Connect with us

Articles

വിശക്കുന്ന വയറിലാണ് തൊഴിക്കുന്നത്

മാനുഷികമായ പരിഗണനകളുടെയും രാജ്യത്തെ കോടിക്കണക്കിന് പാര്‍ശ്വവത്കൃത ജനതയുടെ ജീവിത യാഥാര്‍ഥ്യങ്ങളുടെയും വെളിച്ചത്തില്‍ വീക്ഷിക്കുമ്പോള്‍ വിദേശ സംഭാവനാ നിയന്ത്രണ ഭേദഗതി നിയമം മനുഷ്യാവകാശ ലംഘനമായി മാറുന്നുവെന്നും അധഃകൃത സമൂഹത്തിന്റെ പുരോഗതിയെ ദൂരവ്യാപകമായി ബാധിക്കുന്നതുമാണെന്നും കാണാന്‍ പ്രയാസമില്ല. നിയമത്തിന് നീതിപീഠത്തിന്റെ പച്ചക്കൊടി ലഭിച്ചത് ദൗര്‍ഭാഗ്യകരമാണ്.

Published

|

Last Updated

ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ (റെഗുലേഷന്‍) ആക്ട്-2020 (എഇഞഅ) അഥവാ വിദേശ സംഭാവനാ നിയന്ത്രണ ഭേദഗതി നിയമം സുപ്രീം കോടതി മൂന്നംഗ ബഞ്ച് പോയവാരം ശരിവെച്ചത് കാര്യമായി എവിടെയും ചര്‍ച്ച ചെയ്യപ്പെട്ടില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. വിദേശ സംഭാവന സ്വീകരിക്കുന്ന രാജ്യത്തെ സന്നദ്ധ സംഘടനകള്‍ക്ക് വിനയാകുന്ന വിധം കൊണ്ടുവന്നിരിക്കുന്ന നിയമ ഭേദഗതി ചോദ്യംചെയ്തുകൊണ്ടുള്ള പൊതുതാത്പര്യ ഹരജി തള്ളിയ സുപ്രീം കോടതി ചില പ്രധാന വസ്തുതകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിദേശ സംഭാവന സ്വീകരിക്കാനുള്ള അവകാശം മൗലികാവകാശമല്ലെന്നും അനിയന്ത്രിതമായി വിദേശ രാജ്യങ്ങളില്‍ നിന്ന് സംഭാവന സ്വീകരിക്കുന്നത് രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുമെന്നുമാണ് വിധിയില്‍ പരമോന്നത നീതിപീഠം വിലയിരുത്തിയിരിക്കുന്നത്. അക്കാര്യം ശരിയാണ്. അതേസമയം മാനുഷികമായ പരിഗണനകളുടെയും രാജ്യത്തെ കോടിക്കണക്കിന് പാര്‍ശ്വവത്കൃത ജനതയുടെ ജീവിത യാഥാര്‍ഥ്യങ്ങളുടെയും വെളിച്ചത്തില്‍ വീക്ഷിക്കുമ്പോള്‍ വിദേശ സംഭാവനാ നിയന്ത്രണ ഭേദഗതി നിയമം മനുഷ്യാവകാശ ലംഘനമായി മാറുന്നുവെന്നും അധഃകൃത സമൂഹത്തിന്റെ പുരോഗതിയെ ദൂരവ്യാപകമായി ബാധിക്കുന്നതുമാണെന്നും കാണാന്‍ പ്രയാസമില്ല. വിദേശ സംഭാവനാ നിയന്ത്രണ ഭേദഗതി നിയമത്തിലെ വകുപ്പുകള്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതും അമിതാധികാര പ്രവൃത്തിയും അന്താരാഷ്ട്ര നിയമങ്ങളുമായി ഒത്തുപോകാത്തതുമാണെന്ന് ഇന്റര്‍നാഷനല്‍ കമ്മീഷന്‍ ഓഫ് ജൂറിസ്റ്റ്സ് (ഐ സി ജെ) വിമര്‍ശിച്ചത് ഈയൊരു പശ്ചാത്തലത്തിലാണ്. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചത് വിദേശ സംഭാവനാ നിയന്ത്രണ നിയമ ലംഘനമാരോപിച്ച് സംഘടനയുടെ ബേങ്ക് അക്കൗണ്ട് കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചപ്പോഴാണ് എന്നതും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്.

