Connect with us

ക്രിമിനല്‍ നടപടി ചട്ട ഭേദഗതി ബില്ല്- 2022

അമിതാധികാര പ്രവണതയുടെ ഭരണകൂട ആഘോഷം

നമ്മുടെ ഭരണഘടനയെയും ജനാധിപത്യാവകാശങ്ങളെയും ഇല്ലായ്മ ചെയ്ത് അവകാശങ്ങളില്ലാത്തവരും നിതാന്തം ഭരണകൂട നിരീക്ഷണത്തില്‍ കഴിയേണ്ടി വരുന്നവരുമായ പൗരസമൂഹത്തിന്റെ സൃഷ്ടിപ്പിലേക്കുള്ള ചുവടുവെപ്പായി വേണം പുതിയ ക്രിമിനല്‍ ചട്ട ഭേദഗതി നിയമനിര്‍മാണ ശ്രമങ്ങളെ വിലയിരുത്താന്‍.

Published

|

Last Updated

കഴിഞ്ഞ മാര്‍ച്ച് 28ന് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ വെച്ച ക്രിമിനല്‍ നടപടി ചട്ട ഭേദഗതി ബില്ല് ജനാധിപത്യത്തിന്റെയും പൗരാവകാശങ്ങളുടെയും അന്തസ്സത്തയെ ചോദ്യം ചെയ്യുന്നതാണ്. അമിതാധികാര പ്രവണതയുടെ ആഘോഷമാണ് ക്രിമിനല്‍ പ്രൊസീജര്‍ (ഐഡന്റിഫിക്കേഷന്‍) ബില്ല്- 2022 എന്ന് പറഞ്ഞാല്‍ തെറ്റാകില്ല. അവ്വിധം പൗരാവകാശ ലംഘനങ്ങളും അവ്യക്തതകള്‍ നിറഞ്ഞതുമാണ് പ്രസ്തുത നിയമനിര്‍മാണ നീക്കം.

അറസ്റ്റിലായവരുടെയും ശിക്ഷിക്കപ്പെട്ടവരുടെയും അതീവ നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസിനോ ജയില്‍ ഉദ്യോഗസ്ഥര്‍ക്കോ അനുമതി നല്‍കുന്ന തരത്തിലുള്ള ചട്ടക്കൂടുണ്ടാക്കുക എന്നതാണ് ബില്ലിന്റെ താത്പര്യമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വിരലടയാളങ്ങള്‍, കൈത്തലം, പാദമുദ്രകള്‍, ഐറിസ്, റെറ്റിന, ജീവ ശാസ്ത്ര സാമ്പിളുകള്‍, പെരുമാറ്റ സവിശേഷതകള്‍ തുടങ്ങിയ സെന്‍സിറ്റീവായ വ്യക്തി വിവരങ്ങള്‍ ശേഖരിക്കാനുള്ള അനുമതിക്കാണ് ബില്ല് വഴിയൊരുക്കുന്നത്. ക്രിമിനല്‍ കേസുകള്‍ തിരിച്ചറിയാനും അന്വേഷണത്തിനും കുറ്റകൃത്യങ്ങള്‍ തടയാനും വേണ്ടി പ്രസ്താവിത ശാരീരികവും ജീവശാസ്ത്രപരവുമായ വിവരങ്ങള്‍ അനന്തകാലം സൂക്ഷിച്ചുവെക്കാനും ഉപയോഗിക്കാനും കൈമാറ്റം ചെയ്യാനും ബില്ല് നിയമമാകുന്ന പക്ഷം അധികൃതര്‍ക്ക് അവസരമുണ്ടാകും.

പുതിയ ബില്ല്, ഇല്ലാത്ത നിയമനിര്‍മാണ അധികാരം എക്‌സിക്യൂട്ടീവിന് വകവെച്ചു നല്‍കുന്നുണ്ട്. ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങളില്ലാതെയാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. കൂടാതെ ബില്ലിന്റെ കീഴില്‍ വരുന്ന അധികാരികളായ പോലീസ്, ജയില്‍ ഉദ്യോഗസ്ഥര്‍, മജിസ്‌ട്രേറ്റുമാര്‍ എന്നിവര്‍ക്ക് സാമ്പിളുകള്‍ നല്‍കാന്‍ ഏതൊക്കെ സാഹചര്യങ്ങളിലും ലക്ഷ്യങ്ങള്‍ക്കുമായി ആരെയൊക്കെ നിര്‍ബന്ധിക്കാം എന്നതില്‍ അമിത വിവേചനാധികാരമാണ് ലഭ്യമാക്കിയിരിക്കുന്നത്. അത് വലിയ ദുരുപയോഗത്തിലേക്കും പൗരന്റെ സിവില്‍ ഡെത്തിലേക്കും കാര്യങ്ങളെത്തിക്കുമെന്ന ആക്ഷേപം ഇതിനകം ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.

