National
സത്യേന്ദര്‍ ജെയിനിന് ആറാഴ്ചത്തെ ഇടക്കാല ജാമ്യം
ജാമ്യത്തിലിരിക്കുന്ന കാലയളവില്‍ ജെയിന്‍ മാധ്യമങ്ങളെ കാണുകയോ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയോ ചെയ്യരുതെന്ന് കോടതി നിര്‍ദേശമുണ്ട്.

ന്യൂഡല്‍ഹി| കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയിലില്‍ ആയിരുന്ന ഡല്‍ഹി മുന്‍ ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ആറാഴ്ചത്തെ ജാമ്യമാണ് കോടതി അനുവദിച്ചത്. ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, പി.എസ്. നരസിംഹ എന്നിവരടങ്ങിയ സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ചിന്റെതാണ് ഉത്തരവ്.
ഉപാധികളോടെയാണ് സത്യേന്ദര്‍ ജെയിനിന് ജാമ്യം അനുവദിച്ചത്. ഇക്കാലയളവില്‍ അദ്ദേഹം ആഗ്രഹിക്കുന്ന സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടാവുന്നതാണ്. ജാമ്യത്തിലിരിക്കുന്ന കാലയളവില്‍ ജെയിന്‍ മാധ്യമങ്ങളെ കാണുകയോ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയോ ചെയ്യരുതെന്ന് കോടതി നിര്‍ദേശമുണ്ട്.
സത്യേന്ദര്‍ ജെയിനിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഡോ. അഭിഷേക് മനു സിങ്‌വിയാണ് ഹാജരായത്. 2022 മേയിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സത്യേന്ദര്‍ ജെയിനിനെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെ തിഹാര്‍ ജയിലിലെ ശുചിമുറിയില്‍ കുഴഞ്ഞു വീണ ജെയിനിനെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.