Connect with us

Kerala

ബി ജെ പിക്കെതിരെ സംസ്ഥാനങ്ങളുടെ മതേതര ഫെഡറേഷന്‍

ദ്രാവിഡമണ്ണില്‍ നിന്ന് സുപ്രധാന നീക്കം

Published

|

Last Updated

കോഴിക്കോട് | രാജ്യത്തെ വര്‍ഗീയമായി വിഭജിക്കുന്ന ബി ജെ പി ഭരണത്തിനെതിരെ സംസ്ഥാനങ്ങളുടെ മതേതര ഫെഡറേഷന്‍ എന്ന ലക്ഷ്യവുമായി ദ്രാവിഡ മണ്ണില്‍ നിന്ന് സുപ്രധാന നീക്കം. ബിജെപിക്കെതിരെ ബദല്‍ നീക്കം ശക്തമാക്കി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ റിപ്പബ്ലിക് ദിനത്തില്‍ തുടക്കമിട്ട ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് എന്ന പ്രസ്ഥാനം ബി ജെ പിക്കെതിരെ ഐക്യപ്പെടാനുള്ള നിര്‍മായകമായ രാഷ്ട്രീയ മുദ്രാവാക്യമാണ് മുന്നോട്ടു വയ്ക്കുന്നത്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി സ്റ്റാലില്‍ 37 പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്ക് കത്തയച്ചത് പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കു തുടക്കമിടുമെന്നാണ് കരുതുന്നത്.

സവര്‍ണ ഹിന്ദുത്വ വര്‍ഗീയതയോട് ദ്രാവിഡ രാഷ്ട്രീയം എക്കാലത്തും പുലര്‍ത്തിയ നിലപാടുകള്‍ തന്നെയാവാം സ്റ്റാലിനെ ഇത്തരമൊരു മുന്നേറ്റത്തിനു മുന്‍കൈയ്യെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. ദക്ഷിണേന്ത്യയില്‍ രൂപപ്പെടുന്ന മുന്നേറ്റത്തില്‍ രാജ്യത്താകമാനമുള്ള മതേതര വിഭാഗങ്ങളെ അണിനിരത്തുകയാണ് സ്റ്റാലിന്റെ നീക്കം.

സമത്വം, ആത്മാഭിമാനം, സാമൂഹിക നീതി തുടങ്ങിയ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചുള്ള ബദല്‍ ഉയര്‍ത്താനുള്ള നീക്കം ദലിത് പിന്നാക്ക രാഷ്ട്രീയത്തിന്റെ ഏകോപനത്തിനു വഴിയൊരുക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. തമിഴ്‌നാട്ടിലെ പിന്നാക്ക-ദ്രാവിഡ രാഷ്ട്രീയത്തിന്റെ എല്ലാ വക ഭേദങ്ങളേയും ആദ്യം ഏകോപിപ്പിക്കുക എന്ന നീക്കവും സ്റ്റാലിന്‍ ലക്ഷ്യമിടുന്നുണ്ട്. അതിനായി എ ഐ എ ഡി എം കെ കോര്‍ഡിനേറ്റര്‍ ഒ പനീര്‍സെല്‍വം, പി എം കെ സ്ഥാപകന്‍ എസ് രാംദോസ്, വി സി കെ നേതാവ് തോല്‍ തിരുമാവളവന്‍, വൈകോ എന്നീ നേതാക്കള്‍ക്കും സ്റ്റാലിന്‍ കത്തയച്ചിട്ടുണ്ട്.

ദേശീയ നേതാക്കളായ സോണിയ ഗാന്ധി, ലാലു പ്രസാദ് യാദവ്, മമത ബാനര്‍ജി, അഖിലേഷ് യാദവ്, സീതാറാം യെച്ചൂരി, ഫാറൂഖ് അബ്ദുള്ള, ശരദ് പവാര്‍, എന്‍ ചന്ദ്രബാബു നായിഡു, ഡി രാജ, അരവിന്ദ് കെജരിവാള്‍, മെഹ്ബൂബ മുഫ്തി, ചന്ദ്രശേഖര റാവു, ഉദ്ധവ് താക്കറെ, എന്നിവരുള്‍പ്പെടെ 37 കക്ഷി നേതാക്കള്‍ക്കാണ് അദ്ദേഹം കത്തയച്ചിരിക്കുന്നത്.

1953-ലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭമായിരുന്നു ഡി എം കെ രാഷ്ട്രീയത്തിന്റെ ശക്തി. ദ്രാവിഡ കഴകം സ്ഥാപകന്‍ പെരിയാറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് അണ്ണാദുരൈ, കരുണാനിധി തുടങ്ങിയ യുവനേതാക്കള്‍ പാര്‍ട്ടി വിട്ടാണ് 1949-ല്‍ ദ്രാവിഡ മുന്നേറ്റ കഴകം ഉണ്ടാക്കിയത്. ബ്രാഹ്മണ ജാതി വ്യവസ്ഥയുടെ ആധിപത്യത്തിനെതിരായ പോരാട്ടം ദ്രാവിഡ രാഷ്ട്രീയത്തിന്റെ അടിസ്ഥാനമായിരുന്നുവെങ്കിലും പദവികള്‍ കാത്തുസൂക്ഷിക്കാന്‍ അടിസ്ഥാന മൂല്യങ്ങളോട് പലഘട്ടത്തിലും ഒത്തു തീര്‍പ്പു നടത്തിയെന്ന കറുത്ത പാട് കരുണാനിധിയുടെ രാഷ്ട്രീയ ജീവിതത്തില്‍ പറ്റിയിട്ടുണ്ട്. കരുണാനിധിക്കു പറ്റിയ രാഷ്ട്രീയ പിഴവുകള്‍ തിരുത്താനുള്ള നീക്കം കൂടിയായിരിക്കുമോ സ്റ്റാലില്‍ നടത്തുന്നത് എന്ന ചോദ്യവും ശക്തമാണ്.

