നോവലുകളും എനിക്ക് പ്രിയപ്പെട്ടവയാണ്. വായക്കാർക്ക് അങ്ങനെ ആകണമെന്നില്ല. അവരെ സംബന്ധിച്ചിടത്തോളം നമ്മൾ എത്ര അധ്വാനിച്ചു എന്നതിലല്ല, ക്വാളിറ്റിയിലാണ് കാര്യം. എഴുത്തിൽ ഞാനിത്ര പണിയെടുത്തെന്ന കരച്ചിൽ കേൾക്കാനല്ല വായനക്കാർക്ക് താത്പര്യം. എഴുതിവെച്ചതിൽ നിന്നും എടുക്കാൻ കൊള്ളാവുന്ന എന്തെങ്കിലും കിട്ടുമോയെന്നാണ് അവരുടെ നോട്ടം. അതിനെ ഞാൻ മാനിക്കുന്നു. ഒപ്പം, എന്റെ എഴുത്തുകളെ, ആ പ്രോസസ്സിനെ ഞാൻ വല്ലാതെ ഇഷ്ടപ്പെടുന്നു.
എല്ലാ കഥകൾക്കും ഒരു പിന്നാമ്പുറ കഥ പറയാനുണ്ടാകുമെന്നാണ് തോന്നുന്നത്. പെട്ടെന്ന് ഓർമവരുന്നത്, ട്ര്യൂകോപ്പി തിങ്കിൽ പ്രസിദ്ധീകരിച്ച കാമറൂണി എന്ന കഥയാണ്. ഓഫീസിലെ സെക്യൂരിറ്റി ഗാർഡ് ആയിരുന്ന കാമറൂൺകാരൻ മാത്യു വെർഞ്ഞോയിയിൽ നിന്നുമാണ് ആ കഥയുടെ ജനനം. ഇങ്ങനെയൊരു കഥ ഞാൻ എഴുതിയിട്ടുണ്ടെന്നൊന്നും പുള്ളിക്കാരന് അറിയില്ല. കാരണം, മാത്യു വെർഞ്ഞോയി ഇപ്പോൾ ജീവിച്ചിരിപ്പില്ല!
?എഴുത്തു വഴികളിൽ അനിലിനെ സ്വാധീനിച്ച സാഹിത്യരചനകൾ ഏതൊക്കെയാണ്? റോൾ മോഡലായി സ്വീകരിച്ച എഴുത്തുകാരൻ ആരാണ്

വായിക്കുന്ന എല്ലാ കൃതികളുടെയും സ്വാധീനം എഴുത്തിൽ കടന്നുവരുന്നുണ്ടെന്നാണ് എന്റെ തോന്നൽ. മനഃപൂർവം ഒന്നും കുത്തിത്തിരുകാൻ ശ്രമിക്കാറില്ല. വായിച്ചിഷ്ടപ്പെട്ട കൃതികളുടെ ഫോർമാറ്റിൽ ഒരു സൃഷ്ടി നടത്തിക്കളയാമെന്ന് ഇന്നേവരെ തോന്നിയിട്ടില്ല. നോവലുകളും കഥകളും വായിക്കാനാണ് ഏറ്റവും ഇഷ്ടം. ഒരു ദേശത്തിന്റെ കഥയാണ് ഏറ്റവും ഇഷ്ടപ്പെട്ട നോവൽ. ഓൺലൈൻ ബാങ്കിന്റെ സെക്യൂരിറ്റി ക്വസ്റ്റ്യനിൽ ഫേവററ്റ് എഴുത്തുകാരൻ ആരാണ് എന്നൊരു ചോദ്യമുണ്ട്. എം മുകുന്ദൻ എന്നാണ് ആൻസർ കൊടുത്തിരിക്കുന്നത്. എഴുത്തിൽ ആരേയും റോൾമോഡലായി കണ്ടിട്ടില്ലെന്നു മാത്രമല്ല, എഴുത്തു പാരമ്പര്യമോ തലതൊട്ടപ്പനോ ഇല്ല.