സമീപ വര്‍ഷങ്ങളില്‍ ചില സംഘടനകള്‍ വിദേശ സംഭാവനകള്‍ ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന ആരോപണമുയര്‍ത്തി ഫണ്ടിന്റെ ഉപയോഗത്തില്‍ കൂടുതല്‍ സുതാര്യത ഉറപ്പുവരുത്താനാണ് നിയമ ഭേദഗതി കൊണ്ടുവന്നത് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം കുറക്കുന്നതും അതുവഴി വിവിധ പാര്‍ശ്വവത്കൃത സമൂഹങ്ങളുടെ ഉണര്‍വിനെ മന്ദീഭവിപ്പിക്കുകയും ചെയ്യുന്നതാണ് നിയമ ഭേദഗതി എന്ന കാര്യം സ്പഷ്ടമാണ്.

വിദേശ സംഭാവനയായി സ്വീകരിച്ചത് മറ്റൊരു വ്യക്തിക്കോ സംഘടനക്കോ ട്രാന്‍സ്ഫര്‍ ചെയ്യുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്നുണ്ട് പുതിയ നിയമ ഭേദഗതി. വിദേശ സംഭാവന സ്വീകരിക്കുന്ന വലിയ സംഘടനകളില്‍ നിന്ന് ഫണ്ട് സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന നിരവധി സന്നദ്ധ സംഘടനകളുണ്ട് നമ്മുടെ രാജ്യത്ത്. അവയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന മാന്‍ഡേറ്റാണിത്. ഈ നിയന്ത്രണം സുതാര്യതയെ പ്രോത്സാഹിപ്പിക്കുന്നതാണ് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം. എന്നാല്‍ സമൂഹത്തിന്റെ താഴെത്തട്ടിലെത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ കടക്കല്‍ കത്തിവെക്കുന്ന സമീപനമാണ് ഭരണകൂടത്തിന്റേത്. വാര്‍ഷിക റിപോര്‍ട്ടിംഗും ഓഡിറ്റിംഗും കൃത്യമാക്കിയാല്‍ പരിഹരിക്കാവുന്ന പ്രശ്നത്തിന്റെ പേരില്‍ ഇല്ലം ചുടുന്ന ഭരണകൂട താത്പര്യം അത്ര നിഷ്‌കളങ്കമല്ല.

എന്‍ ജി ഒകള്‍ ഉള്‍പ്പെടെ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്നതും വിദേശ സംഭാവന സ്വീകരിക്കുന്നതുമായ സംഘടനകളുടെ ഭരണപരമായ ചെലവുകളുടെ പരിധി അമ്പത് ശതമാനമായിരുന്നു പുതിയ നിയമ ഭേദഗതിക്ക് മുമ്പ് വരെ. എന്നാല്‍ അത് ഇരുപത് ശതമാനമായി വെട്ടിക്കുറച്ചിരിക്കുന്നത് ആലോചിച്ചുറപ്പിച്ച അജന്‍ഡകളുടെ ഭാഗമാണെന്നല്ലാതെ എന്താണ് മനസ്സിലാക്കേണ്ടത്. പ്രസ്താവിത സന്നദ്ധ സംഘടനകളുടെ മുഖ്യ ചെലവ് ഭരണപരമായ ചെലവുകളാണ്. അതിന്റെ അനുപാതത്തില്‍ ഗണ്യമായ കുറവുണ്ടായാല്‍ അവയുടെ പ്രവര്‍ത്തനം താളം തെറ്റും. അപ്പോള്‍ പദ്ധതികളുടെ ഗുണഫലം സമൂഹത്തിന്റെ അടിത്തട്ടില്‍ എത്തില്ല. സാമ്പത്തിക ദൗര്‍ലഭ്യം നിപുണരായ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതിന് സംഘടനകള്‍ക്ക് മുമ്പില്‍ പ്രയാസം സൃഷ്ടിക്കും. വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമതയെ അത് കാര്യമായി ബാധിക്കുമെന്നതില്‍ സന്ദേഹമില്ല.

