Connect with us

Prathivaram

കഥകൾക്ക് അഡിക്റ്റാഡാ...

എല്ലാ മനുഷ്യരും മനുഷ്യരാണ്. അവർ പരസ്പരം ആത്മാർഥമായി സംവദിക്കണം. എല്ലാവരും എല്ലാവരേയും അറിയണം. അത്തരത്തിൽ അറിയുക എന്ന പ്രവർത്തനത്തിന് വലിയ പ്രസക്തിയുണ്ട്. ആ അറിവാണ് പിന്നെ ശബ്ദമായി ഉയരുക. അവിടെ അതിർവരമ്പുകൾ ഉണ്ടാകില്ല. ശരിക്ക് ബഷീറിയൻ സങ്കൽപ്പമാണ് കിടിലൻ ആശയം. ഭൂമിയിൽ എല്ലാവർക്കും തുല്യ അവകാശമാണ്. ആ ബോധത്തോടെ ജീവിക്കാനാണ് ശ്രമിക്കേണ്ടത്.... എഴുത്തുകാരൻ അജിജേഷ് പച്ചാട്ട് സംവദിക്കുന്നു.

Published

|

Last Updated

? എഴുത്തിന്റെ തുടക്കം എങ്ങനെയായിരുന്നു.വീട്ടിൽ ആരെങ്കിലും വായനക്കാരായി ഉണ്ടായിരുന്നോ? അക്കാലത്തൊക്കെ കൈയിൽ കിട്ടിയതെന്തും വായിക്കുന്ന ശീലമാണല്ലോ ഉണ്ടാവുക. പിന്നീടെപ്പോഴാണ് പുസ്തകങ്ങളെ ഗൗരവമായി കണ്ട് വകതിരിവുള്ള ഒരു വായന തുടങ്ങുന്നത്

അങ്ങനെ തികവുറ്റ വായനാ പരിസരമുള്ള അന്തരീക്ഷമായിരുന്നില്ല ഞങ്ങളുടെ വീട് എന്നു പറയാം. അമ്മ കുറേശ്ശെ വായിക്കുമായിരുന്നു. അമ്മ വായിക്കുന്ന പുസ്തകങ്ങളിൽ നിന്നായിരുന്നു എന്റെ വായനയുടെ തുടക്കം എന്നു പറയാം. അക്കാലത്ത് മാത്രമല്ല, എന്നും കൈയിൽ കിട്ടിയത് വായിക്കാൻ ഒരാർത്തിയാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കടുത്തുള്ള പീടികയിൽ നിന്നും ആനുകാലികങ്ങൾ വാങ്ങി തൊട്ടപ്പുറത്തെ പാലച്ചുവട്ടിലേക്ക് മാറിനിന്ന് നിന്ന നിൽപ്പിൽ തന്നെ കഥകൾ വായിക്കുന്ന സ്വഭാവം ഇപ്പോഴുമുണ്ട്. അതൊരു ക്രെയ്സ് ആയിപ്പോയി. പുസ്തകങ്ങളെ ഗൗരവമായി കണ്ടു തുടങ്ങിയത് ക്യാമ്പുകളിൽ പങ്കെടുത്ത ശേഷമാണ്. അവിടെ വെച്ചാണ് അതുവരെ വായിച്ചതിനപ്പുറത്ത് മറ്റൊരു ലോകമുണ്ടെന്ന് മനസ്സിലായത്. നമുക്ക് മുമ്പേ പോയ എഴുത്തുകാരുടെ അടയാളപ്പെടുത്തലുകളിലേക്ക് എന്നെ എത്തിച്ചത് അന്നത്തെ സാഹിത്യ ക്യാമ്പുകളും അതിലെ ക്ലാസ്സുകളുമായിരുന്നു.

