Connect with us

editorial

ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കണം

ചികിത്സക്കിടയിലെ രോഗിയുടെ മരണം ഡോക്ടര്‍മാരുടെയോ നഴ്‌സിന്റെയോ അശ്രദ്ധ മൂലമോ ചികിത്സാ പിഴവ് മൂലമോ ആണെന്ന് സന്ദേഹമുദിച്ചാല്‍, അതിന് പരിഹാരം കാണേണ്ടത് നിയമപരമായ മാര്‍ഗേണയാണ്. നിയമം കൈയിലെടുക്കാന്‍ ഇരകള്‍ക്കോ ബന്ധുക്കള്‍ക്കോ അവകാശമില്ല.

Published

|

Last Updated

ആശുപത്രി ജീവനക്കാര്‍ക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് സജീവ ഇടപെടല്‍ നടത്തിയിരിക്കുന്നു കേരള ഹൈക്കോടതി. ഡോക്ടര്‍മാരോ ഇതര ആശുപത്രി ജീവനക്കാരോ ആക്രമിക്കപ്പെട്ടാല്‍ ഒരു മണിക്കൂറിനകം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് കോടതിയുടെ നിര്‍ദേശം. ഡോക്ടര്‍മാരുടെ സുരക്ഷക്കായി എന്ത് നടപടി സ്വീകരിച്ചുവെന്ന് സര്‍ക്കാറിനോട് വിശദീകരണം തേടുകയും ചെയ്തു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ഡിവിഷന്‍ ബഞ്ച്. സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ തുടര്‍ച്ചയായി രോഗികളുടെ ബന്ധുക്കളാല്‍ ആക്രമിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ പ്രൈവറ്റ് ഹോസ്പിറ്റല്‍ അസ്സോസിയേഷന്‍ സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കവെയാണ് ഹൈക്കോടതി ഇടപെടല്‍.

2021 സെപ്തംബറില്‍ കൊവിഡ് ചികിത്സാ നിരക്കുകളിലെ അപാകതകള്‍ സംബന്ധിച്ച കേസ് പരിഗണിക്കവെ, ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിരുന്നു. നീണ്ടകര താലൂക്ക് ആശുപത്രിയില്‍ ഡോക്ടറും നഴ്‌സും സെക്യൂരിറ്റി ജീവനക്കാരും ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഹൈക്കോടതി വീണ്ടും വിഷയത്തില്‍ ഇടപെട്ടു. ഇത്തരം അനിഷ്ട സംഭവങ്ങളെ കൈയും കെട്ടി നോക്കിനില്‍ക്കാന്‍ കഴിയില്ലെന്ന് മുന്നറിയിപ്പ് നല്‍കിയ കോടതി ആശുപത്രികളില്‍ രാത്രിസമയത്ത് പോലീസ് സുരക്ഷയും സി സി ടി വി സംവിധാനവും ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ആശുപത്രികളില്‍ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

2021 ആഗസ്റ്റ് ഒമ്പതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷക്കായി ആശുപത്രികളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ തീരുമാനിച്ചിരുന്നു. ആശുപത്രികളിലെ കാഷ്വാലിറ്റി, ഒ പി പരിസരങ്ങളില്‍ സി സി ടി വി സ്ഥാപിക്കുക, പോലീസ് എയ്ഡ് പോസ്റ്റുകളുള്ള ആശുപത്രികളിലെ സി സി ടി വി സംവിധാനത്തെ എയ്ഡ് പോസ്റ്റുമായി ബന്ധപ്പെടുത്തുക, സി സി ടി വി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തുക, സെക്യൂരിറ്റി ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് ഒരു ഓഫീസര്‍ക്ക് പ്രത്യേക ചുമതല നല്‍കുക തുടങ്ങിയ നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിയമസഭയെ അറിയിക്കുകയും ചെയ്തു. ഇവ്വിധം സര്‍ക്കാര്‍ ഭാഗത്ത് നിന്നും ജുഡീഷ്യറിയില്‍ നിന്നും നിരന്തരം ഇടപെടലുകളുണ്ടായിട്ടും ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമത്തിന് കുറവ് വരാത്ത സാഹചര്യത്തിലാണ് കോടതി ഇപ്പോള്‍ നിലപാട് കൂടുതല്‍ കര്‍ക്കശമാക്കിയത്.

