Connect with us

Health

അമിതവണ്ണമുള്ള ചിലര്‍ക്ക് മലാശയ സംബന്ധമായ കാന്‍സര്‍ വരാന്‍ സാധ്യതയെന്ന് പഠനം

അമേരിക്കയില്‍ നിന്നുള്ള ഒന്നരലക്ഷത്തിലധികം ആളുകളെ പങ്കെടുപ്പിച്ചാണ് പഠനം നടത്തിയത്.

Published

|

Last Updated

ന്യൂഡല്‍ഹി| ഓരോ വ്യക്തിയുടെയും ഉയരവും തൂക്കവും വ്യത്യസ്തമാണ്. ഉയരത്തിനുസരിച്ചുള്ള തൂക്കം നിലനിര്‍ത്തുന്നതാണ് ഏറ്റവും അഭികാമ്യമെന്നാണ് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ഇന്നത്തെ കാലത്ത് മിതമായ വണ്ണമുള്ള എത്രയോ ആളുകള്‍ക്ക് പലതരത്തിലുള്ള അസുഖങ്ങള്‍ ഉണ്ടാകുന്നു. അമിതവണ്ണമുള്ളവരില്‍ ഒരു വിഭാഗം പേരില്‍ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കും അസുഖങ്ങള്‍ക്കുമുള്ള സാധ്യത കൂടുതലാണ്. അനാരോഗ്യകരമായ രീതിയില്‍ ശരീരത്തില്‍ കൊഴുപ്പ് അടിയാനും അതുമൂലം പല തരത്തിലുള്ള അസുഖങ്ങളിലേക്കുമെത്താന്‍ ഒരു വിഭാഗം പേരില്‍ സാധ്യത കൂടുതലാണെന്നാണ് വിദഗ്ദര്‍ പറയുന്നത്.

ചെറുപ്രായത്തില്‍ മിതമായ വണ്ണമുള്ള ഒരാള്‍ പെട്ടെന്ന് അമിതവണ്ണം വെക്കുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തില്‍ അമിതവണ്ണമുള്ള ഒരു വിഭാഗം ആളുകള്‍ക്ക് മലാശയ സംബന്ധമായ കാന്‍സറിന് സാധ്യതയുണ്ടെന്നാണ് ഓക്സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍ നടത്തിയ പഠനം വ്യക്തമാക്കുന്നത്. അമിതവണ്ണമുള്ള ചിലരില്‍ മലാശയത്തിലോ അനുബന്ധ ഭാഗങ്ങളിലോ അപകടകാരിയല്ലാത്ത മുഴയോ വളര്‍ച്ചയോ വന്നേക്കാമെന്നും ഇത് ഭാവിയില്‍ മലാശയ സംബന്ധമായ അര്‍ബദുത്തിലേക്ക് വഴിയൊരുക്കാമെന്നുമാണ് പഠനം പറയുന്നത്. 46 ശതമാനത്തോളമാണ് ഈ സാധ്യതയെന്നാണ് പഠനം അവകാശപ്പെടുന്നത്.

അമേരിക്കയില്‍ നിന്നുള്ള ഒന്നരലക്ഷത്തിലധികം ആളുകളെ പങ്കെടുപ്പിച്ചാണ് പഠനം നടത്തിയത്. ആഗോളതലത്തില്‍ അമിതവണ്ണം കാര്യമായ ഭീഷണിയായി ഉയരുകയാണ്. ഹൃദ്രോഗം പോലുള്ള മാരകമായ രോഗങ്ങളിലേക്ക് വരെ നയിക്കാവുന്ന ‘ലൈഫ്സ്‌റ്റൈല്‍’ പ്രശ്നമായാണ് അമിതവണ്ണത്തെ ആരോഗ്യ വിദഗ്ധര്‍ കണക്കാക്കുന്നത്. ശരീരത്തില്‍ വന്നടിയുന്ന അധിക കൊഴുപ്പാണ് അടിസ്ഥാനപരമായി എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. ജീവിതരീതികളാണ് വണ്ണം കൂടാനുള്ള പ്രധാനകാരണം. ഇത്തരക്കാര്‍ ആരോഗ്യകരമായ ഡയറ്റിലൂടെയും വ്യായാമത്തിലൂടെയും വണ്ണം കുറയ്ക്കുന്നതാണ് ഉത്തമമെന്ന് വിദഗ്ധര്‍ പറയുന്നു.

 

 

 

---- facebook comment plugin here -----

Latest