Connect with us

Prathivaram

ആദരവ്

Published

|

Last Updated

സ്‌നേഹം, ബഹുമാനം, ആദരവ്, അംഗീകാരം, വാത്സല്യം ഇവയെല്ലാം മനുഷ്യ ജീവിതത്തില്‍ ജ്വലിച്ചുനിൽക്കേണ്ട സദ്ഗുണങ്ങളാണ്. ഏതൊരാളുടെയും വ്യക്തിത്വത്തെ അടയാളപ്പെടുത്തുന്നതിന്റെയും സാമൂഹിക ബന്ധങ്ങളെ സുദൃഢമാക്കുന്നതിന്റെയും അടിത്തറയാണിത്. ആദരിക്കേണ്ടവയെ അവഗണിച്ച് അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും വഴി തേടിയവരെല്ലാം പരാജയത്തിന്റെ പടുകുഴിയിലേക്ക് ആപതിക്കുകയും അല്ലാഹുവിന്റെ അതൃപ്തിക്ക് ഇരയാകുകയും അന്ത്യനിമിഷങ്ങള്‍ പരീക്ഷണങ്ങള്‍ക്ക് വിധേയമാകുകയും ചെയ്തതിന്റെ അനേകം ഉദാഹരണങ്ങൾക്ക് കാലം സാക്ഷിയാണ്‌.
ആദരവിന്റെയും അനാദരവിന്റെയും ചരിത്രത്തിന്‌ മനുഷ്യോത്പത്തിയോളം പഴക്കമുണ്ട്‌. ആദ്യ പിതാവ് ആദം നബി(അ)യെ ആദരിക്കുന്നതിന്റെ ഭാഗമായി മഹാനുഭാവന് സുജൂദ്‌ ചെയ്യാന്‍ വേണ്ടി സ്രഷ്ടാവ് മലക്കുകളോട്‌ ആജ്ഞാപിച്ചപ്പോൾ ശപിക്കപ്പെട്ട ഇബ്‌ലീസ് ഒഴികെ മലക്കുകളെല്ലാം പ്രസ്തുത കൽപ്പനയെ അനുസരിച്ച് ആദം നബി(അ)ക്ക് സുജൂദ്‌ ചെയ്‌തു. സൃഷ്ടിപ്പിൽ തന്നേക്കാൾ താഴെ നിലവാരത്തിലാണ് ആദം നബി(അ)യുടേതെന്ന ന്യായമായിരുന്നു ഇബ്‌ലീസിന്റെത്. അനാദരവിന്റെ ആദ്യ രൂപത്തിന് അതോടെ തുടക്കമായും അനന്തമായ നരകശിക്ഷക്ക് ദുഷ്ടനായ ഇബ്‌ലീസ് വിധേയനാകുകയും ചെയ്തു.

മനുഷ്യൻ പ്രഥമമായും പ്രധാനമായും ആദരിക്കേണ്ടത് പ്രപഞ്ചനാഥനായ അല്ലാഹുവിനെയും മുത്ത് നബി(സ) തങ്ങളെയുമാണ്. പ്രവാചകന്മാർ, മാതാപിതാക്കൾ, ഗുരുനാഥർ, മഹാന്മാർ, കുടുംബങ്ങൾ അങ്ങനെ ആദരവിന്റെ പട്ടിക നീണ്ടതാണ്. മതഗ്രന്ഥങ്ങളെയും മതചിഹ്നങ്ങളെയും ആദരിക്കുന്നതും ബഹുമാനിക്കുന്നതുമെല്ലാം ദീനിന്റെ ഭാഗം തന്നെ. അല്ലാഹു പറയുന്നു. “അല്ലാഹുവിന്റെ അടയാളങ്ങളെ ആരെങ്കിലും ആദരിച്ചാല്‍ തീര്‍ച്ചയായും അത് ഹൃദയ ഭക്തിയില്‍ നിന്നുണ്ടാകുന്നതാണ്.’ (സൂറത്തുല്‍ ഹജ്ജ്: 32)