നിയമ നിര്‍മാണത്തിലെ വര്‍ഗീകരണം ന്യായമായിരിക്കണമെന്നത് ഇന്ത്യന്‍ ഭരണഘടനയുടെ 14ാം അനുഛേദത്തിന്റെ താത്പര്യമാണ്. അല്ലാത്ത നിയമ നിര്‍മാണം മൗലികാവകാശ ലംഘനമാകും. നിയമ നിര്‍മാണ വര്‍ഗീകരണം ന്യായമാകുന്നത് അത് യുക്തിസഹമാകുമ്പോഴാണ്. ഇവിടെ സ്ത്രീകള്‍ക്കോ കുട്ടികള്‍ക്കോ എതിരായ കുറ്റകൃത്യത്തിന്റെ പേരില്‍ അറസ്റ്റിലാകുകയും ഏഴ് വര്‍ഷത്തിലധികം തടവ് ശിക്ഷ വ്യവസ്ഥ ചെയ്യപ്പെട്ട കുറ്റകൃത്യമാകുകയും ചെയ്യുമ്പോള്‍ ജീവശാസ്ത്ര സാമ്പിളുകള്‍ നല്‍കാന്‍ കുറ്റാരോപിതന്‍ നിര്‍ബന്ധിതനാകുന്നു. അതേസമയം ഇരകള്‍ സ്ത്രീകളോ കുട്ടികളോ അല്ലാതിരിക്കുകയും ഏഴ് വര്‍ഷത്തില്‍ താഴെ മാത്രം തടവ് ശിക്ഷ നിശ്ചയിക്കപ്പെട്ട കുറ്റകൃത്യമാകുകയും ചെയ്യുന്ന പക്ഷം ജീവശാസ്ത്ര സാമ്പിളുകള്‍ അല്ലാത്ത വ്യക്തി വിവരങ്ങള്‍ ശേഖരിക്കാം എന്നാണ് പുതിയ ചട്ടം. ഈ വര്‍ഗീകരണം ന്യായമല്ലെന്നിരിക്കെ മൗലികാവകാശ ലംഘനമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ബില്ലിന്റെ 2- ക്ലോസ് “മെഷര്‍മെന്റ്സി’നെ നിര്‍വചിക്കുകയും ഏതൊക്കെ സാമ്പിളുകള്‍ എടുക്കാമെന്ന് ചൂണ്ടിക്കാട്ടുന്നുമുണ്ട്. അവയില്‍ സ്വഭാവ സവിശേഷതകള്‍ക്ക് ഫോറന്‍സിക് സയന്‍സില്‍ യാതൊരു ഇടവുമില്ലെന്നിരിക്കെ അത്തരം സാമ്പിളുകളിലേക്ക് കടക്കുന്നതിന്റെ സാംഗത്യമെന്തെന്ന ചോദ്യം ഉയരുന്നുണ്ട്. അപ്പോള്‍ പിന്നെ നിര്‍ബന്ധ മനഃശാസ്ത്ര പരീക്ഷണങ്ങളിലൂടെ സ്വഭാവ സവിശേഷതകള്‍ കണ്ടെത്താനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. അത് അമിതവും അതിര് തിട്ടമില്ലാത്തതും കുറ്റാരോപിതനെ തനിക്കെതിരെ തന്നെ സാക്ഷി പറയുന്നതിന് നിര്‍ബന്ധിക്കുന്നതിന് തുല്യവുമാണ്. ഭരണഘടനയുടെ 20(3) അനുഛേദം വകവെച്ചു നല്‍കുന്ന മൗലികാവകാശത്തിന്റെ നിഷേധമാണത്.

