Connect with us

interview

കഥയെഴുത്ത് സന്തോഷപ്പണിയല്ല

കഥയിൽ പറയുന്ന രാഷ്ട്രീയ സാഹചര്യം അതിനേക്കാൾ ഭീകരവും ഭയപ്പെടുത്തുന്നതുമായ രീതിയിലേക്ക് ഇന്ന് മാറിക്കഴിഞ്ഞിട്ടുണ്ട്. പി വി ഷാജി കുമാറുമായി നടത്തിയ അഭിമുഖം

Published

|

Last Updated

? താങ്കൾ എഴുത്തുകാരനായ കഥ പറയാമോ? ഒപ്പം, കുട്ടിക്കാലത്തെ വായനാനുഭവങ്ങൾ…ഓർമകൾ…
കഥയിലും സാഹിത്യത്തിലും താത്പര്യം തോന്നാൻ പ്രധാന കാരണം നാട്ടിലുള്ള തിക്കാം കോട്ട് ഗ്രാമീണ വായനശാലയാണ്. അവിടെ നിന്നെടുത്തു വായിച്ചിരുന്ന പുസ്തകങ്ങളാണ് എന്നെ ഒരെഴുത്തുകാരനാക്കിയത്. അവിടെയൊരു ലൈബ്രേറിയനുണ്ടായിരുന്നു. മുരളിയേട്ടൻ. മരിച്ചു പോയി. അദ്ദേഹം എഡിറ്ററായി പുറത്തിറക്കിയിരുന്ന മുഖം കൈയെഴുത്തു മാസിക വളരെ മനോഹരമായിരുന്നു. മുരളിയേട്ടന്റെ കൈയക്ഷരവും സതീഷേട്ടന്റെ ചിത്രംവരയും മുഖത്തെ കൂടുതൽ ആകർഷകമാക്കിയിരുന്നു. നാട്ടിൽ പലരും അതിൽ എഴുതിയിരുന്നു. അങ്ങനെയാണ് ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഞാനാദ്യമായി “പോക്കറ്റടിക്കാരൻ’ എന്ന പേരിൽ ഒരു കഥ എഴുതി മുഖം മാസികയുടെ ബോക്സിൽ ഇടുന്നത്. കഥ വന്നു. കഥ എഴുതി എന്നതിനപ്പുറം കഥ നിർമിച്ചു എന്ന് അന്നതിനെ പറയാനാണ് ഞാൻ ആഗ്രഹിച്ചത്. പുതിയ മുഖത്തിൽ ഷാജിയുടെ കഥയുണ്ടെന്ന് ആളുകൾ പറയുന്നതു കേട്ടപ്പോൾ ഭയങ്കരമായ സന്തോഷവും അഭിമാനവും തോന്നി. എഴുത്തിന് ഇങ്ങനെ ചില സൗഭാഗ്യങ്ങളുണ്ടെന്ന തോന്നലിൽ നിന്നു കൂടിയാണ് ഞാനെന്ന എഴുത്തുകാരനുണ്ടാകുന്നത്. മുഖം മൂന്ന് ലക്കമിറങ്ങി വീരചരമം പ്രാപിച്ചു.

