Connect with us

Kerala

ഷാരോണ്‍ കൊലക്കേസ് തുടരന്വേഷണം തമിഴ്‌നാട് പോലീസിനെ ഏല്‍പ്പിക്കില്ല

തുടരന്വേഷണവും കേരളാ പോലീസ് തന്നെ നടത്തും

Published

|

Last Updated

തിരുവനന്തപുരം | പാറശ്ശാല ഷാരോണ്‍ കൊലക്കേസ് തുടരന്വേഷണം തമിഴ്‌നാട് പോലീസിനെ ഏല്‍പ്പിക്കില്ല. കേരള പോലീസ് തന്നെ തുടര്‍ന്നും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഷാരോണിന്റെ കുടുംബത്തെ അറിയിച്ചു.

കൃത്യം നടന്ന സ്ഥലം, തൊണ്ടിമുതല്‍ കണ്ടെടുത്ത സ്ഥലം ഇവയെല്ലാം തമിഴ്‌നാടിന്റെ പരിധിയിലായതിനാല്‍ തുടരന്വേഷണം തമിഴ്‌നാട് പോലീസിനെ ഏല്‍പ്പിച്ചേക്കുമെന്ന അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിലാണ് കൊല്ലപ്പെട്ട ഷാരോണിന്റെ കുടുംബം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്.

കേസിന്റെ അധികാരപരിധി സംബന്ധിച്ച് ചില സംശയങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് റൂറല്‍ എസ് പി ഇക്കാര്യത്തില്‍ നിയമോപദേശം തേടിയിരുന്നു. ഈ നിയമോപദേശത്തില്‍ ആഭ്യന്തര സെക്രട്ടറി തീരുമാനമെടുക്കാനിരിക്കെയാണ് കേരളാ പോലീസ് തന്നെ കേസ് തുടര്‍ന്നും അന്വേഷിക്കും എന്ന തീരുമാനത്തില്‍ എത്തിയത്.
കുറ്റപത്രം നല്‍കി വിചാരണയിലേക്ക് പോകുമ്പോള്‍ അന്വേഷണ പരിധി പ്രതികള്‍ ചോദ്യം ചെയ്താല്‍ കേസിനെ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ തുടരന്വേഷണം തമിഴ്‌നാട് പോലീസിന് കൈമാറണമെന്നായിരുന്നു ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ നല്‍കിയ നിയമോപദേശം.

നിവേദനം നല്‍കാന്‍ ബന്ധുക്കള്‍ എത്തിയപ്പോള്‍ മുഖ്യമന്ത്രി ഓഫീസില്‍ ഉണ്ടായിരുന്നില്ല. കേരള പോലീസ് തന്നെ തുടര്‍ന്നും അന്വേഷിക്കും എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പു നല്‍കിയതായി ഷാരോണിന്റെ അച്ഛന്‍ ജയരാജ് പറഞ്ഞു.

ഷാരോണിനിനെ കൊലപ്പെടുത്താന്‍ ഗ്രീഷ്മയും മറ്റ് പ്രതികളും ചേര്‍ന്ന് ഗൂഢാലോചന നടത്തിയതും വിഷം വാങ്ങി കൊടുത്തതും തെളിവ് നശിപ്പിച്ചതും തമിഴ്‌നാട്ടിലാണ്. മരണം സംഭവിച്ചിരിക്കുന്നത് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും. കേസെടുത്തത് പാറാശാല പോലീസായിരുന്നു.

ഷാരോണ്‍ മരിച്ചത് തിരുവനന്തപുരം മെഡിക്കല്‍ കോളോജ് ആശുപത്രിയിലായതിനാല്‍ കേസ് കൈമാറേണ്ട ആവശ്യമില്ലെന്നാണു നിയമ വിദഗ്ധരുടെ അഭിപ്രായം.

 

Latest