sfi impersonating
യൂനിയന്‍ തിരഞ്ഞെടുപ്പില്‍ എസ് എഫ് ഐ ആള്‍മാറാട്ടം: പ്രിൻസിപ്പലിനെ നീക്കി
ആള്‍മാറാട്ടത്തിന് കൂട്ടുനിന്നതിനാണ് അധ്യാപകനെതിരെയായ നടപടി.

തിരുവനന്തപുരം | സര്‍വകലാശാലാ യൂനിയന്‍ തിരഞ്ഞെടുപ്പില്‍ എസ് എഫ് ഐ നേതാവ് ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ പ്രിന്‍സിപ്പലിനെ നീക്കി. പ്രിൻസിപ്പലിൻ്റെ ചുമതലയുള്ള അധ്യാപകൻ ജി ജെ ഷൈജുവിനെതിരെയാണ് നടപടി. കേരള സര്‍വകലാശാലയാണ് ഉത്തരവിറക്കിറക്കിയത്.
കേരള സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് യോഗം ഇന്നലെ തീരുമാനമെടുത്തിരുന്നു. ആള്‍മാറാട്ടത്തിന് കൂട്ടുനിന്നതിനാണ് അധ്യാപകനെതിരെയായ നടപടി. ആള്‍മാറാട്ടം, വിശ്വാസവഞ്ചന, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ എന്നിവയില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന പോലീസ് മേധാവിക്കും ജില്ലാ പോലീസ് മേധാവിക്കും കാട്ടാക്കട പോലീസിനും കേരള സര്‍വകലാശാല രജിസ്ട്രാര്‍ പരാതി നല്‍കിയിട്ടുണ്ട്.
കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പില്‍ യൂനിവേഴ്സിറ്റി യൂനിയന്‍ കൗണ്‍സിലറായി ജയിച്ച അനഘ എന്ന പെണ്‍കുട്ടിക്ക് പകരം എസ് എഫ് ഐ ഏരിയാ സെക്രട്ടറി വിശാഖിന്റെ പേരാണ് പ്രിന്‍സിപ്പല്‍ സര്‍വകലാശാലയ്ക്ക് അയച്ചത്. കോളേജില്‍നിന്ന് സര്‍വകലാശാലയ്ക്ക് നല്‍കിയ പട്ടികയില്‍ വൈശാഖിന്റെ ചിത്രമുണ്ട്. ഇവര്‍ രണ്ടുപേരും ഈ കത്തില്‍ ഒപ്പിട്ടിട്ടുമുണ്ട്. എന്നാല്‍ അനഘ എന്ന വിദ്യാര്‍ഥിനിയാണ് തിരഞ്ഞെടുക്കപ്പെട്ടതെന്ന് കോളേജിലെ റിട്ടേണിംഗ് ഓഫീസറായ അധ്യാപകന്‍ സര്‍വകലാശാലയെ അറിയിക്കുകയായിരുന്നു.