Connect with us

Poem

വിളമ്പൽ

തിന്ന് തിന്ന് മതിയായവർക്ക് പിന്നെയും നീ വിളമ്പി ഞാൻ കരഞ്ഞു: എനിക്ക് വിശക്കുന്നു നീ കയർത്തു: വിശപ്പിനെപ്പറ്റി കവിത എഴുതി വരൂ

Published

|

Last Updated

തിന്ന് തിന്ന് മതിയായവർക്ക്
പിന്നെയും നീ വിളമ്പി
ഞാൻ കരഞ്ഞു:
എനിക്ക് വിശക്കുന്നു
നീ കയർത്തു:
വിശപ്പിനെപ്പറ്റി കവിത എഴുതി വരൂ

കുടിച്ച് കുടിച്ച് കൂത്താടിയവർക്ക്
വീണ്ടും നീ ഒഴിച്ചു
ഞാൻ പറഞ്ഞു:
എനിക്ക് ദാഹിക്കുന്നു
നീ മുരണ്ടു:
ദാഹത്തെക്കുറിച്ച് കഥ എഴുതി വരൂ

ഓമനിച്ചോമനിച്ച് മടുത്തവർക്ക്
പിന്നെയും നീ ലാളന പകർന്നു
ഞാൻ വിതുമ്പി:
എനിക്ക് പേടിയാകുന്നു
നീ കുരച്ചു:
അനാഥന്റെ ചിത്രം വരച്ചു വരൂ

അകത്ത്
സുഖനിദ്രയിൽ നീയമർന്നു

വേദനയുടെ മൂന്ന് കല്ല് കൂട്ടിവെച്ച്
സങ്കടപ്പാത്രത്തിൽ
നോവിന്റെ തവിയിട്ടിളക്കുകയാണ്
ഇരുട്ടിൽ ഞാൻ!