Kerala
എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥിനിയുടെ ആത്മഹത്യ; യുവാവ് ശല്യം ചെയ്തെന്ന് പിതാവ്
ഒപ്പം ഇറങ്ങി വന്നില്ലെങ്കിൽ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും പിതാവ് പറഞ്ഞു.

തിരുവനന്തപുരം | എസ് എസ് എൽ സിയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവം പുതിയ വഴിത്തിരിവിലേക്ക്. മകൾ രാഖിശ്രീയെ ഒരു യുവാവ് ശല്യം ചെയ്തിരുന്നെന്ന് പിതാവ് പറഞ്ഞു. ചിറയിൻകീഴ് പുളിമൂട്ട് കടവ് സ്വദേശിയായ 28കാരൻ മകളെ നിരന്തരം ശല്യം ചെയ്തുവെന്നും ഒപ്പം ഇറങ്ങി വന്നില്ലെങ്കിൽ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും പിതാവ് പറഞ്ഞു.
ഈ മാസം 16ന് ബസ് സ്റ്റോപ്പിൽ വച്ച് രാഖിശ്രീയെ ഇയാൾ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയിരുന്നു. ആറ് മാസം മുമ്പ് ഒരുക്യാമ്പിൽ വച്ചാണ് ഇയാളെ പരിചയപ്പെട്ടത്. പിന്നീട് ഇയാൾ കുട്ടിക്ക് മൊബൈൽ ഫോൺ നൽകി. തന്നോടൊപ്പം വന്നില്ലിങ്കിൽ വച്ചേക്കില്ലെന്നും ജീവിക്കാൻ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തിയതായും പിതാവ് പറഞ്ഞു. ഭീഷണിക്കത്തുകളും നൽകി.
കഴിഞ്ഞ ദിവസമാണ് രാഖിശ്രീയെ വീട്ടിലെ ശുചി മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം ചിറയിന്‍കീഴ് ശാർക്കര ശ്രീശാരദവിലാസം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു രാഖിശ്രീ ആർ എസ് (ദേവു-15). കൂന്തള്ളൂർ പനച്ചുവിളാകം രാജീവ് – ശ്രീവിദ്യ ദമ്പതികളുടെ മകളാണ്.