ഇന്ന് ലോക ഭക്ഷ്യ സുരക്ഷാ ദിനം
ഭക്ഷണത്തിലെ മായം തിരിച്ചറിയാന്‍ ചില ടിപ്‌സ്
2018ല്‍ ലോകാരോഗ്യ സംഘടനയാണ് എല്ലാവര്‍ഷവും ജൂണ്‍ ഏഴ് ഭക്ഷ്യസുരക്ഷാ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.

ജൂണ്‍ ഏഴ് ലോക ഭക്ഷ്യ സുരക്ഷാ ദിനമാണ്. 2018ല്‍ ലോകാരോഗ്യ സംഘടനയാണ് എല്ലാവര്‍ഷവും ജൂണ്‍ ഏഴ് ഭക്ഷ്യസുരക്ഷാ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. അന്നുമുതല്‍ എല്ലാ വര്‍ഷവും ജൂണ്‍ ഏഴിന് ഭക്ഷ്യ സുരക്ഷ ദിനം ആചരിച്ചു പോരുന്നു. എന്താണ് ഈ ദിവസത്തിന്റെ പ്രത്യേകത?
സുരക്ഷിതമല്ലാത്ത ഭക്ഷണം കാരണം ദിവസം 20 ലക്ഷത്തോളം പേര്‍ക്ക് അസുഖങ്ങള്‍ ബാധിക്കുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. അഞ്ചുവയസ്സില്‍ താഴെയുള്ള ശരാശരി 340 കുട്ടികള്‍ ദിവസവും ഭക്ഷ്യജന്യ രോഗങ്ങള്‍ മൂലം മരിക്കുന്നതായും സംഘടന പറയുന്നു. വയറിളക്കം മുതല്‍ കാന്‍സര്‍ വരെയുള്ള 200ല്‍ അധികം രോഗങ്ങള്‍ സുരക്ഷിതമല്ലാത്ത ഭക്ഷണം മൂലം ഉണ്ടാകുന്നവയാണ്. ഈ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന ജനങ്ങളില്‍ അവബോധം ഉണ്ടാക്കാനായി ഭക്ഷ്യസുരക്ഷാ ദിനം ആചരിക്കുന്നത്.
നമ്മുടെ ചുറ്റുമുള്ള ഭക്ഷണങ്ങളില്‍ സുരക്ഷിതമല്ലാത്തത് എങ്ങനെ തിരിച്ചറിയാന്‍ പറ്റും? അതിന് ചില ടിപ്‌സ് ഉണ്ട്.
മാംസം
ജീവിതത്തില്‍ പലര്‍ക്കും ഒഴിച്ചുകൂടാന്‍ കഴിയാത്ത ഭക്ഷണമാണ് മാംസം. നിറം കണ്ടാല്‍ മാംസത്തിന്റെ നിലവാരം പെട്ടെന്ന് മനസ്സിലാകും. കോഴിയിറച്ചി ഫ്രഷ് ആണെങ്കില്‍ വെള്ളയോ ഇളം പിങ്കോ ആയിരിക്കും നിറം. പച്ച നിറമുള്ള മാംസം വാങ്ങിക്കരുത്. വളരെ നേരത്തെ ഇറച്ചിയാക്കി തുറന്ന അന്തരീക്ഷത്തില്‍ വച്ചിരിക്കുന്നതും വാങ്ങിക്കാതിരിക്കുക. വലിയുന്ന മാംസം ആണെങ്കില്‍ അതിന് പഴക്കം ഉണ്ടാകും.
മത്സ്യം
ഏറ്റവും കൂടുതല്‍ പഴകിയ നിലയില്‍ ലഭിക്കുന്ന ഭക്ഷ്യവസ്തുവാണ് മത്സ്യം. മത്സ്യം ഐസ് ഇല്ലാതെ കൂടുതല്‍ നേരം സൂക്ഷിക്കാന്‍ കഴിയില്ല. അതിനാല്‍ ശരിയായ രീതിയില്‍ ഐസില്‍ സൂക്ഷിച്ച മത്സ്യമാണെന്ന് ഉറപ്പുവരുത്തുക. അതുപോലെ മീനില്‍ മണല്‍ വിതറുന്നത് പലയിടത്തും നമ്മള്‍ കണ്ടിട്ടുണ്ട്. ഇത് മണലിലുള്ള അണുക്കള്‍ കൂടിക്കലര്‍ന്ന് മത്സ്യം പെട്ടെന്ന് കേടാകുന്നതിന് കാരണമാകുന്നു. മണല്‍ വിതറിയ മത്സ്യം വാങ്ങിക്കാതിരിക്കുന്നതാണ് നല്ലത്.
കണ്ണുകള്‍ തിളക്കമുള്ളവയും മാംസം ഉടയാത്തതും നിറത്തില്‍ കാര്യമായ മാറ്റം വരാത്തവയുമായിരിക്കും നല്ല മത്സ്യം.
ഇതുപോലെ പഴങ്ങള്‍, പച്ചക്കറികള്‍, പരിപ്പ്, പൊടികള്‍ എന്നിവകളിലും മായം കലരാനുള്ള സാധ്യത കൂടുതലാണ്. പഴങ്ങളും പച്ചക്കറികളും ചൂടുവെള്ളത്തില്‍ കഴുകി ഉപയോഗിക്കുകയാണ് ഉത്തമം. വളരെ അപൂര്‍വമായി കിട്ടുന്നതും എന്നാല്‍ വിലക്കുറവില്‍ കിട്ടുന്നതുമായ പഴങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കുക.