Ongoing News
20 വര്‍ഷത്തോളം അബോധാവസ്ഥയില്‍ കിടന്ന സഊദി രാജകുമാരന്‍ വിടവാങ്ങി
'ഉറങ്ങുന്ന രാജകുമാരന്‍' എന്നറിയപ്പെട്ടിരുന്ന അല്‍വലീദ് ബിന്‍ ഖാലിദ് ബിന്‍ തലാല്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ (36) ആണ് അന്തരിച്ചത്

റിയാദ് | 20 വര്‍ഷത്തോളം അബോധാവസ്ഥയിലായിരുന്ന സഊദി രാജകുമാരന്‍ അന്തരിച്ചു. സൗദി അറേബ്യയിലെ ‘ഉറങ്ങുന്ന രാജകുമാരന്‍’ എന്നറിയപ്പെട്ടിരുന്ന അല്‍വലീദ് ബിന്‍ ഖാലിദ് ബിന്‍ തലാല്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ (36) ആണ് വിടവാങ്ങിയത്. സൗഊദി പ്രസ് ഏജന്‍സിയാണ് മരണവിവരം അറിയിച്ചത്.
കണ്ണുപോലും തുറക്കാതെ 20 വര്‍ഷത്തോളമാണ് ഈ യുവാവ് മരണത്തിനും ജീവിതത്തിനുമിടയില്‍ കോമയില്‍ കിടന്നത്. 2005ല്‍ ലണ്ടനില്‍ പഠനത്തിനിടെയാണ് അല്‍വലീദ് ബിന്‍ ഖാലിദിന് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. അപകടത്തിനുശേഷം ഒരിക്കല്‍ പോലും കണ്ണുതുറന്നില്ല. ഇതോടെയാണ് രാജകുടുംബാംഗമായ അല്‍വലീദ് ബിന്‍ ഖാലിദ് ഉറങ്ങുന്ന രാജകുമാരന്‍ എന്നറിയപ്പെട്ടത്.
അന്നുമുതല്‍ ഈ 20 വര്‍ഷവും കോമയിലായിരുന്നു. ഒരു പ്രതീക്ഷയും ഇല്ലാതിരുന്നിട്ടും ജീവന്‍ രക്ഷാ സംവിധാനങ്ങള്‍ മാറ്റി മരണത്തിന് വിട്ടു കൊടുക്കാന്‍ പിതാവ് ഖാലിദ് ബിന്‍ തലാല്‍ തയാറായില്ല. പകരം എല്ലാം വീട്ടിലൊരുക്കി മകന്‍ ദൈവം വിളിക്കുമ്പോള്‍ പോകട്ടെയെന്ന് അല്‍ സഊദ് കുടുംബം നിലപാടെടുത്തു. മുറി മനോഹരമായി അലങ്കരിച്ചു. കണ്ണുകള്‍ തുറക്കാതിരിക്കുമ്പോഴും സ്‌നേഹ പരിചരണത്താല്‍ രാജകുമാരന്‍ എപ്പോഴും ഭംഗിയോടെ കാണപ്പെട്ടു.
ഖാലിദ് ബിന്‍ തലാല്‍ തന്നെയാണ് മരണവിവരം സൗദി പ്രസ് ഏജന്‍സിയോട് സ്ഥീരീകരിച്ചത്. ലോകം ഈ യുവാവിന്റെ ജീവനായി പ്രതീക്ഷയോടെ കാത്തിരുന്നു. ഇന്ന് സൗഊദിയിലെങ്ങും പ്രാര്‍ഥനകള്‍ നടക്കും.ഇക്കഴിഞ്ഞ ഏപ്രിലിലാണ് അല്‍ വലീദ് ബിന്‍ ഖാലിദ് ബിന്‍ തലാലിന് 36 വയസ് തികഞ്ഞത്. 20 വര്‍ഷമായി ഇദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെങ്കിലും കുടുംബം പ്രതീക്ഷയോടെ ചികിത്സയും പ്രാര്‍ഥനയും തുടരുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. കോമയിലായതോടെ ജീവിതത്തിലേക്ക് ഇനി ഒരിക്കലും തിരിച്ചുവരാന്‍ സാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് വെന്റിലേറ്ററില്‍ നിന്ന് മാറ്റാം എന്ന് തീരുമാനിച്ചെങ്കിലും അല്‍ വലീദ് രാജകുമാരന്റെ പിതാവ് തടയുകയായിരുന്നു.
2019ല്‍ അദ്ദേഹത്തിന്റെ വിരലുകള്‍ ചലിച്ചിരുന്നു. തലയും ചെറുതായി ചലിച്ചു. എന്നാല്‍, പിന്നീട് വീണ്ടും യാതൊരു പുരോഗതിയും ഉണ്ടായില്ല. ലോകത്തെ വലിയ കോടീശ്വരന്മാരില്‍ ഒരാളായ ഖാലിദ് ബിന്‍ തലാല്‍ അല്‍ സഊദ് രാജകുമാരന്റെയും റീമ ബിന്‍ത് തലാല്‍ രാജകുമാരിയുടെയും മകനാണ് അല്‍ വലീദ്. ലോകത്ത് ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും മികച്ച ചികിത്സയാണ് അല്‍ വലീദിനായി നല്‍കിയിരുന്നത്.
റിയാദിലെ കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലാണ് രാജകുമാരനെ ആദ്യം പരിചരിച്ചിരുന്നത്. പിന്നീട് ആശുപത്രിയിലെ എല്ലാ ജീവന്‍ രക്ഷാ സംവിധാനങ്ങളും വീട്ടിലൊരുക്കുകയായിരുന്നു. ട്യൂബ് വഴിയാണ് ഭക്ഷണം നല്‍കി വന്നിരുന്നത്. ദൈവം തന്റെ മകന് മരണം കല്‍പ്പിച്ചിരുന്നെങ്കില്‍ അന്നത്തെ അപകടത്തില്‍ തന്നെ അവന് ജീവന്‍ നഷ്ടപ്പെടുമായിരുന്നു എന്നാണ് അല്‍ വലീദ് രാജകുമാരന്റെ പിതാവ് പറഞ്ഞിരുന്നത്.