Connect with us

Kerala

വീണ്ടും സാലറി ചാലഞ്ച്: വയനാട് ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ സാമ്പത്തിക സഹായം നല്‍കും

കുറഞ്ഞത് അഞ്ച് ദിവസത്തെ ശമ്പളം നല്‍കാമെന്ന സര്‍വീസ് സംഘടനകളുടെ നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് വീണ്ടും സാലറി ചാലഞ്ച്. വയനാട് ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ജീവനക്കാര്‍ സാമ്പത്തിക സഹായം നല്‍കും. കുറഞ്ഞത് അഞ്ച് ദിവസത്തെ ശമ്പളം നല്‍കാമെന്ന സര്‍വീസ് സംഘടനകളുടെ നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. കൂടുതല്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അങ്ങനെയും ചെയ്യാം. എന്നാല്‍, തുക നല്‍കാന്‍ ആരെയും നിര്‍ബന്ധിക്കില്ല. മേലധികാരിക്ക് സമ്മത പത്രം നല്‍കുന്നവരുടെ ശമ്പളം സ്പാര്‍ക്കില്‍ ക്രമീകരണം വരുത്തി ഈടാക്കുകയാണ് ചെയ്യുക.

തുക ഒറ്റത്തവണയായോ മൂന്ന് തവണയായോ നല്‍കാം. അടുത്ത ശമ്പളം മുതലാണ് പണം പിടിക്കുക. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ബാധിത മേഖലകളുടെ പുനരുദ്ധാരണത്തിനായി മുഖ്യമന്ത്രിയാണ് സര്‍വീസ് സംഘടനകളുടെ യോഗത്തില്‍ ശമ്പളത്തില്‍ നിന്നുള്ള വിഹിതം ആവശ്യപ്പെട്ടത്. ആയിരം കോടിയെങ്കിലും പുനരധിവാസത്തിനായി വേണ്ടിവരുമെന്നും ജീവനക്കാര്‍ പത്ത് ദിവസത്തെ ശമ്പളം നല്‍കേണ്ടി വരുമെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍, അഞ്ച് ദിവസത്തെ ശമ്പളം നല്‍കാമെന്ന് സംഘടനാ പ്രതിനിധികള്‍ അറിയിക്കുകയായിരുന്നു. ഇത് സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു.

അതേസമയം, ശമ്പള വിഹിതം നിര്‍ബന്ധമാക്കി ഉത്തരവിടരുതെന്ന് സര്‍വീസ് സംഘടനകള്‍ ആവശ്യപ്പെട്ടു. താത്പര്യമുള്ളവരില്‍ നിന്ന് മാത്രം തുക വാങ്ങണമെന്നും ഗഡുക്കളായി നല്‍കാന്‍ അവസരം ഒരുക്കണമെന്നുമുള്ള ആവശ്യവും സംഘടനകള്‍ മുന്നോട്ട് വച്ചിരുന്നു.