Connect with us

Kuwait

കുവൈത്തില്‍ ആത്മഹത്യയില്‍ അഭയം തേടുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ ആശങ്കാജനകമായ തോതില്‍ ആത്മഹത്യകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞാഴ്ച ഒരൊറ്റ ദിവസം മൂന്ന് പേരാണ് രാജ്യത്ത് ആത്മഹത്യ ചെയ്തത്. ഇതോടെ ഈ വര്‍ഷം ഇതുവരെയായി രാജ്യത്ത് ജീവനൊടുക്കിയവരുടെ എണ്ണം 120 ആയി. രാജ്യത്തിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതിനു പുറമേ ആത്മഹത്യാ ശ്രമങ്ങളില്‍ നിന്ന് നിരവധി പേരെ സുരക്ഷാ, രക്ഷാ സേനകള്‍ രക്ഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് ആകെ 90 പേരാണ് ആത്മഹത്യ ചെയ്തത്. ഇവരില്‍ ഏറ്റവും അധികം പേര്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഈ പ്രവണത വര്‍ധിച്ച സാഹചര്യത്തില്‍ ആത്മഹത്യാ ശ്രമം നടത്തുന്ന വിദേശികളെ നാടുകടത്താന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരുന്നു.

കൊവിഡ് പ്രതിസന്ധി ഉടലെടുത്തതിനു ശേഷമാണ് ആത്മഹത്യാ നിരക്ക് ഗണ്യമായി വര്‍ധിച്ചത്. രാജ്യത്ത് ആത്മഹത്യകളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടത്തുന്നതിനു കുവൈത്ത് ദേശീയ മനുഷ്യാവകാശ സമിതി തീരുമാനിച്ചതായി മേധാവി അലി അല്‍ ബഘ്‌ലി അറിയിച്ചു. ആഭ്യന്തരം, ആരോഗ്യം, മാനവ ശേഷി സമിതി ഉള്‍പ്പെടെ ഏഴ് സര്‍ക്കാര്‍ ഏജന്‍സികളുമായി ഏകോപിച്ചു കൊണ്ടായിരിക്കും പഠനം നടത്തുകയെന്നും അദ്ദേഹം അറിയിച്ചു.

 

Latest