ശ്രദ്ധേയമായ പുട്ടസ്വാമി കേസിന്റെ വിധിയില്‍ സ്വകാര്യതക്കുള്ള അവകാശം ഭരണഘടനയുടെ 21ാം അനുഛേദത്തിന്റെ പരിധിയില്‍ വരുന്ന മൗലികാവകാശമാണെന്ന് സുപ്രീം കോടതി ഒമ്പതംഗ ഭരണഘടനാ ബഞ്ച് അടിവരയിടുന്നുണ്ട്. ആധാര്‍ വിധിയില്‍ അഞ്ചംഗ ഭരണഘടനാ ബഞ്ച് ബയോമെട്രിക് വിവരങ്ങളും മറ്റു വ്യക്തി വിവരങ്ങളും സ്വകാര്യതക്കുള്ള മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്. പുതിയ ബില്ല് പ്രകാരം ശേഖരിക്കപ്പെടുന്ന വിവരങ്ങളില്‍ സിംഹഭാഗവും അതീവ പ്രാധാന്യമുള്ള വ്യക്തി വിവരങ്ങളാണെന്നിരിക്കെ പൗരനെ എല്ലാ നിലയിലും ഭരണകൂട ദൃഷ്ടിപഥത്തില്‍ കൊണ്ടുവരുന്ന പൂര്‍ണ അവകാശ നിഷേധത്തിനാണ് കളമൊരുങ്ങുന്നത്. നമ്മുടെ ഭരണഘടന പൗരന്മാരല്ലാത്തവര്‍ക്ക് കൂടെ ഉറപ്പുനല്‍കുന്ന സുപ്രധാന മൗലികാവകാശത്തിന്റെ കടക്കല്‍ കത്തിവെക്കുന്ന ബില്ലാണ് ക്രിമിനല്‍ നടപടി ചട്ട ഭേദഗതി.
ബില്ലിന് പിന്നില്‍ ഭരണഘടനാപരമായ പ്രശ്‌നങ്ങള്‍ മാത്രമല്ല ഉള്ളത്. ശാസ്ത്രീയവും ഭരണപരവുമായ പൊരുത്തക്കേടുകളുമുണ്ട്. ബില്ലിന്റെ കീഴില്‍ ശേഖരിക്കപ്പെടുന്ന സാമ്പിളുകളില്‍ ഒന്ന് കുറ്റാരോപിതന്റെ കൈയക്ഷരമാണ്. എന്നാല്‍ അത് അസമമാണ് എന്നതിന് ശാസ്ത്രീയ അടിത്തറയില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

2019ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഡി എന്‍ എ ബില്ല് ഭരണഘടനാപരവും നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാല്‍ ഇപ്പോഴും പാര്‍ലിമെന്റിന്റെ പരിഗണനയിലാണ്. കേസന്വേഷണ ആവശ്യങ്ങള്‍ക്ക് ഡി എന്‍ എ ഡാറ്റാബേസ് തയ്യാറാക്കുക എന്നതാണ് ഡി എന്‍ എ ബില്ലിന്റെ പ്രധാന ലക്ഷ്യം. ഗുരുതര പൗരാവകാശ ലംഘനങ്ങളെ പ്രതി ഡി എന്‍ എ ബില്ല് പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിട്ടതിനൊടുവില്‍ 2021 ഫെബ്രുവരിയില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി റിപോര്‍ട്ട് സമര്‍പ്പിച്ചു. ഡി എന്‍ എ ബില്ലില്‍ തന്നെ നിരവധി ചോദ്യങ്ങളുയരുകയും അത് പ്രശ്‌നവത്കരിക്കപ്പെടുകയും ചെയ്ത് തീര്‍പ്പിലെത്താതിരിക്കെ സമാന ഉള്ളടക്കവുമായി മറ്റൊരു വിവാദ നിയമനിര്‍മാണ ശ്രമം നടത്തുന്നതിലൂടെ പൗരാവകാശങ്ങളോടുള്ള കേന്ദ്ര സര്‍ക്കാര്‍ സമീപനം വീണ്ടും വെളിച്ചത്തായിരിക്കുകയാണ്.

ബില്ലില്‍ പലയിടത്തും ആവശ്യമായ നിര്‍വചനങ്ങള്‍ ഇല്ലാത്തതും അവ്യക്തതകളുമാണ് പൗരാവകാശങ്ങളെ പ്രതി ബില്ലിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. ഭരണഘടന അവകാശമായി പ്രഖ്യാപിക്കുന്ന മൗലികാവകാശങ്ങള്‍ ഭരണകൂട കാര്‍മികത്വത്തില്‍ തന്നെ നിരന്തരം ഭത്സിക്കപ്പെടുന്ന സാഹചര്യം രാജ്യത്ത് ഇന്ന് നിലനില്‍ക്കുന്നുണ്ട്. ജനങ്ങളുടെ ജീവത് പ്രശ്‌നങ്ങളെ മുഖ്യധാരയില്‍ കൊണ്ടുവരുന്നവര്‍, ന്യൂനപക്ഷ അധഃസ്ഥിത ജനതയുടെ അവകാശ പോരാട്ടങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരെയെല്ലാം ശത്രുക്കളായാണ് ഭരണകൂടം കാണുന്നത്. സാമൂഹിക പ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളെയും ദ്രോഹിക്കുന്ന ഭരണകൂട നടപടികളുടെ തുടര്‍ച്ചയില്‍ സംഭവിക്കുന്ന നിയമ നിര്‍മാണങ്ങള്‍ പുതിയ ക്രിമിനല്‍ ചട്ട ഭേദഗതി മാതൃകയില്‍ ആയില്ലെങ്കില്‍ മാത്രമേ അത്ഭുതമുള്ളൂ. അതെന്തായാലും നമ്മുടെ ഭരണഘടനയെയും ജനാധിപത്യാവകാശങ്ങളെയും ഇല്ലായ്മ ചെയ്ത് അവകാശങ്ങളില്ലാത്തവരും നിതാന്തം ഭരണകൂട നിരീക്ഷണത്തില്‍ കഴിയേണ്ടി വരുന്നവരുമായ പൗരസമൂഹത്തിന്റെ സൃഷ്ടിപ്പിലേക്കുള്ള ചുവടുവെപ്പായി വേണം പുതിയ നിയമനിര്‍മാണ ശ്രമങ്ങളെ വിലയിരുത്താന്‍. ഏകാധിപത്യ ഫാസിസ്റ്റ് വാഴ്ച അരങ്ങേറിയ ഇടങ്ങളിലെല്ലാം കണ്ടതും കണ്ടുവരുന്നതുമാണത്.

