Connect with us

From the print

സഊദി യാത്ര: ട്രാവൽസ് വിസാ സ്റ്റാമ്പിംഗ് നിർത്തലാക്കിയത് ഇരുട്ടടി

വിസാ സ്റ്റാമ്പിംഗ് ആഗോള ഏജൻസിയായ വി എഫ് എസിനെ (വിസ ഫെസിലിറ്റേഷൻ സർവീസ്) ഏൽപ്പിച്ചിരിക്കുകയാണ്. കേരളത്തിൽ കൊച്ചിയിൽ മാത്രമേ ഈ സെന്ററുള്ളൂ എന്നതാണ് വലിയ പ്രയാസം സൃഷ്ടിച്ചിരിക്കുന്നത്.

Published

|

Last Updated

കോഴിക്കോട് | സഊദിയിലേക്ക് ട്രാവൽസുകൾ മുഖേനെ നടത്തിയിരുന്ന വിസാ സ്റ്റാമ്പിംഗ് നിർത്തലാക്കിയതോടെ യാത്രക്കാർക്ക് ദുരിതം. എംപ്ലോയ്‌മെന്റ് വിസ ഒഴികെ ട്രാവൽസുകൾ മുഖേനെ നടത്തിയ വിസാ സ്റ്റാമ്പിംഗാണ് ഇപ്പോൾ നിർത്തലാക്കിയിരിക്കുന്നത്. വിസാ സ്റ്റാമ്പിംഗ് ആഗോള ഏജൻസിയായ വി എഫ് എസിനെ (വിസ ഫെസിലിറ്റേഷൻ സർവീസ്) ഏൽപ്പിച്ചിരിക്കുകയാണ്. കേരളത്തിൽ കൊച്ചിയിൽ മാത്രമേ ഈ സെന്ററുള്ളൂ എന്നതാണ് വലിയ പ്രയാസം സൃഷ്ടിച്ചിരിക്കുന്നത്. നേരത്തേ ട്രാവൽ ഏജൻസികൾ ചെയ്തിരുന്ന അതേ ജോലി തന്നെയാണ് ഈ സെന്ററും ചെയ്യുന്നത്. പ്രധാനമായും കുടുംബ സമേതം സഊദിയിൽ പോകുന്നവരെയാണ് ഈ മാറ്റം വലിയ ദുരിതത്തിലാക്കിയിരിക്കുന്നത്. ട്രാവൽസ് മുഖാന്തരം ചെറിയ ഫീസ് ഈടാക്കി ഡൽഹിയിലെ സഊദി എംബസി, മുംബൈയിലെ കോൺസുലേറ്റ് എന്നിവയിൽ സമർപ്പിച്ച് കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ യാത്രക്കാർക്ക് ലഭിക്കുന്നതായിരുന്നു രീതി.

എന്നാൽ, പുതിയ സംവിധാനത്തിലേക്ക് മാറിയതോടെ മാസങ്ങളോളം കാത്തിരിക്കേണ്ട സാഹചര്യമാണുള്ളത്. വി എഫ് എസ് സൈറ്റിൽ അപ്പോയ്‌മെന്റ് വാങ്ങിയ ശേഷമാണ് കൊച്ചിയിലെ കേന്ദ്രത്തിൽ നേരിട്ട് ചെന്ന് രേഖ സമർപ്പിക്കേണ്ടത്. എന്നാൽ, അപ്പോയ്‌മെന്റ് ലഭിക്കാതെ പലർക്കും ദിവസങ്ങളായി യാത്രാ നടപടികൾ മുടങ്ങിക്കിടക്കുകയാണ്. ജൂൺ 22 വരെയുള്ള എല്ലാ അപ്പോയ്‌മെന്റുകളും ക്ലോസ് ചെയ്തതായാണ് ട്രാവൽസ് അധികൃതർ പറയുന്നത്.

അപ്പോയ്‌മെന്റ് ലഭിച്ച് കൊച്ചിയിലെ സെന്ററിലെത്തിയാൽ തന്നെ മണിക്കൂറുകളോളം കാത്തുകഴിയണം. കുടുംബസമേതം ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ യാത്രക്കാരുള്ള രാജ്യങ്ങളിലൊന്നാണ് സഊദി. ഫലത്തിൽ ഇവിടേക്കുള്ള യാത്രക്ക് ഇന്ത്യയിൽ നിന്ന് നിയന്ത്രണമേർപ്പെടുത്തിയതിന് സമാനമായ സാഹചര്യമാണുള്ളതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ശരിയായ സമയത്ത് യാത്ര പോകാൻ കഴിയില്ല എന്നതാണ് പുതിയ സംവിധാനത്തിന്റെ വലിയ പ്രയാസം.

വി എഫ് എസ് സെന്റർ മുഖേനെയുള്ള എല്ലാ നടപടികളും പൂർത്തിയായി വരുമ്പോൾ രണ്ട് മാസമോ അതിൽ കൂടുതലോ എടുക്കും. ചെന്നൈ, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് ഉൾപ്പെടെ രാജ്യത്ത് ഒമ്പത് സെന്ററുകൾ മാത്രമേ ഇത്തരത്തിൽ ഉള്ളൂ.

സഊദിയിലേക്ക് ഏറ്റവും കൂടുതൽ യാത്രക്കാരുണ്ടാകുന്ന കേരളത്തിൽ എല്ലാ ജില്ലകളിലും കേന്ദ്രങ്ങൾ അനുവദിക്കുകയോ അല്ലെങ്കിൽ ട്രാവൽസ് മുഖാന്തരം നേരത്തേ നടത്തിയിരുന്ന സംവിധാനം പുനഃസ്ഥാപിക്കുകയോ ചെയ്യുകയാണ് പ്രശ്‌നപരിഹാരത്തിനുള്ള പോംവഴി.

വി എഫ് എസ്, യു കെ, യു എസ് എ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള വിസാ സ്റ്റാമ്പിംഗ് നടത്തുന്ന ഏജൻസിയാണ്. എന്നാൽ, ഇവിടങ്ങളിലേക്ക് ഇന്ത്യയിൽ നിന്ന് താരതമ്യേന യാത്രക്കാർ കുറവായിരിക്കും. സഊദിയിലേക്കുള്ള യാത്രക്ക് കൂടി ഈ ഏജൻസിയെ വിസാ സ്റ്റാമ്പിംഗ് ഏൽപ്പിച്ചതോടെ വലിയ തോതിൽ യാത്രക്കാർ ദുരിതമനുഭവിക്കുകയാണ്.

നേരത്തേ ആയിരക്കണക്കിന് ട്രാവൽ ഏജൻസികൾ നടത്തിയ ജോലിയാണ് ഇപ്പോൾ കേരളത്തിൽ ഒറ്റ കേന്ദ്രത്തിലൂടെ മാത്രം നടത്തുന്നത്. അപേക്ഷകരുടെ ആധിക്യവും സാങ്കേതിക തടസ്സങ്ങളുമാണ് നടപടികൾ വൈകാൻ കാരണം.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest