sys
എസ് വൈ എസ് കേരള ഗ്രാമ സഞ്ചാരയാത്രക്ക് പത്തനംതിട്ടയില്‍ സ്വീകരണം നല്‍കി
സംസ്ഥാന നേതാക്കള്‍ ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് പഠിക്കുകയും സംവദിക്കുകയും ചെയ്തു.

പത്തനംതിട്ട | യുവജനങ്ങളുടെ നാട്ടുവര്‍ത്തമാനം എന്ന പ്രമേയത്തില്‍ എസ് വൈ എസ് സംസ്ഥാന സാരഥികള്‍ നടത്തുന്ന കേരള ഗ്രാമസഞ്ചാരത്തിന് ജില്ലയിലെ വിവിധ സോണ്‍ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. എസ് വൈ എസ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചാണ് യാത്ര സംഘടിപ്പിച്ചത്.
സംസ്ഥാന നേതാക്കള്‍ ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് പഠിക്കുകയും സംവദിക്കുകയും ചെയ്തു. മലയോര മേഖലയിലെ വന്യമൃഗശല്യം, കര്‍ക്ഷകരുടെ പട്ടയം, ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അപര്യാപ്തത, ജില്ലാ ആസ്ഥാന നഗരത്തിലെ ഗതാഗത കുരുക്ക്, അബാന്‍ പാലം നിര്‍മാണം, അടൂര്‍ സർക്കാർ ആശുപത്രിയിലെ ക്യാന്‍സര്‍ ചികിത്സാ കേന്ദ്രം ഇല്ലാത്തത് തുടങ്ങിയ പ്രശ്‌നങ്ങള്‍ ജില്ലയില്‍ നിലനില്‍ക്കുന്നതായി മനസ്സിലാക്കാന്‍ കഴിഞ്ഞതായി നേതാക്കള്‍ പറഞ്ഞു.
ഇതിന് സര്‍ക്കാര്‍ അടിയന്തരമായി പരിഹാരം കാണുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഡോ.വന്ദന ദാസിന്റെ കൊലപാതകത്തിന് അടക്കം കാരണമായ ലഹരി ഉപയോഗവും വിപണനവും തടയുന്നതിന് സര്‍ക്കാര്‍ ഓഡിനന്‍സ് കൊണ്ട് വരണമെന്നും എസ് വൈ എസ് സംസ്ഥാന നേതാക്കള്‍ പത്തനംതിട്ടയില്‍ ആവശ്യപ്പെട്ടു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഡോ.പി എ മുഹമ്മദ് ഫാറൂഖ് നഈമി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സലാഹുദ്ദീന്‍ മദനി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അബ്ദുല്‍ കലാം മാവൂര്‍, ശമീര്‍ എറിയാട്, എ പി മുഹമ്മദ് അഷ്ഹര്‍, സയ്യിദ് ബാഫഖ്‌റുദ്ദീന്‍ ബുഖാരി, റജൂബ്ഖാന്‍ ആദിക്കാട്ടുകുളങ്ങര സംസാരിച്ചു.