? പച്ചാട്ടിന് എന്താണ് കഥ? അതല്ലെങ്കിൽ താങ്കളുടെ കാഴ്ചപ്പാടിൽ എന്താണ് സാഹിത്യം

എന്താണ് കഥ എന്നു ചോദിച്ചാൽ അത് ജീവിതത്തിന്റെ അത്രയും പ്രാധാന്യമുള്ള ഒന്നാണെന്ന് പറയും. ശരിക്കും ഞാൻ കഥയുടെ അടിമയാണ്. അത് എന്റെ മാത്രമല്ല എല്ലാവരുടെയും. കഥകൾ വായിക്കാനും അനുഭവിക്കാനും എഴുതാനുമൊക്കെ ഒരു തരം ഊർജമാണ്. അബിൻ ജോസഫുമായി സംസാരിക്കുമ്പോൾ ചിലപ്പോൾ ഞാൻ പറയും “എടാ ഞാൻ ശരിക്കും അഡിക്റ്റാഡാ ‘ എന്ന്. “വലിയും കുടിയുമില്ലാത്ത നീ എന്ത് കോപ്പിനാണ് അഡിക്റ്റെ’ന്ന് അവൻ തിരിച്ചു ചോദിക്കും. ഞാൻ കഥകൾക്ക് അഡിക്റ്റാഡാ എന്നു പറയും. ഒരു തെറി പറഞ്ഞ് അവൻ ആ സംഭാഷണം അവസാനിപ്പിക്കും. അവൻ സെലക്ടീവായിട്ടേ വായിക്കൂ. ഞാനാണേൽ നേരെ തിരിച്ചും. ശരിക്കും സ്വയം ചോദിച്ചിട്ടുണ്ട് എനിക്ക് എന്താണ് കഥ എന്ന്… സത്യത്തിൽ ജീവിതം തന്നെയാണ് കഥ. അതിലെ ഊർജമാണ് കഥ. അത് ഒരു പക്ഷേ ജൈവികമായിരിക്കാം അതല്ലെങ്കിൽ പൊളിറ്റിക്കൽ ആയിരിക്കാം.

? പ്രസിദ്ധീകരിച്ച ആദ്യ കഥ ? അതിന്റെ രചനാ പശ്ചാത്തലം വിശദമാക്കുമ്പോൾ തന്നെ താങ്കൾ എഴുതിത്തെളിഞ്ഞ ലിറ്റിൽ മാഗസിനുകളുമായുള്ള ബന്ധം കൂടി വിശദമാക്കാമോ?

വലിയ കഥ എന്ന രീതിയിൽ ആദ്യം പ്രസിദ്ധീകരിച്ചു വന്നത് തീവ്രശാപം എന്ന കഥയാണ്. മദ്യപാനിയായ ഒരു മനുഷ്യന്റെ കഥയായിരുന്നു അതിൽ പറയാൻ ശ്രമിച്ചത്. മദ്യപിച്ച് മദ്യപിച്ച് ഒന്നും ബാക്കിയില്ലാതെയാവുമ്പോൾ പണ്ടെങ്ങോ അടക്കം ചെയ്ത അമ്മയുടെ കുഴിമാടത്തിലെ സ്വർണം കണ്ടെടുക്കാൻ ശ്രമിക്കുന്ന ഒരാളുടെ കഥ എന്നാണ് ഓർമ. അതിന് മുമ്പ് മിനിക്കഥകൾ പല പ്രസിദ്ധീകരണങ്ങളിലും ലിറ്റിൽ മാഗസിനുകളിലും വന്നിരുന്നു. ഞാൻ എഴുതിത്തുടങ്ങുമ്പോൾ ലിറ്റിൽ മാഗസിനുകളുടെ കാലമായിരുന്നു. സത്യത്തിൽ അന്നൊക്കെ എഴുതിത്തുടങ്ങുന്നവർക്ക് ലിറ്റിൽ മാഗസിനുകൾ വലിയ പ്രചോദനമായിരുന്നു. പാലക്കാട് നിന്നും മഞ്ചേരിയിൽ നിന്നും സഹൃദയ, കാളികാവിൽ നിന്നും കാഴ്ച, പേരാമ്പ്രയിൽ നിന്നും ഒച്ച, തിരൂരിൽ നിന്നും വെട്ടം, നിലമ്പൂരിൽ നിന്നും ലിറ്റിൽ മാഗസിൻ, എറണാകുളത്തു നിന്നും മിതമാത്രം… അങ്ങനെ ഒരുപാട് ലിറ്റിൽ മാഗസിനുകൾ. ഇവയുടെ ലിസ്റ്റ് ഇനിയും നീളും. പിന്നെ പുഴ.കോം, ചിന്ത തർജ്ജിനി പോലുള്ള ഒൺലൈൻ മാഗസിനുകൾ. ഇവയിലൊക്കെ ചെറിയ കഥകൾ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്.