ദേശ വംശ വര്‍ഗ വർണ വൈജാത്യങ്ങള്‍ക്കതീതമായി മനുഷ്യവംശത്തെ തന്നെ ആദരിക്കണമെന്നതാണ് മതത്തിന്റെ താത്പര്യം. അല്ലാഹു മനുഷ്യവംശത്തെ ആദരിച്ചുവെന്ന് വിശുദ്ധ ഖുർആനിലുണ്ട്. “തീര്‍ച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും കടലിലും കരയിലും അവരെ നാം വാഹനത്തില്‍ കയറ്റുകയും വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് നാം അവര്‍ക്ക് ഉപജീവനം നല്‍കുകയും നാം സൃഷ്ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും അവര്‍ക്ക് നാം സവിശേഷമായ ശ്രേഷ്ഠത നല്‍കുകയും ചെയ്തിരിക്കുന്നു’. (അൽ ഇസ്റാഅ: 70). ഇതര മതവിശ്വാസിയുടെ മൃതദേഹം ചുമന്ന് കൊണ്ട് അവിടുത്തെ സമീപത്ത് കൂടെ പോയപ്പോള്‍ എഴുന്നേറ്റു നിന്ന തിരുനബി(സ)യുടെ ചരിത്രം സുവിദിതമാണ്. ആ പ്രവർത്തനത്തിലൂടെ അവിടുന്ന് കൈമാറിയത് “അതൊരു മനുഷ്യനാണെ’ന്ന മാനവികതയുടെ അത്യുജ്ജ്വല സന്ദേശമാണ്.

തിരുനബി(സ)യുടെ അറഫാ പ്രഭാഷണം മനുഷ്യാവകാശങ്ങളുടെയും ആദരവിന്റെയും പരസ്പര ബഹുമാനത്തിന്റെയും അനേകം സന്ദേശങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു. പ്രവാചകർ(സ) പറഞ്ഞു: ” ജനങ്ങളേ, ഈ ദിവസവും ഈ മാസവും പവിത്രമായ പോലെ, നിങ്ങളുടെ രക്തവും ധനവും അന്ത്യനാള്‍വരെ ആദരിക്കപ്പെടേണ്ടതാണ്. അല്ലാഹു ആദരിച്ച അടയാളങ്ങളെ ആദരിക്കൽ ഈമാനിന്റെ ഭാഗമാണ്.
അല്ലാഹു ആദരിച്ച പ്രത്യേക വ്യക്തികളും സ്ഥലങ്ങളും സമയങ്ങളുമുണ്ട്. വിശുദ്ധ റമസാന്‍, അറഫാ ദിനം, ഇശാഅ് – മഗ്്രിബിനിടയിലുള്ള സമയം, മുഹർറം ഒമ്പത് – പത്ത് ദിനങ്ങൾ, മഥാഫ്, മക്ക, മദീന, പള്ളികൾ, സയ്യിദുമാർ, പണ്ഡിതന്മാർ, ഖാരിഉകൾ ഇവയെല്ലാം ഏറെ ആദരിക്കപ്പെട്ടതാണ്.

മുഹർറം മാസത്തിലെ ആദ്യ പത്ത് ദിനങ്ങളിൽ അല്ലാഹുവിന്റെ അനേകം അനുഗ്രഹങ്ങൾ ഭൂമിയിൽ വർഷിക്കുന്നു. പ്രസ്തുത ദിനങ്ങളിൽ നോമ്പനുഷ്ഠിക്കൽ സുന്നത്തുണ്ട്. അബൂഹുറൈറ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: മുഹർറ മാസത്തിലെ നോമ്പാണ് റമസാനുശേഷം നോമ്പുകളില്‍വെച്ച് ഏറ്റവും ശ്രേഷ്ഠമായത് (മുസ്‌ലിം). ഒമ്പതിനും പത്തിനും (താസൂആഅ്, ആശൂറാഅ്) പ്രത്യേകം സുന്നത്താണ്. അന്നേ ദിവസം സുഭിക്ഷമായ ഭക്ഷണം നൽകൽ ഏറെ പുണ്യകരമാണ്. ആശൂറാഅ് നോമ്പിനെ സംബന്ധിച്ച് നബി(സ) പറഞ്ഞത് അത് കഴിഞ്ഞുപോയ ഒരു വർഷത്തെ പാപങ്ങളെ പൊറുത്തുകൊടുക്കുമെന്നാണ് (മുസ്‌ലിം). അടുത്ത വര്‍ഷം വരെ ഞാന്‍ ജീവിച്ചിരിക്കുന്നപക്ഷം (മുഹര്‍റത്തിലെ) ഒമ്പതാമത്തെ നോമ്പും ഞാന്‍ നോല്‍ക്കുമെന്ന് അവിടുന്ന് പറഞ്ഞിട്ടുണ്ട് (മുസ്‌ലിം).