കുറ്റാരോപിതന്റെ ദേഹ പരിശോധന നടത്തുന്നതിന് ഏതൊക്കെ സാമ്പിളുകള്‍ പരിശോധനക്ക് എടുക്കാമെന്ന് രാജ്യത്ത് നിലവിലുള്ള ക്രിമിനല്‍ നടപടി ചട്ടത്തിലെ 53ാം വകുപ്പില്‍ കൃത്യമായി പറയുന്നുണ്ട്. എന്നാല്‍ അത്തരം കൃത്യതകള്‍ പുതിയ ഭേദഗതി ബില്ലില്‍ കൂടുതലില്ല. ഏതൊക്കെ തരത്തിലുള്ള മെഷര്‍മെന്റ്‌സ് ആണ് ബയോളജിക്കല്‍ സാമ്പിളുകളായി സ്വീകരിക്കുന്നത് എന്നതില്‍ തന്നെ ബില്ലില്‍ വ്യക്തതയില്ലാത്തത് ഗുരുതരമായ സംഗതിയാണ്. കുറ്റാരോപിതരാകുകയോ കുറ്റം ചെയ്യാന്‍ സാധ്യത കാണുന്ന പക്ഷമോ രാജ്യത്തെ പൗരന്മാര്‍ അടിമത്വത്തേക്കാള്‍ ഭയാനകമായ ജീവിത സാഹചര്യങ്ങളിലേക്ക് എടുത്തെറിയപ്പെടുന്ന സ്ഥിതിവിശേഷം സ്‌തോഭജനകമാണ്.

ക്രിമിനല്‍ നടപടി ചട്ടം കാലോചിതമായി പരിഷ്‌കരിക്കേണ്ടത് തന്നെയാണ്. എന്നാല്‍ അത് പൗരാവകാശങ്ങളിലേക്കുള്ള അധിനിവേശമാകുന്നത് ഭൂഷണമല്ല. വര്‍ത്തമാനകാല ഇന്ത്യനവസ്ഥയില്‍ വലിയ മുറിവുകളേല്‍ക്കാതെ നിലനില്‍ക്കുന്ന ജനാധിപത്യത്തിന്റെ സാധ്യതയും അവസരവും വിയോജിക്കാനുള്ള അവകാശമാണ്. ഭരണകൂട വിധേയത്തമല്ല, ഭരണഘടനാ മൂല്യങ്ങളോടുള്ള ബഹുമാനവും കടപ്പാടുമാണ് നമ്മുടെ ജനാധിപത്യത്തിന്റെ കാതല്‍. ഭരണകൂട നിക്ഷിപ്ത താത്പര്യങ്ങളെയും ഭരണഘടനാപരമായ ദേശീയ വിചാരങ്ങളെയും കൂട്ടിക്കുഴച്ച് ഭരണകൂട ദാസ്യത്തിന് വേണ്ടി വാദിക്കുന്നവരും അതാണ് ദേശസ്‌നേഹമെന്ന് പെരുമ്പറ മുഴക്കുന്നവരുമാണ് രാജ്യം ഭരിക്കുന്നത്. ഭരണഘടനാവകാശങ്ങളുടെ ബലത്തില്‍ ഉയരുന്ന ജനാധിപത്യ പ്രക്ഷോഭങ്ങളേക്കാള്‍ കഠിനമായ മറ്റൊരു തലവേദന അവര്‍ക്ക് ഇപ്പോള്‍ ഇല്ല തന്നെ. അങ്ങനെ വരുമ്പോള്‍ രാജ്യത്തെ ബുദ്ധിജീവികളും അക്കാദമീഷ്യന്‍മാരുമായ ജനാധിപത്യ പ്രക്ഷോഭകര്‍ നേതൃത്വം നല്‍കുകയും പൗരസഞ്ചയം ഏറ്റെടുക്കുകയും ചെയുന്ന പ്രക്ഷോഭങ്ങളെ ശണ്ഠീകരിച്ച് തുറുങ്കിലടക്കാന്‍ പുതിയ വഴികള്‍ തേടുന്നതിന്റെ ഭാഗമാണ് പുതിയ നിയമവും.