Connect with us

National

ടെലിവിഷന്‍ സംവാദങ്ങളാണ് മറ്റെന്തിനെക്കാളുമേറെ മലിനീകരണം സൃഷ്ടിക്കുന്നത്: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി | വിവിധ വിഷയങ്ങളെ വിവാദങ്ങളാക്കി മാറ്റുന്ന ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. ടി വി ചാനലുകളില്‍ നടക്കുന്ന ഇത്തരം സംവാദങ്ങളാണ് മറ്റെന്തിനെക്കാളും സമൂഹത്തെ മലീമസമാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു. സംഭവങ്ങളോ സന്ദര്‍ഭങ്ങളോ ആയി ബന്ധമില്ലാത്ത കാര്യങ്ങളാണ് സംവാദങ്ങളില്‍ ഉയര്‍ന്നു വരുന്നതെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. കോടതികളുടെ ചെറിയ നിരീക്ഷണങ്ങള്‍ പോലും വിവാദങ്ങളാക്കി മാറ്റുന്ന പ്രവണതയാണ് കാണുന്നത്. ഡല്‍ഹിയിലെ വായു മലിനീകരണം സംബന്ധിച്ച് ഒരു വിദ്യാര്‍ഥി ഫയല്‍ ചെയ്ത പൊതു താത്പര്യ ഹരജി പരിഗണിക്കവെയാണ് സി ജെ ഐ ചാനല്‍ ചര്‍ച്ചകള്‍ വിതക്കുന്ന മലിനീകരണത്തെ കുറിച്ച് പരാമര്‍ശിച്ചത്.

‘വിഷയങ്ങളെ വിവാദങ്ങളാക്കി മാറ്റണമെന്നതാണ് നിങ്ങളുടെ താത്പര്യം. പരസ്പര ആരോപണങ്ങള്‍ മാത്രമാണ്, ഇത്തരം രീതികള്‍ വഴി അവശേഷിപ്പിക്കാനാവുക. ടെലിവിഷന്‍ സംവാദങ്ങളാണ് മറ്റെന്തിനെക്കാളുമധികം മലിനീകരണം സൃഷ്ടിക്കുന്നത്.’- ചീഫ് ജസ്റ്റിസ് പറഞ്ഞു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ടി വി ചര്‍ച്ചകള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് കോടതിയില്‍ ഉന്നയിച്ചത്. വൈക്കോലും പുല്ലുമെല്ലാം കൂട്ടിയിട്ട് കത്തിക്കുന്നത് ഡല്‍ഹിയിലെ വായു മലിനീകരണത്തിന് ആക്കം കൂട്ടുന്നുവെന്ന വിഷയത്തില്‍ താന്‍ പരമോന്നത കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ടി വി ചര്‍ച്ചകളില്‍ ആരോപണമുയരുന്നതായി തുഷാര്‍ മേത്ത ചൂണ്ടിക്കാണിച്ചു. എന്നാല്‍, ഇത്തരമൊരു ആരോപണത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം.

കൊയ്ത്തു കഴിഞ്ഞ ശേഷമുള്ള പുല്ലുകള്‍ കര്‍ഷകര്‍ തുറന്ന സ്ഥലത്ത് കത്തിക്കുന്നത് വായു മലിനീകരണത്തിന് ഇടയാക്കുന്നുവെന്ന ആരോപണത്തില്‍ സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കര്‍ഷകന്റെ ദയനീയാവസ്ഥ പരിഗണിക്കാതെയാണ് ഇത്തരം കുറ്റപ്പെടുത്തലുകളെന്ന് സി ജെ ഐയുടെ അധ്യക്ഷതയിലുള്ള ബഞ്ചിലെ ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ‘ഏത് സാഹചര്യത്തിലാണ് അവര്‍ ഇതിന് നിര്‍ബന്ധിതരാകുന്നതെന്ന് അന്വേഷിക്കാന്‍ ആരും തയാറാകുന്നില്ല. സെവന്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളില്‍ കഴിയുന്നവരാണ് കര്‍ഷകരെ കുറ്റപ്പെടുത്തുന്നത്. പാടങ്ങള്‍ വൃത്തിയാക്കുന്നതിന് ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ പരിമിതമായ സ്ഥലസൗകര്യം മാത്രമുള്ള കര്‍ഷകര്‍ക്ക് എങ്ങനെയാണ് കഴിയുക?. നിങ്ങളുടെ കൈയില്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അവരെ ചെന്നുകണ്ട് പറയൂ.’; -ജസ്റ്റിസ് സൂര്യകാന്ത് വിശദീകരിച്ചു. പറഞ്ഞത് തീര്‍ത്തും ശരിയാണെന്ന് ഡല്‍ഹി സര്‍ക്കാറിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് മനു സിങ്വിയും പറഞ്ഞു.