Connect with us

Ongoing News

സെനഗലിന് ഷോക്ക്; പരുക്കേറ്റ സാഡിയോ മാനെ പുറത്ത്

നവംബര്‍ എട്ടിന് ജര്‍മന്‍ ലീഗില്‍ വെര്‍ഡര്‍ ബ്രെമനിനെതിരായ മത്സരത്തിലാണ് ബയേണ്‍ മ്യൂണിച്ച് താരമായ മാനെക്ക് പരുക്കേറ്റത്.

Published

|

Last Updated

ദോഹ | 2022 ലോകകപ്പില്‍ പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പ്രമുഖ താരങ്ങളുടെ പരുക്ക് ടീമുകളെ അലട്ടുന്നു. ഏറ്റവുമൊടുവില്‍ സെനഗലിനാണ് ടീമിലെ തുരുപ്പു ചീട്ടുകളിലൊരാള്‍ പരുക്കേറ്റതിനെ തുടര്‍ന്ന് പുറത്തിരിക്കേണ്ടി വരുമെന്നത് തലവേദനയാകുന്നത്. ഫോര്‍വേഡ് സാഡിയോ മാനെ ആണ് കാല്‍വണ്ണയിലെ അസ്ഥിക്ക് പൊട്ടലുണ്ടായതോടെ ഖത്വര്‍ ലോകകപ്പില്‍ നിന്ന് പുറത്തായത്.

‘നിര്‍ഭാഗ്യവശാല്‍, പരുക്ക് ഭേദമാകുന്നതില്‍ പ്രതീക്ഷിച്ച പുരോഗതിയുണ്ടായിട്ടില്ലെന്നാണ് വ്യാഴാഴ്ച ലഭിച്ച സ്‌കാനിംഗ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായത്. സാഡിയോ മാനെക്ക് ലോകകപ്പില്‍ കളിക്കാനാകില്ല.’- ടീം ഡോക്ടര്‍മാരിലൊരാളായ മാനുവല്‍ അഫോണ്‍സോ സെനഗലിന്റെ ഔദ്യോഗിക ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വ്യക്തമാക്കി. താരത്തിന് അടിയന്തര ശസ്ത്രക്രിയ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. നവംബര്‍ എട്ടിന് ജര്‍മന്‍ ലീഗില്‍ വെര്‍ഡര്‍ ബ്രെമനിനെതിരായ മത്സരത്തിലാണ് ബയേണ്‍ മ്യൂണിച്ച് താരമായ മാനെക്ക് പരുക്കേറ്റത്.

സെനഗല്‍ ടീമംഗങ്ങളില്‍ ഭൂരിഭാഗവും കഴിഞ്ഞ ഞായറാഴ്ച തന്നെ ഖത്വറില്‍ എത്തിയിരുന്നു. ഗ്രൂപ്പ് എ യിലാണ് സെനഗല്‍ ഉള്ളത്. 21ന് നെതര്‍ലന്‍ഡ്‌സിനെതിരെയാണ് ടീമിന്റെ ആദ്യ മത്സരം. ഇതുകഴിഞ്ഞ് നാലു ദിവസത്തിനു ശേഷം ആതിഥേയരായ ഖത്വറുമായി സെനഗല്‍ ഏറ്റുമുട്ടും. നവംബര്‍ 29ന് ഇക്വഡോറിനെതിരെയാണ് പ്രാഥമിക റൗണ്ടില്‍ ടീമിന്റെ അവസാന മത്സരം.