? ബഷീറും തകഴിയും കാരൂരും ഉറൂബും എം ടിയും എൻ പിയുമടങ്ങുന്ന പഴയ തലമുറ കാത്തുസൂക്ഷിച്ച എഴുത്തു കൂട്ടായ്മകളും സൗഹൃദ ബന്ധങ്ങളും പുതിയ തലമുറയിൽ അപൂർവമാണല്ലോ. അജിജേഷിനെ പോലെ ചുരുക്കം എഴുത്തുകാർ മാത്രമാണ് ഇക്കാലത്ത് സഹ എഴുത്തുകാരുമായി സൗഹൃദം സ്ഥാപിക്കുന്നതെന്നു പറഞ്ഞാൽ

തീർച്ചയായിട്ടും പുതിയ തലമുറയിലെ എഴുത്തുകാർ പരസ്പരം വായിക്കുകയും അഭിപ്രായം പറയുകയുമൊക്കെ ചെയ്യുന്നുണ്ട് എന്നു തന്നെയാണ് തോന്നിയിട്ടുള്ളത്. പഴയ കാലത്തെ വെച്ചു നോക്കുമ്പോഴുള്ള അളവിന്റെ കാര്യം അറിയില്ല. ഞാനും അങ്ങനെയൊക്കെത്തന്നെയാണ്. വൈവിധ്യങ്ങളിലൂടെയല്ലേ നമ്മൾ ജീവിക്കുന്നത്. കേവലം ഒരു മനുഷ്യന് ഈ വൈവിധ്യം എന്നു പറയുന്നത് ഒരു പരിമിതിയാണ്. അയാൾക്ക് അയാൾ ജീവിച്ച പരിസരമോ അനുഭവങ്ങളോ കാഴ്ചകളോ കേൾവികളോ ഒക്കെയാണല്ലോ പകർത്താനാകുക. നമ്മൾ കണ്ടതോ കേട്ടതോ അനുഭവിച്ചതോ ആയ അളവിനേക്കാൾ എത്രയോ ഇരട്ടിയാണ് നമ്മൾ അറിയാത്തത്. തത്കാലം പരിമിതി മറയ്ക്കാൻ നമുക്ക് ഇമാജിനേഷൻ എന്ന പ്രവർത്തനത്തെ കൂട്ടുപിടിക്കാം. പക്ഷേ അതിനും പരിമിതിയുണ്ട്. കാരണം, തലച്ചോറിന്റെ വളരെ ഒരു ചെറിയ ഭാഗമേ നമ്മൾ വിനിയോഗിക്കുന്നുള്ളൂ. പിന്നെ അറിയാനുള്ള വഴി സഹജീവികളിലൂടെയാണ്. ബന്ധങ്ങളിലൂടെയും സൗഹൃദങ്ങളിലൂടെയും അത് സാധ്യമാകുന്നുണ്ട്. വായന എന്നത് അത്തരത്തിലുള്ള ഒരു സാധ്യതയാണ്. അപ്പോൾ പിന്നെ വായിക്കാതിരിക്കുമോ? അറിയാനുള്ള ആർത്തി കൊണ്ടാണ് വായിക്കുന്നത്. അവർ കടന്നുപോകുന്ന, നമുക്ക് പോകാൻ കഴിയാത്ത ഇടങ്ങളിലൂടെയുള്ള സഞ്ചാരം. രസമാണ് അത്. അത് പുതിയ തലമുറ കൃത്യമായി ചെയ്യുന്നുണ്ട് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. തൊട്ടുമുമ്പ് കടന്നുപോയ കഥാകൃത്തുക്കളിൽ ഒരാൾ ഒരിക്കൽ പറഞ്ഞത് കൗതുകത്തോടെ ഓർക്കുകയാണ് ഇപ്പോൾ. അദ്ദേഹം ആരേയും വായിക്കാറില്ല എന്ന്. സത്യത്തിൽ ആ അഭിപ്രായം എന്നെ ഞെട്ടിച്ചിരുന്നു. സത്യമായിരിക്കാം. അങ്ങനെയും കഥയെഴുതാൻ കഴിയുമായിരിക്കും ചിലപ്പോൾ.