വലിയവരെ ബഹുമാനിക്കലും ചെറിയവരോട് പെരുമാറ്റത്തിൽ കരുണാവാത്സല്യം കാണിക്കലും മതത്തിന്റെ അടിസ്ഥാന പെരുമാറ്റ ശീലങ്ങളിൽ പെട്ടതാണ്. വൃദ്ധന്മാരെ ആദരിക്കൽ അല്ലാഹുവിന്റെ മഹത്വം വാഴ്ത്തുന്നതിന്റെ ഭാഗമാണെന്ന് ഹദീസിലുണ്ട്. സ്ത്രീകൾക്ക് അത്യുന്നതമായ പദവിയാണ്‌ ഇസ്‌ലാം നൽകുന്നത്. അവരോട് നല്ല നിലയിൽ പെരുമാറുകയെന്നത് ഉത്തമ സംസ്കാരത്തിന്റെ ഭാഗമാണ്. സ്ത്രീകളുടെ കാര്യത്തിൽ നബി (സ) തങ്ങൾ, അവിടുത്തെ അവസാന സമയങ്ങളിൽ പോലും പ്രത്യേകം സൂക്ഷ്മത പുലർത്താൻ നിർദേശിച്ചിട്ടുണ്ട്.
ഇസ്‌ലാമിലെ പ്രഥമ സ്ഥാനീയരാണ് അഹ്‌ലുബൈത്ത്. ലോക ജനതയുടെ മാർഗദർശികളാണ് എക്കാലത്തും സയ്യിദുമാർ. നബികുടുംബത്തെ പ്രിയംവെക്കലും ആദരിക്കലും തിരുനബി(സ)യോടുള്ള സ്നേഹത്തിന്റെ ലക്ഷണമാണ്. അത് അവിടുത്തോട് ഇഷ്ടം കൂട്ടുമെന്നും അഹ്‌ലുബൈത്തിനോട് വെറുപ്പോടെയും ദേഷ്യത്തോടെയും പെരുമാറൽ അവിടുത്തെ ശഫാഅത്ത് നഷ്ടപ്പെടുത്തുമെന്നും തിരുവചനങ്ങളിലുണ്ട്. വിശുദ്ധ കുടുംബത്തെ വെറുപ്പിക്കുന്നവരെ നബി(സ) സഗൗരവം താക്കീത് ചെയ്തിട്ടുണ്ട്. “ഈ ജനതയുടെ അവസ്ഥ എന്താണ്, അഹ്‌ലുബൈത്തിനെ കുറിച്ച് പലതും പറഞ്ഞുകൊണ്ടിരിക്കും. എന്റെ കുടുംബത്തിൽപ്പെട്ട ആരെങ്കിലും അവരുടെ മുന്നിലൂടെ കടന്നുപോയാൽ മിണ്ടാതിരിക്കുകയും ചെയ്യും. അല്ലാഹു സാക്ഷി, എന്റെ കുടുംബത്തോട് പ്രിയം വെക്കാത്ത ഒരാളുടെയും ഹൃദയത്തിൽ വിശ്വാസത്തിന് സ്ഥാനമില്ല.’ (ദൈലമി)

ഇമാം ശാഫിഇ (റ) പറയുന്നു: “അഹ്്ലു ബൈത്തിനെ സ്‌നേഹിക്കൽ ഖുർആൻ മുഖേന അല്ലാഹു നിർബന്ധമാക്കിയിരിക്കുന്നു. നബി(സ) തങ്ങളുടെ മേൽ സ്വലാത്ത് ചൊല്ലാത്ത ഒരു നിസ്‌കാരവും ശരിയാകില്ലെന്നത് തന്നെ അവിടുത്തെ ശ്രേഷ്ഠതക്ക് മതിയായ തെളിവാണ്’. (ദീവാനുശ്ശാഫിഈ)
ഇമാം സുയൂഥി(റ) റിപ്പോർട്ട് ചെയ്യുന്നു. നബി(സ) പറഞ്ഞു. “എന്റെ അഹ്‌ലുബൈത്തിനെയും സ്വഹാബത്തിനെയും അങ്ങേയറ്റം സ്‌നേഹിക്കുന്നവർക്കായിരിക്കും ഉറച്ച കാൽപ്പാദങ്ങളോടെ സ്വിറാത്ത് പാലം വിട്ടുകടക്കാനാകുക.’ (ഇഹ്്യാഉൽ മയ്യിത് ബിഫളാഇലി അഹ്്ലിൽ ബൈത്)
ചുരുക്കത്തിൽ അല്ലാഹുവിന്റെ അടയാളങ്ങളെ ആദരിക്കലും സ്നേഹിക്കലും ബഹുമാനിക്കലും ജീവിത വിജയത്തിനുള്ള അടിസ്ഥാന നിദാനങ്ങളാണ്. അവയെ നിന്ദിക്കുന്നവൻ കപട വിശ്വാസിയാണ്. അത്തരക്കാർ അല്ലാഹുവിന്റെ കടുത്ത ശിക്ഷക്ക് വിധേയരാകുകയും അതിന്റെ തിക്തഫലം അനുഭവിക്കുകയും ചെയ്യും, തീർച്ച.

Latest