പുതിയ ഭേദഗതി നിയമത്തിലെ 13ാം വകുപ്പ് പ്രകാരം വിദേശ സംഭാവന സ്വീകരിക്കുന്ന ഒരു എന്‍ ജി ഒയുടെ രജിസ്ട്രേഷന്റെ സസ്പെന്‍ഷന്‍ കാലാവധി 180 ദിവസത്തില്‍ നിന്ന് 360 ദിവസത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. അതായത് നല്ല നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എന്‍ ജി ഒകളെ ലൈസന്‍സിലെ സാങ്കേതികത്വങ്ങള്‍ ചൂണ്ടിക്കാട്ടി ഒരു വര്‍ഷം വരെ കേന്ദ്ര സര്‍ക്കാറിന് സസ്പെന്‍ഡ് ചെയ്യാം എന്ന് വരുമ്പോള്‍ അമിതാധികാരത്തിന്റെ ഹീനമായ പ്രയോഗമാണത്. സന്നദ്ധ സംഘടനകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന മര്‍ക്കടമുഷ്ടിയാണ് അവിടെ പ്രവര്‍ത്തിക്കുന്നത്.

രാജ്യമൊട്ടുക്കും പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് മേല്‍ ഭരണകൂടത്തിന്റെ അധികാരം വര്‍ധിപ്പിക്കുന്നതാണ് ഒറ്റനോട്ടത്തില്‍ പുതിയ നിയമ ഭേദഗതി. വിദേശ സംഭാവന സ്വീകരിക്കുന്ന സന്നദ്ധ സംഘടനകളുടെ രജിസ്ട്രേഷന്‍ കാലാവധി അവസാനിക്കുന്നതിന്റെ ആറ് മാസം മുമ്പ് പുതുക്കല്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കണം. ആ ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാറിന് സംഘടനയെക്കുറിച്ച് അന്വേഷിച്ച് യുക്തമായ തീരുമാനമെടുക്കാം എന്നായിരിക്കുന്നു ചട്ടം. സന്നദ്ധ സംഘടനകള്‍ക്ക് മേല്‍ സ്റ്റേറ്റിന് കുതിര കയറാന്‍ ഇതിനുമപ്പുറം ഇനിയെന്ത് നിയമ കവാടമാണ് തുറന്നിടേണ്ടത് എന്നാലോചിച്ചു പോകുന്ന ഭേദഗതിയാണിത്. പുതുക്കല്‍ നടപടി ക്രമങ്ങള്‍ സര്‍ക്കാര്‍ എത്ര സമയത്തിനകം പൂര്‍ത്തിയാക്കണമെന്ന മാര്‍ഗനിര്‍ദേശം കാണിച്ചിട്ടുമില്ല. നമ്മുടെ രാജ്യത്ത് നിയമാനുസൃതം പ്രവര്‍ത്തിച്ചു വരുന്ന സന്നദ്ധ സംഘടനകളെ ഭരണകൂടത്തിന്റെ കോന്തലയില്‍ കെട്ടിയിടുന്ന നീതീകരണമര്‍ഹിക്കാത്ത നടപടിയാണിത്. ക്ഷേമരാഷ്ട്ര സങ്കല്‍പ്പത്തെ മുന്നോട്ടുവെക്കുന്ന ആധുനിക ജനാധിപത്യ സംവിധാനത്തില്‍ വെല്‍ഫെയര്‍ സ്റ്റേറ്റിന്റെ കടമ നിര്‍വഹിക്കുന്നതില്‍ അമ്പേ പരാജയപ്പെട്ട ഒരു ഭരണകൂടത്തിന്റെ ശരിയുടെ ചെറു ബദലുകളാണ് രാജ്യത്തെ സന്നദ്ധ സംഘടനകള്‍. അവക്ക് ഉറച്ച പിന്തുണ നല്‍കി രാഷ്ട്ര പുരോഗതിയുടെ വഴിയില്‍ സഞ്ചരിക്കുന്നതിന് പകരം ഭരണകൂടത്തിന്റെ വൈരനിര്യാതന ബുദ്ധി രാജ്യത്തെ പാവപ്പെട്ട ജനതയുടെ അടിസ്ഥാന അവകാശങ്ങളെ ദൂരേക്ക് തട്ടിമാറ്റുകയാണ് ചെയ്യുന്നത്. ക്ഷേമരാഷ്ട്രമല്ല തങ്ങളുടെ അജന്‍ഡയെന്നും പോലീസ് സ്റ്റേറ്റിന്റെ കൈയൂക്ക് ബലത്തില്‍ അഭിരമിക്കുന്നവരാണ് തങ്ങളെന്നും പേര്‍ത്തും പേര്‍ത്തും അടയാളപ്പെടുത്തുന്നുണ്ടല്ലോ നമ്മുടെ ഭരണകൂടം.