? സക്കറിയയുടെ ഒരു കഥ വായിച്ചാൽ അന്നു തന്നെ എനിക്കും ഒരു കഥയെഴുതാൻ തോന്നുമെന്ന് പുനത്തിൽ കുഞ്ഞബ്ദുല്ല മുമ്പ് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. താങ്കൾക്കങ്ങനെ ആരെയെങ്കിലും വായിച്ചു കഥ എഴുതാൻ തോന്നിയിട്ടുണ്ടോ? കഥയിൽ സ്വയം പുതുക്കിക്കൊണ്ടിരിക്കുന്ന / ഭാഷയെ നവീകരിച്ചു കൊണ്ടിരിക്കുന്ന എഴുത്തുകാരനാണ് സക്കറിയ എന്നു തോന്നിയിട്ടുണ്ടോ ?
സക്കറിയയുടെ കഥകൾ വലിയ ഇഷ്ടമാണ്. മാത്രമല്ല. മിലൻ കുന്ദേര, ഗബ്രിയൽ ഗാർഷ്യ മാർക്കേസ്, ചെക്കോവ്, തോമസ് മെൻ മലയാളത്തിലാണെങ്കിൽ ഉറൂബ്, എം പി നാരായണപ്പിള്ള, പുനത്തിൽ അങ്ങനെ നിരവധി എഴുത്തുകാരെ വായിച്ച് അത്ഭുതപ്പെട്ടിട്ടുണ്ട്. അവരെഴുതുന്ന പോലെ ഒരു കഥയെങ്കിലും എഴുതാൻ ആഗ്രഹിച്ചിട്ടുണ്ട്. അത് സ്വാഭാവികമാണ്. മറ്റുള്ള എഴുത്തുകാരുടെ ആശയ ഗാംഭീര്യവും കഥാപരമായ വ്യത്യസ്തതയും ആഖ്യാന രീതിയും അത് മുന്നോട്ടുവെക്കുന്ന രചനാത്മകതയും അതിൽ അടങ്ങിയിരിക്കുന്ന ജീവിതത്തിന്റെ വേറിട്ട വഴി വെട്ടലും എല്ലാം നോക്കിക്കൊണ്ടു തന്നെ ഇങ്ങനെ എനിക്കും എഴുതാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്ന ഞാനടക്കമുള്ള ഒരുപാട് എഴുത്തുകാരിവിടെയുണ്ട്.
ടി വി കൊച്ചുബാവ, എം പ്രഭാകരൻ, അശോകൻ ചരുവിൽ പുതിയ കാലത്ത് സന്തോഷ് ഏച്ചിക്കാനം, ഉണ്ണി ആർ, സുഭാഷ് ചന്ദ്രൻ, കെ ആർ മീര, എസ് ഹരീഷ്, വിനോയ് തോമസ്, വി എം ദേവദാസ് തുടങ്ങിയവരുടെയും രചനകൾ താത്പര്യത്തോടെയും സ്നേഹത്തോടെയുമാണ് വായിക്കുന്നത്. കഥയിൽ ഭാഷയെ നവീകരിച്ചുകൊണ്ടിരിക്കുന്ന എഴുത്തുകാരനാണ് സക്കറിയ.

? സമകാലികരായ എഴുത്തുകാരിൽ എസ് ഹരീഷും വിനോയ് തോമസും ഏച്ചിക്കാനവും ഉണ്ണി ആറും തിരക്കഥാ രംഗത്ത് സജീവമാണിന്ന്. കഥയെഴുതുമ്പോൾ കിട്ടുന്ന സന്തോഷം താങ്കൾക്ക് സിനിമ എഴുതുമ്പോൾ കിട്ടുന്നുണ്ടോ?
കഥയെഴുത്ത് എന്നെ സംബന്ധിച്ചിടത്തോളം അസ്വസ്ഥതയുടെയും അപകർഷതയുടെയും അശാന്തമായ നിലവിളികളുടെയും നടുവിൽ പെട്ടുപോയ സംഘർഷങ്ങളുടെ കടലാണ്. കഥയുടെ കടലിൽ ഒരു മരത്തടിയോ ചങ്ങാടമോ കിട്ടാതെ, കരകയറാനാകാതെ ഞാനിപ്പോഴും കൈകാലുകളിട്ടടിക്കുകയാണ്. അതുകൊണ്ടു തന്നെ കഥയെഴുത്ത് എനിക്കൊരിക്കലും സന്തോഷപ്പണിയല്ല. അതേസമയം, കഥ എഴുതുന്ന സമയത്ത് ഞാനനുഭവിക്കുന്ന സർഗാത്മകതയുടെ, ഒറ്റയാക്കപ്പെടുന്നതിലെ ഒരു സ്വാതന്ത്ര്യം ഞാൻ ആസ്വദിക്കുന്നുമുണ്ട്. ആ സ്വാതന്ത്ര്യം എന്നു പറയുന്നത് എഴുതുന്ന ആളും അവിടേക്കു വരുന്ന കഥാപാത്രങ്ങളും കഥാപരിസരവും ഇഴകിച്ചേരുന്ന വളരെ ആഴത്തിലുള്ള ബാന്ധവത്തിൽ നിന്നുണ്ടാകുന്ന സ്വാതന്ത്ര്യമാണ്. അവിടേക്ക് മറ്റൊരാൾക്ക് പ്രവേശനമില്ല. എന്നാൽ, സിനിമയിൽ എനിക്കൊരിക്കലും ഈ പറഞ്ഞ സർഗാത്മകതയുടെ സ്വാതന്ത്ര്യം അനുഭവിക്കാനായിട്ടില്ല. സിനിമ വേറൊരു ലോകമാണ്.
കഥയിൽ നിന്ന് സിനിമയിലേക്ക് മാറുമ്പോൾ നമുക്ക് പറയാനുള്ള കാര്യങ്ങർക്ക് കുറേകൂടി സ്പെയ്സ് കിട്ടും എന്നതല്ലാതെ കഥയെഴുതുമ്പോൾ കിട്ടുന്ന സംതൃപ്തിയും സന്തോഷവും എനിക്കിതുവരെ തിരക്കഥ എഴുതുമ്പോൾ കിട്ടിയിട്ടില്ല.

