Connect with us

muslim league

കണ്ണൂര്‍ മുസ്ലിംലീഗില്‍ വീണ്ടും രാജി; ജില്ലാ വൈസ് പ്രസിഡന്റും കമ്മിറ്റി അംഗവും രാജിവെച്ചു

രാജിക്കത്ത് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് നല്‍കിയിട്ടും സംസ്ഥാന- ജില്ലാ കമ്മിറ്റിയുടെ ഭാഗത്തു നിന്നും കാര്യമായ ഇടപെടലുണ്ടായിട്ടില്ല.

Published

|

Last Updated

പാനൂര്‍ | ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗ് കൂത്തുപറമ്പ് മണ്ഡലം ഘടകത്തിൽ രാജി തുടരുന്നു. പ്രസിഡന്റ് പി കെ അബ്ദുല്ലയും ജന. സെക്രട്ടറി പി കെ ശാഹുല്‍ ഹമീദും ഉള്‍പ്പെടെ ആറ് ഭാരവാഹികള്‍ രാജിവെച്ചതിന് പിന്നാലെ മണ്ഡലം ചുമതലയുള്ള ജില്ലാ വൈസ് പ്രസിഡന്റ് എന്‍ എ അബൂബക്കര്‍, ജില്ലാ കമ്മിറ്റിയംഗം ഖാസിം മൊകേരി എന്നിവരും സംസ്ഥാന നേതൃത്വത്തിന് രാജിക്കത്ത് നല്‍കി. കൂടുതല്‍ പേര്‍ രാജി വെക്കുമെന്നും സൂചനയുണ്ട്.

പ്രതിസന്ധി പരിഹരിക്കാന്‍ നേതൃത്വം ഇടപ്പെടാന്‍ തയ്യാറായില്ലെകില്‍ തദ്ദേശ സ്ഥാപനങ്ങളിലെ കൗണ്‍സിലര്‍മാരും പഞ്ചായത്തംഗങ്ങള്‍ ഉള്‍പ്പെടെ സ്ഥാനം രാജി വെക്കുന്ന കടുത്ത നടപടികളിലെക്ക് പോകുമെന്നും രാജിവെച്ച നേതാക്കള്‍ സൂചിപ്പിക്കുന്നുണ്ട്. രാജിക്കത്ത് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് നല്‍കിയിട്ടും സംസ്ഥാന- ജില്ലാ കമ്മിറ്റിയുടെ ഭാഗത്തു നിന്നും കാര്യമായ ഇടപെടലുണ്ടായിട്ടില്ല. മുസ്ലിം ലീഗ് മാനേജ്‌മെന്റിലുള്ള കല്ലിക്കണ്ടി എന്‍ എ എം കോളജ് ഭരണ സമിതിയില്‍ ഔദ്യോഗിക പക്ഷത്തിന് കാര്യമായ സ്വാധീനം ഇല്ലാത്ത സാഹചര്യം കാലങ്ങളായി നിലനില്‍ക്കുന്നതാണ്. ഈ വിഷയം എളുപ്പത്തില്‍ പരിഹരിക്കാനാകില്ലെന്നും സംസ്ഥാന നേതൃത്വത്തിന് ബോധ്യമുണ്ട്.

പാര്‍ട്ടിയിലെ സാമ്പത്തിക ക്രമക്കേടുകള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാണിക്കുന്നവരെ പുറത്താക്കുന്ന നടപടിയാണ് മണ്ഡലം ഔദ്യോഗിക പക്ഷം എന്നവകാശപ്പെടുന്നവരുടെ ഭാഗത്തു നിന്നും കുറച്ചു വര്‍ഷങ്ങളായി ഉണ്ടാകുന്നത്. പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ അച്ചടക്ക നടപടിയുടെ പേര് പറഞ്ഞു പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ റിയാസ് നെച്ചോളിയെയും ടി അബൂബക്കറിനെയും കോളജ് സംബന്ധമായ കാര്യങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തുക പ്രയാസമാണെന്നും എതിര്‍വിഭാഗം പറയുന്നു. കോളജ് ഭരണസമിതിയുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസ് നിലനില്‍ക്കുകയാണെന്നും ഈ വിഷയത്തില്‍ ഒരു ചര്‍ച്ചയ്ക്കും ഇപ്പോള്‍ തയ്യാറല്ലായെന്നും എതിര്‍വിഭാഗം സംസ്ഥാന നേതാക്കളെ അറിയിച്ചിട്ടുമുണ്ട്. നേതൃത്വമിടപെട്ട് പരിഹാരം കണ്ടില്ലെങ്കിൽ ലീഗിൻ്റെ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായ കൂത്തുപറമ്പിൽ പ്രശ്‌നങ്ങള്‍ രൂക്ഷമാകാനാണ് സാധ്യത.

Latest