Connect with us

International

ഫൈസറിന്റെ പാര്‍ശ്വഫലമെന്ന് സംശയം; ന്യൂസിലന്‍ഡില്‍ യുവതി മരണപ്പെട്ടു

ഫൈസര്‍ വാക്‌സീനുമായി ബന്ധപ്പെട്ട് ആദ്യ മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

Published

|

Last Updated

വെല്ലിംഗ്ടണ്‍| ന്യൂസിലന്‍ഡില്‍ ഫൈസര്‍ വാക്‌സീന്‍ സ്വീകരിച്ച യുവതി മരണപ്പെട്ടതായി റിപ്പോര്‍ട്ട്. ഫൈസര്‍ വാക്‌സീനുമായി ബന്ധപ്പെട്ട് ആദ്യ മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഫൈസര്‍ വാക്‌സീന്‍ സ്വീകരിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് യുവതി മരിച്ചത്.

ഫൈസര്‍ വാക്‌സീന്‍ സ്വീകരിക്കുന്നവരില്‍ അത്യപൂര്‍വ്വമായി കണ്ടെത്തുന്ന മയോകാര്‍ഡൈറ്റിസ് ആണ് മരണകാരണമെന്ന് വാക്സീന്‍ സുരക്ഷാ നിരീക്ഷണ ബോര്‍ഡ് വിലയിരുത്തി. ഹ്യദയപേശികള്‍ക്ക് വീക്കം ഉണ്ടാവുകയും രക്തം പമ്പ് ചെയ്യുന്ന അളവ് താഴ്ന്ന് ഹൃദയമിടിപ്പില്‍ വ്യതിയാനം വരുകയും ചെയ്യുന്ന അവസ്ഥയാണ് മയോകാര്‍ഡൈറ്റിസ്.

വാക്‌സീന്റെ പാര്‍ശ്വഫലമായുണ്ടായ മയോകാര്‍ഡൈറ്റിസ് ആണ് യുവതിയുടെ മരണത്തിന് പ്രധാനകാരണമായി ആരോഗ്യ മന്ത്രാലയം വിലയിരുത്തുന്നത്. എന്നാല്‍ വാക്‌സീനെടുക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന മറ്റ് അസുഖങ്ങളുടെ സാന്നിധ്യം ചിലപ്പോള്‍ വാക്‌സീന്റെ ഫലത്തെ ബാധിച്ചേക്കാമെന്ന് വാക്‌സീന്‍ സുരക്ഷാ നിരീക്ഷണ ബോര്‍ഡ് അഭിപ്രായപ്പെട്ടു.

ഉന്നതാധികാര സമിതിക്ക് മുന്‍പാകെ കൂടുതല്‍ വിലയിരുത്തലുകള്‍ക്കായി കേസ് സമര്‍പ്പിച്ചിരിക്കുകയാണ്. ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് കൂടി ലഭ്യമായാല്‍ മാത്രമേ മരണ കാരണം സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂവെന്ന് ആരോഗ്യമന്ത്രാലയം ചൂണ്ടികാട്ടി. ഫൈസര്‍, ജാന്‍സെന്‍, ആസ്ട്രസെനെക്ക തുടങ്ങിയ വാക്സീനുകള്‍ക്ക് ന്യൂസിലന്‍ഡില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെങ്കിലും പൊതുജനങ്ങള്‍ക്ക് വിതരണത്തിന് അനുമതി ഫൈസറിന് മാത്രമാണ്.

Latest