? താങ്കളുടെ “സ്ഥലം’ എന്ന കഥ പ്രസിദ്ധീകരിച്ചു വന്നിട്ടിപ്പോ അഞ്ച് വർഷമായില്ലേ…? ഏറെ ചർച്ച ചെയ്യപ്പെട്ട ഈ കഥയുടെ രചനാനുഭവങ്ങൾ എന്തൊക്കെയാണ്? വർഗീയതയുടെയും അന്ധമായ ദേശീയതയുടെയും കീഴിൽ സമകാലിക ഇന്ത്യൻ ജീവിതം ചുരുക്കപ്പെടുന്നതിന്റെ ആശങ്ക കൂടുതൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലത്ത് എന്റെ സ്ഥലം എന്ന കഥക്ക് കൂടുതൽ പ്രസക്തി ഉണ്ടെന്നാണ് വിചാരിക്കുന്നത്.
കഥയിൽ പറയുന്ന രാഷ്ട്രീയ സാഹചര്യം അതിനേക്കാൾ ഭീകരവും ഭയപ്പെടുത്തുന്നതുമായ രീതിയിലേക്ക് ഇന്ന് മാറിക്കഴിഞ്ഞിട്ടുണ്ട്. അതിന്റെ സമീപകാല ഉദാഹരണമാണ് ഇന്ത്യ-പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ തോറ്റ സമയത്ത് ഇന്ത്യക്കു വേണ്ടി ബൗൾ ചെയ്ത മുഹമ്മദ് ഷമി എന്ന കളിക്കാരനെതിരെ സോഷ്യൽ മീഡിയയിലും അല്ലാതെയും വളരെ വൃത്തികെട്ട രീതിയിൽ അസഭ്യങ്ങൾ വിളിച്ചു പറയാൻ സംഘ്പരിവാറിന്റെ ഹൈന്ദവ വർഗീയത കൊണ്ടുനടക്കുന്ന ഒരാൾക്കൂട്ടം മുന്നോട്ടു വന്നപ്പോൾ കാണാനായത്. മുമ്പൊന്നും ഇങ്ങനെ സംഭവിച്ചിരുന്നില്ല. അന്നൊക്കെ കളിയെ കളിയായി കാണാനും രാഷ്ട്രീയത്തെ രാഷ്ട്രീയമായി കാണാനുമുള്ള മാനവികമായിട്ടുള്ള എല്ലാ വിശാലതയും വൈപുല്യവും നമുക്കിടയിലുണ്ടായിരുന്നു. എന്നാലിന്ന് സ്ഥിതി ആശങ്കപ്പെടുത്തുന്നതാണ്. മുഹമ്മദ് ഷമിയെ അനുകൂലിച്ച കോഹ്‌ലിയെ തെറി പറയാനും അദ്ദേഹത്തിന്റെ മൂന്ന് വയസ്സുകാരിയെ വ്യഭിചാരി എന്നു വിളിക്കാനും ജനാധിപത്യ ഇന്ത്യയിലെ മനുഷ്യർ തയ്യാറാകുന്നു എന്നതും വേദനാജനകമാണ്.
ഭരണകൂടത്തിന്റെ അരാഷ്ട്രീയതക്കെതിരെ, പൊള്ളത്തരങ്ങൾക്കെതിരെ, മത വർഗീയതക്കെതിരെ പ്രതികരിക്കുന്നവർ, അതല്ലെങ്കിൽ ഭരണകൂടത്തിന്റെ കാപട്യങ്ങളെ, ജനവിരുദ്ധ നയങ്ങളെ തുറന്നു കാണിക്കുന്നവരൊക്കെ പാക്കിസ്ഥാനിലേക്ക് പോകാൻ കൽപ്പിക്കപ്പെടുന്ന സമകാലീന ഇന്ത്യനവസ്ഥയിൽ പാക്കിസ്ഥാനിലേക്ക് സ്ഥലം അന്വേഷിച്ചു പോകേണ്ടി വന്ന രമേശൻ എന്ന കഥാപാത്രത്തിന്റെ ജീവിതമാണ് “സ്ഥലം’ എന്ന കഥയിലൂടെ പറയാൻ ഞാൻ ശ്രമിച്ചിട്ടുള്ളത്. കഥയിലെ രമേശന്റെ ജീവിതം ഇനിയും കൂടുതൽ പ്രസക്തമായിരിക്കുമെന്നു തന്നെ ഞാൻ വിശ്വസിക്കുന്നു.

Latest