? സാഹിത്യം മനുഷ്യ പക്ഷത്താണ് നിലകൊള്ളേണ്ടത്. എന്നാലിപ്പോൾ ചില വേർതിരിവുകൾ സജീവമായി നടക്കുന്നുണ്ട്. ദളിതെഴുത്ത്, പെണ്ണെഴുത്ത്, ഭിന്ന ലൈംഗികത തുടങ്ങിയ വേർതിരിവുകളെ താങ്കളെങ്ങനെ കാണുന്നു

ഞാൻ പറയുക, ആർട്ട് എന്നത് അങ്ങനെ വേർതിരിവുകൾ വെച്ച് കാണേണ്ട ഒന്നല്ല എന്ന് തന്നെയാണ്. ഇനി അഥവാ അങ്ങനെ കണ്ടാലും കുറ്റം പറയാനുമില്ല. നമ്മൾ എല്ലാവരെ കുറിച്ചും വ്യകുലപ്പെടണം. എല്ലാവരെയും അടയാളപ്പെടുത്തണം. ഒരു പക്ഷേ അരികുവത്കരിക്കപ്പെടുകയാണ് എന്ന് തോന്നുന്നവരായിരിക്കും ഇതിൽ കൂടുതൽ അടയാളപ്പെടുക. തീർച്ചയായും അവർ ചർച്ചയിൽ വരുക തന്നെ വേണം. എന്നു കരുതി ഓരോ കോളം എന്നതിനോട് യോജിപ്പില്ല. മനുഷ്യരുടെ കഥയാണ് നമ്മൾ പറയുക. അവരുടെ പ്രശ്നങ്ങളാണ് ചർച്ച ചെയ്യുക. എല്ലാ മനുഷ്യരും മനുഷ്യരാണ്. അവർ പരസ്പരം ആത്മാർഥമായി സംവദിക്കണം. എല്ലാവരും എല്ലാവരേയും അറിയണം. അത്തരത്തിൽ അറിയുക എന്ന പ്രവർത്തനത്തിന് വലിയ പ്രസക്തിയുണ്ട്. ആ അറിവാണ് പിന്നെ ശബ്ദമായി ഉയരുക. അവിടെ അതിർവരമ്പുകൾ ഉണ്ടാകില്ല. ശരിക്ക് ബഷീറിയൻ സങ്കൽപ്പമാണ് കിടിലൻ ആശയം. ഭൂമിയിൽ എല്ലാവർക്കും തുല്യ അവകാശമാണ്. ആ ബോധത്തോടെ ജീവിക്കാനാണ് ശ്രമിക്കേണ്ടത്.

 

അജിജേഷ് പച്ചാട്ട്/
സജിത് കെ കൊടക്കാട്ട്
sajithkkodakkatt@gmail.com