രാജ്യത്തെ പല സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വിദേശ സംഭാവന സ്വീകരിക്കുന്ന സന്നദ്ധ സംഘടനകള്‍ ഡല്‍ഹി എസ് ബി ഐ ബേങ്കില്‍ അക്കൗണ്ട് രജിസ്റ്റര്‍ ചെയ്തിട്ടു വേണം ഇടപാടുകള്‍ നടത്താന്‍ എന്നാണ് പുതിയ നിയമ ഭേദഗതി ചൂണ്ടിക്കാട്ടുന്നത്. അത് സംഘടനകള്‍ക്ക് അസൗകര്യമുണ്ടാക്കുന്നതാണ് എന്നത് നിയമ ഭേദഗതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്യാനുള്ള ന്യായമല്ലെന്ന കോടതി നിരീക്ഷണത്തെ അംഗീകരിച്ചാലും പൗരന്‍ അര്‍ഹിക്കുന്ന അടിസ്ഥാന അവകാശങ്ങള്‍ ലഭ്യമാകുന്നതിന് വേണ്ട പ്രായോഗിക നടപടികളാണ് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടാകേണ്ടത്. അതുണ്ടായില്ലെന്ന് മാത്രമല്ല നീതി തേടിയുള്ള നീതിന്യായ ഇടപെടലുകളെ നിലംപരിശാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.

വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നതും വിനിയോഗിക്കുന്നതും നിയന്ത്രിക്കാനും ദേശീയ താത്പര്യത്തിന് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് അത് ഉപയോഗപ്പെടുത്തുന്നത് തടയാനുമെന്ന് വിളംബരപ്പെടുത്തി 2010ല്‍ നിയമ ഭേദഗതി കൊണ്ടുവന്നിരുന്നു വിദേശ സംഭാവനാ നിയന്ത്രണ നിയമത്തിന്. എന്നാല്‍ അത് പോരായെന്ന സമീപകാല വെളിപാടിലൂടെ വെളിപ്പെടുന്നത് രാജ്യത്തെ അധഃകൃത വിഭാഗങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ഭരണകൂടത്തെ അലോസരപ്പെടുത്തും എന്ന് തന്നെയാണ്. ആ നിലയില്‍ പരിശോധിക്കുമ്പോള്‍ വിദേശ സംഭാവനാ നിയന്ത്രണ ഭേദഗതി നിയമത്തിന് നീതിപീഠത്തിന്റെ പച്ചക്കൊടി ലഭിച്ചത് ദൗര്‍ഭാഗ്യകരമാണ്.