Connect with us

Featured

രാജ്യത്ത് കുട്ടികളിലെ പോഷകാഹാരക്കുറവ് ഗുരുതര നിലയിൽ

മഹാരാഷ്ട്ര, ബിഹാര്‍, ഗുജറാത്ത് എന്നിവിടങ്ങളിലാണ് പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികള്‍ കൂടുതലുള്ളത്.

ന്യൂഡല്‍ഹി | രാജ്യത്ത് 33 ലക്ഷത്തിലേറെ കുട്ടികള്‍ക്ക് പോഷകാഹാരക്കുറവെന്ന് വനിതാ- ശിശു വികസന മന്ത്രാലയം. ഇവരില്‍ പകുതിയിലേറെ പേരുടെ നില ഗുരുതരമാണെന്നും മന്ത്രാലയത്തിന്റെ വിവരാവകാശ മറുപടി വ്യക്തമാക്കുന്നു. മഹാരാഷ്ട്ര, ബിഹാര്‍, ഗുജറാത്ത് എന്നിവിടങ്ങളിലാണ് പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികള്‍ കൂടുതലുള്ളത്.

ദരിദ്രരില്‍ ദരിദ്രരായ വിഭാഗത്തിന്റെ പോഷകാഹാരക്കുറവില്‍ കൊവിഡ് മഹാമാരി കൂടുതല്‍ ആഘാതമുണ്ടാക്കിയെന്ന സംശയം ഇതോടെ ബലപ്പെടുന്നുണ്ട്. മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 17.76 ലക്ഷം കുട്ടികള്‍ അതിതീവ്ര പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ട്. 15.46 ലക്ഷം കുട്ടികള്‍ ഇടത്തരം തീവ്ര പോഷകാഹാരക്കുറവ് നേരിടുന്നു. ഒക്ടോബര്‍ 14 വരെയുള്ള കണക്കാണിത്.

പോഷകാഹാരക്കുറവ് നിരീക്ഷിക്കാന്‍ കഴിഞ്ഞ വര്‍ഷം വികസിപ്പിച്ച പോഷണ്‍ ട്രാക്കര്‍ ആപ്പ് പ്രകാരമുള്ള കണക്കാണ് മന്ത്രാലയം പുറത്തുവിട്ടത്. ഇതല്ലാതെ അനേകായിരം കുട്ടികളിൽ പോഷാകാഹാരക്കുറവ് പ്രതിസന്ധിയുണ്ടാകും. അതേസമയം, ഔദ്യോഗികമായി പുറത്തുവന്ന കണക്ക് തന്നെ ഭീതിപ്പെടുത്തുന്നതാണ്.

കഴിഞ്ഞ വര്‍ഷം നവംബറിനെ അപേക്ഷിച്ച് അതിതീവ്ര പോഷകാഹാരക്കുറവ് നേരിടുന്ന കുട്ടികളുടെ കണക്കില്‍ 91 ശതമാനം വര്‍ധനവുണ്ടായി. കഴിഞ്ഞ വര്‍ഷം 9.27 ലക്ഷം കുട്ടികള്‍ക്കായിരുന്നു അതിതീവ്ര പോഷകാഹാരക്കുറവ്.

Latest