ചികിത്സാ മേഖല നേരിടുന്ന വലിയൊരു പ്രശ്‌നമാണ് ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ അതിലെ ജീവനക്കാര്‍ക്കും നേരേ നടക്കുന്ന ആക്രമണം. ചികിത്സക്കിടയില്‍ രോഗി മരിക്കുകയോ, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അബദ്ധങ്ങള്‍ സംഭവിക്കുകയോ ചെയ്യുമ്പോഴാണ് രോഗിയുടെ ഉറ്റവരോ ബന്ധപ്പെട്ടവരോ പ്രതിഷേധവുമായി രംഗത്തു വരുന്നതും അത് കൈയാങ്കളിയായി മാറുന്നതും. മുന്‍ കാലങ്ങളില്‍ ഇത് വല്ലപ്പോഴും റിപോര്‍ട്ട് ചെയ്യപ്പെടുന്ന ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നെങ്കില്‍ ഇന്ന് വ്യാപകമായിട്ടുണ്ട്. കഴിഞ്ഞ 11 മാസത്തിനിടെ 137 കേസുകളാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരേയുള്ള ആക്രമണവുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയത്. ലേഡി ഡോക്ടര്‍മാര്‍ അടക്കം കൈയേറ്റങ്ങള്‍ക്ക് വിധേയമായി.

ഫലപ്രദവും സുരക്ഷിതവുമായ ചികിത്സ പ്രതീക്ഷിച്ചാണ് രോഗികളെ ബന്ധപ്പെട്ടവര്‍ ആശുപത്രികളിലെത്തിക്കുന്നതും അഡ്മിറ്റ് ചെയ്യുന്നതും. സുരക്ഷിതമായ ചികിത്സ രോഗികളുടെ അവകാശവുമാണ്. ഇക്കാര്യത്തെ കുറിച്ച് സമൂഹത്തെ ബോധവത്കരിക്കുന്നതിനും ചികിത്സയിലെ പിഴവ് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ ഒഴിവാക്കാനുമായി ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും സെപ്തംബര്‍ പതിനേഴ് ലോക രോഗി സുരക്ഷാദിനമായി ആചരിച്ചു വരികയും ചെയ്യുന്നു. ചികിത്സയിലെ പിഴവുകളും അശ്രദ്ധയും ഹോസ്പിറ്റല്‍ നടത്തിപ്പിലെ പിഴവുകളും രോഗിയുടെ ബന്ധുക്കളെ രോഷാകുലരാക്കുക സ്വാഭാവികം. എന്നാല്‍ കൈക്കരുത്തിലൂടെയല്ല രോഷം പ്രകടിപ്പിക്കേണ്ടത്. തീര്‍ത്തും വിവേകപൂര്‍വവും സൂക്ഷ്മമായും വേണം ഇത്തരം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടതും കൈകാര്യം ചെയ്യേണ്ടതും. അതിരു കടന്ന വിവേകരഹിതമായ പ്രതികരണവും ഇടപെടലുകളും ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തുകയും ചികിത്സാ മേഖലയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

ചികിത്സക്കിടയിലെ രോഗിയുടെ മരണം ഡോക്ടര്‍മാരുടെയോ നഴ്‌സിന്റെയോ അശ്രദ്ധ മൂലമോ ചികിത്സാ പിഴവ് മൂലമോ ആണെന്ന് സന്ദേഹമുദിച്ചാല്‍, അതിന് പരിഹാരം കാണേണ്ടത് നിയമപരമായ മാര്‍ഗേണയാണ്. ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളില്‍ പരാതിപ്പെടുകയാണ് വേണ്ടത്. പോലീസ് സംവിധാനത്തില്‍ നിന്ന് വേണ്ടത്ര പരിഗണന ലഭിച്ചില്ലെങ്കില്‍ കോടതികളെ സമീപിക്കാവുന്നതാണ്. അല്ലാതെ നിയമം കൈയിലെടുക്കാന്‍ ഇരകള്‍ക്കോ ബന്ധുക്കള്‍ക്കോ അവകാശമില്ല. തന്റേതല്ലാത്ത കാരണത്തിന് ആരോഗ്യ പ്രവര്‍ത്തകരിലൊരാളും ക്രൂശിക്കപ്പെടാന്‍ ഇടയാകരുതെന്ന ബോധത്തോടെയായിരിക്കണം അവരുടെ പ്രതികരണങ്ങളത്രയും.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം ചെറുക്കുന്നതിന് ഡോക്ടര്‍മാരുടെ സംഘടന മുഖ്യമന്ത്രി മുമ്പാകെ ചില നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ആരോഗ്യ കേന്ദ്രങ്ങള്‍ പ്രത്യേക സുരക്ഷാ മേഖലയായി പരിഗണിക്കുക, ഡോക്ടര്‍മാര്‍ക്കെതിരെ നല്‍കുന്ന കേസുകളില്‍ എഫ് ഐ ആര്‍ എടുക്കും മുമ്പ് വിദഗ്ധ സമിതി പരിശോധിക്കുക, കേസെടുത്താല്‍ സൂപ്രണ്ട് റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന് അന്വേഷണ ചുമതല നല്‍കുക തുടങ്ങി അവരുടെ നിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പിന്റെ പരിഗണനക്ക് വിധേയമാകേണ്ടതാണ്.

---- facebook comment plugin here -----

Latest