1999-ലായിരുന്നു കരുണാനിധി ഏറ്റവും വലിയ പ്രത്യയശാസ്ത്ര ഒത്തുതീര്‍പ്പ് നടത്തിയത്. ജയലളിതയുടെ എ ഐ എ ഡി എം കെ വാജ്‌പേയി സര്‍ക്കാരിനെ അട്ടിമറിച്ചപ്പോള്‍, ഡല്‍ഹിയിലെ അധികാരത്തിനുള്ള അവസരം കണ്ട് ഡി എം കെ, ബി ജെ പി സഖ്യമായ എന്‍ ഡി എയില്‍ ചേര്‍ന്നു. ദ്രാവിഡ രാഷ്ട്രീയം എതിര്‍ക്കുന്ന എല്ലാത്തിന്റെയും പ്രതിരൂപമായ ബി ജെ പിയുമായി കരുണാനിധി സഖ്യമുണ്ടാക്കി. ഡി എം കെ കേന്ദ്ര സര്‍ക്കാരില്‍ ചേര്‍ന്നു മരുമകന്‍ മാരനെ മന്ത്രിയാക്കി. 2002-ലെ ഗുജറാത്ത് വംശഹത്യ കഴിഞ്ഞും സഖ്യം തുടര്‍ന്നു എന്നതായിരുന്നു ഏറ്റവും വലിയ വിരോധാഭാസം.

2004-ലാണു കരുണാനിധി എന്‍ ഡി ഇ വിട്ടത്. തുടര്‍ന്ന് മതേതര രാഷ്ട്രീയത്തിനൊപ്പം സഞ്ചരിക്കുന്ന ഡി എം കെ ചരിത്രത്തില്‍ പറ്റിയ ഏറ്റവും വലിയ പിശകുകള്‍ തിരുത്താനും രാജ്യം അകപ്പെട്ട നിര്‍ണായകമായ പ്രതിസന്ധി ഘട്ടത്തില്‍ സുപ്രധാന പങ്കു നിര്‍വഹിക്കാനും നേതൃത്വം നല്‍കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

രാജ്യം മതാധിപത്യത്തിന്റെ ഭീഷണിയിലാണെന്നും സമത്വത്തിലും ആത്മാഭിമാനത്തിലും സാമൂഹിക നീതിയിലും വിശ്വസിക്കുന്ന എല്ലാവരും ഒന്നിച്ചാല്‍ മാത്രമേ ഈ ശക്തികള്‍ക്കെതിരെ പോരാടാനാകൂ എന്നുമാണ് സ്റ്റാലില്‍ വിവിധ കക്ഷി നേതാക്കള്‍ക്ക് അയച്ച കത്തില്‍ പറയുന്നത്. സാമൂഹ്യനീതിക്കു വേണ്ടിയുള്ള പോരാട്ടം മുന്നോട്ടുകൊണ്ടുപോകുന്നതിനും എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരേപോലെ സ്വീകാര്യമാവുന്ന പൊതു മിനിമം പരിപാടി ആവിഷ്‌കരിക്കുന്നതിനുള്ള ലക്ഷ്യമാണ് പുതിയ പ്ലാറ്റ് ഫോം രൂപീകരണത്തിനു പിന്നിലുള്ളത്.

ബി ജെ പി ഉയര്‍ത്തുന്ന ഭീഷണിക്കെതിരെ ദേശീയതല പൊതുവേദിയെന്ന നിലയിലാണ് ഫെഡറേഷന്‍ രൂപീകരിച്ചിരിക്കുന്നതെന്ന് സ്റ്റാലിന്‍ പറയുന്നു.

രാജ്യത്തിന്റെ വൈവിധ്യം മതാന്ധതയുടെ ഭീഷണിയിലാണെന്നും സമത്വത്തിലും ആത്മാഭിമാനത്തിലും സാമൂഹിക നീതിയിലും വിശ്വസിക്കുന്ന എല്ലാവരും ഒന്നിച്ചാല്‍ മാത്രമേ ഈ ശക്തികള്‍ക്കെതിരെ പോരാടാനാകൂ എന്നു പറയുന്ന സ്റ്റാലിന്‍ സംസ്ഥാനങ്ങളുടെ ഒരു യഥാര്‍ത്ഥ യൂണിയനെന്ന നിലയില്‍ ഒരുമിച്ചുനില്‍ക്കേണ്ട സമയം എത്തിയിരിക്കുന്നുതായും ഓര്‍മപ്പെടുത്തുന്നു.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്