Connect with us

uthra murder case

കേരളം നടുങ്ങിയ ഉത്ര വധക്കേസില്‍ പ്രതി സൂരജ് കുറ്റക്കാരന്‍

പെശാചികവും വിചിത്രവും ദാരുണവുമായ കൊലപാതകം: ശിക്ഷ പ്രഖ്യാപനം മറ്റെന്നാള്‍

Published

|

Last Updated

കൊല്ലം | സംസ്ഥാനം വലിയ തോതില്‍ ചര്‍ച്ച ചെയ്്ത, സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കൊല്ലം അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതി സൂരജ് കുറ്റക്കാരന്‍. ഭര്‍ത്താവായ സൂരജ് മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് ഉത്രയെ കടിപ്പിച്ച് കൊലപ്പെടുത്തിയ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസിനാണ് കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജ് എം മനോജാണ് വിധി പറഞ്ഞത്. 302 307, 328, 201 വപ്പുകള്‍ പ്രകാരമാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷ മറ്റെന്നാള്‍ വിധിക്കുമെന്ന് കോടതി അറിയിച്ചു. ഉത്രയുടെ കുടുംബാംഗങ്ങളും നാട്ടുകാരുമടങ്ങിയ വലിയ സംഘം വിധി കേള്‍ക്കാനായി കോടതിയിലെത്തിയിരുന്നു.

വിധി പറയുന്നതിന് മുമ്പ് ജഡ്ജ് സൂരജിനെ അടുത്ത് വിളിച്ച് എന്തെങ്കിലും പറയാനുണ്ടോയെന്ന് ചോദിച്ചിരുന്നു. എന്നാല്‍ ഒന്നും പറയാനില്ലെന്ന് നിര്‍വികാരനായി മറുപടി പറയുകയായിരുന്നു. പ്രതിയുടെ നടപടി പൈശാചികവും വിചിത്രവും ഭീകരവുമാണെന്ന് പ്രോസിക്യൂഷന്‍ അവസാന വാദത്തില്‍ കോടതിയില്‍ പറഞ്ഞു. പ്രതിക്ക് വധശിക്ഷ കൊടുക്കണമെന്ന് വിധി പറയുന്നതിന് മുമ്പായി പ്രോസിക്യൂഷന്‍ ജഡ്ജിയോട് ആവശ്യപ്പെട്ടു. സംഭവം കൊലപതാകമല്ലെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി ഇതിനെ പരിഗണിക്കരുതെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. പ്രതിക്ക് മാനസാന്തരമുണ്ടെന്നും ശിക്ഷ ഇളവ് നല്‍കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ പാമ്പ് കടിയേറ്റ് ഭാര്യ വദനകൊണ്ട് പുളയുമ്പോള്‍ അടുത്തൊരു കൊലപാതകത്തിന് ആസൂത്രണം നടത്തിയ പ്രതിക്ക് ഒരു മാനസാന്തരവും ഉണ്ടാകില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും അന്തിമവാദങ്ങള്‍  കേട്ടശേഷമാണ് വിധി പറഞ്ഞത്.

2020 മേയ് ഏഴിനാണ് അഞ്ചല്‍ ഏറം വെള്ളശേരില്‍ ഉത്ര(25)യെ സ്വന്തംവീട്ടില്‍ പാമ്പ് കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അറസ്റ്റിലായ ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജ് (27) ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെയാണ് വിസ്താരം പൂര്‍ത്തിയാക്കിയത്. ഒന്നര വര്‍ഷം കൊണ്ടാണ് അന്വേഷണവും കുറ്റപത്രം തയ്യാറാക്കലും വിചാരണ നടപടികളെല്ലാം പൂര്‍ത്തിയാക്കി കോടതി വിധി പറഞ്ഞത്. പാമ്പിനെ ഉപയോഗിച്ച് ഡെമ്മി പരിശോധനയടക്കം നടത്തിയാണ് പോലീസ് രാജ്യം തന്നെ ശ്രദ്ധിച്ച കേസില്‍ ശാസ്ത്രീയ അന്വേഷണം പൂര്‍ത്തിയാക്കിയത്.

ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനും വേണ്ടി പ്രതി പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. അത് സര്‍പ്പകോപമാണെന്ന് വരുത്തിത്തീര്‍ക്കാനും ശ്രമിച്ചു. കേസ് അത്യപൂര്‍വമാകുന്നത് കൊലപാതകം നടപ്പാക്കാനുള്ള പ്രതിയുടെ സമാനതകളില്ലാത്ത കുബുദ്ധിയും ഉപയോഗിച്ചത് പാമ്പ് എന്ന ആയുധവുമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. പ്രോസിക്യൂഷന്‍ ഭാഗത്തു നിന്ന് 87 സാക്ഷികളെയും 288 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രതിഭാഗം മൂന്ന് സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകളും തൊണ്ടിമുതലായി മൂന്ന് സി ഡി കളും ഹാജരാക്കുകയും ചെയ്തു.

വാദത്തിനിടയില്‍ ഡിജിറ്റല്‍ തെളിവുകള്‍ നേരിട്ട് പരിശോധിക്കേണ്ടതിനാല്‍ തുറന്ന കോടതിയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വാദം കേട്ടത്. സൂരജിന് പാമ്പുകളെ കൊടുത്തെന്ന് മൊഴി നല്‍കിയ ചാവര്‍കാവ് സുരേഷിനെ കേസില്‍ മാപ്പുസാക്ഷിയാക്കി. 2020 മാര്‍ച്ച് രണ്ടിന് ഉത്രയെ അണലിയെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. അത് പരാജയപ്പെട്ട് ഉത്ര ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ സൂരജ് അടുത്ത പദ്ധതി തയ്യാറാക്കി. തുടര്‍ന്ന് 2020 മേയ് ഏഴിന് മൂര്‍ഖനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഉത്രയെ രണ്ട് പ്രാവശ്യം പാമ്പ് കടിച്ചപ്പോഴും സൂരജ് മാത്രമാണ് കിടപ്പുമുറിയില്‍ ഉണ്ടായിരുന്നതെങ്കിലും എന്താണ് സംഭവിച്ചതെന്ന് കോടതിയില്‍ വിശദീകരിക്കാന്‍ തയ്യാറാകാത്തത് ഗൗരവമേറിയ സാഹചര്യമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. മൂര്‍ഖന്‍ പാമ്പിന് ഉത്ര കിടന്നമുറിയില്‍ കയറാനുള്ള പഴുതുകള്‍ ഇല്ലായിരുന്നെന്നും ജനല്‍ വഴി കയറാനുള്ള സാധ്യത ഇല്ലെന്നും വിദഗ്ധ സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. ഉത്രയെ അണലിയെക്കൊണ്ടും മൂര്‍ഖനെക്കൊണ്ടും കടിപ്പിക്കുന്നതിന് മുമ്പ് പലതവണ സൂരജ് ഇന്റര്‍നെറ്റില്‍ പാമ്പുകളെക്കുറിച്ച് തിരഞ്ഞതായി പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. പാമ്പിന്റെ തലയില്‍ അമര്‍ത്തിപ്പിടിച്ച് വിഷം പുറത്തു വരുത്തിച്ചാണ് കൊലപ്പെടുത്തിയതെന്ന് തെളിയിക്കാന്‍ ഡമ്മി പരീക്ഷണം നടത്തിയതിന്റെ തെളിവുകളും ഹാജരാക്കിയിരുന്നു. 87 സാക്ഷികളേയും 40 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കാടതിയില്‍ ഹാജരാക്കിയിരുന്നു.
വിധി പറഞ്ഞ കോടതിക്ക് മുമ്പില്‍ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയത്. എ സി പി. ഡി ജി വിജയകുമാറിന്റെ നേതൃത്വത്തില്‍ നൂറോളം പോലീസുകാര്‍ കോടതി വളപ്പിലുണ്ടായിരുന്നു.

 

Latest