?തൃശ്ശൂരിലെ ചാലക്കുടി ജീവിതത്തിൽ നിന്നും ദുബൈ ജീവിതത്തിലേക്ക് അനിൽ മാറുമ്പോൾ പ്രവാസ ജീവിതം ഏതൊക്കെ കാഴ്ചകളും വേദനകളുമാണ് അനുഭവിപ്പിക്കുന്നത്

കഴിഞ്ഞ എട്ട് വർഷമായിട്ട് പ്രവാസിയാണ്. അത് സ്വന്തം തീരുമാനം മാത്രമാണ്. ചെയ്യുന്ന ജോലി ഇഷ്ടമാണ്. പിന്നെ ജീവിതം മുന്നോട്ടുകൊണ്ടുപോകണമല്ലോ! സത്യം പറഞ്ഞാൽ, ഗൾഫിൽ എത്തിയതിനുശേഷമാണ് എഴുത്ത് ഉഷാറായത്. ഒരു പുസ്തകം സംഭവിച്ചത്. മനുഷ്യരിലേക്ക് തുറന്നുവെച്ച ഒരു ജാലകമാണ് എന്റെ ജോലിയിടം. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള മനുഷ്യർ അവിടേക്ക് എത്തുന്നു. അവർ മടങ്ങിപ്പോകുമ്പോൾ അവർക്കൊപ്പം എന്റെ ഭാവനയും സഞ്ചരിക്കുന്നു. എന്തൊക്കെ പറഞ്ഞാലും നാടിനെക്കുറിച്ചുള്ള ഓർമകൾ മനസ്സിലുണ്ട്. എല്ലാം അവസാനിപ്പിച്ച് മടങ്ങിച്ചെല്ലാൻ ഒരു നാട് ഉണ്ടല്ലോ എന്ന ആശ്വാസം ഉണ്ട്. അതില്ലാത്തവരുടെ ജീവിതമാണ് എന്റെ ആദ്യ നോവൽ “യാ ഇലാഹി ടൈംസ്.’

?കേരളം വിട്ടു കഴിഞ്ഞാൽ മലയാളികൾ സ്വന്തം മക്കൾക്ക് മലയാളം അറിയില്ല എന്ന് അഭിമാനത്തോടെ പറഞ്ഞിരുന്ന കാലത്തു നിന്നും മാറി, ഇന്ന് സർ, എന്റെ മക്കൾ നന്നായി മലയാളം സംസാരിക്കും എന്ന് അഭിമാനത്തോടെ പറഞ്ഞുകേൾക്കുന്നു. ഇതിനു കാരണം, കേരളത്തിനു പുറത്ത് മലയാള ഭാഷയും സാഹിത്യവും വളരേ സജീവമാണ് എന്നതിന്റെ ശുഭസൂചനയല്ലേ?.

കഴിഞ്ഞ കാൽ നൂറ്റാണ്ട് എടുത്തു പരിശോധിച്ചാൽ ടെക്നോളജിയിലുണ്ടായ വലിയ സാധ്യതകൾ ഭാഷയെ മുന്നോട്ടു കൊണ്ടുപോയി എന്ന് അനിലിന് തോന്നിയിട്ടുണ്ടോ
ലോകത്ത് എവിടെപ്പോയാലും നമ്മുടെ ഭാഷ സംസാരിക്കുന്ന ഒരാളെ കണ്ടാൽ, വല്ലാത്തൊരു സമാധാനമാണ്. നമ്മുടെ ഭാഷയിൽ ഉണ്ടാകുന്ന കൃതികൾക്ക് എല്ലായിടത്തും വലിയ സ്വീകാര്യത കിട്ടുന്നുണ്ട്. തീർച്ചയായിട്ടും ടെക്നോളജി അതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. വായന, ഓൺലൈനിലേക്ക് വലിയൊരു ഷിഫ്റ്റ് നടന്നിട്ടുണ്ട്. മലയാളത്തിലെ എല്ലാ ആനുകാലികങ്ങളും ഇപ്പോൾ ഓൺലൈനിൽലഭ്യമാണ്. പുസ്തകങ്ങളുടെ ഇ-വേർഷനുകൾ, സ്റ്റോറിടെൽ പോലുള്ള സംവിധാനങ്ങൾ ആളുകൾ ഇഷ്ടപ്പെടാൻ തുടങ്ങിയിരിക്കുന്നു. ഓൺലൈൻ ചർച്ചകളും സംവാദങ്ങളും നടക്കുന്നു. അതിന്റെയൊക്കെ ഗുണം നമ്മുടെ ഭാഷക്കും കിട്ടിയിട്ടുണ്ട്. ഇപ്പോഴത്തെ കുട്ടികൾ ഉഷാറാണ്. അവർ വായിക്കാൻ ആഗ്രഹിക്കുന്നവരാണ്. പുസ്‌തകവിൽപ്പന പുറകിലോട്ട് പോയെന്നു ഇപ്പോൾ തോന്നുന്നില്ല. ഓണം ശരിക്കും ആഘോഷിക്കുന്നത് വിദേശ മലയാളികളാണെന്ന് പൊതുവെ പറഞ്ഞു കേൾക്കാം. അതുപോലെ തന്നെയാണ് അവർ മലയാളത്തിനെയും ആഘോഷിക്കുന്നത്.