Connect with us

republic day

റിപ്പബ്ലിക് ദിനാഘോഷം; ഗാന്ധിജിയുടെ പ്രിയ ഗാനം കേന്ദ്രം വെട്ടി

ജനുവരി 29ന് വൈകുന്നേരം പാർലിമെന്റിന് സമീപമുള്ള വിജയ് ചൗക്കിൽ സംഘടിപ്പിക്കാറുള്ള ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിൽ നിന്നാണ് ഗാനം ഒഴിവാക്കിയത്

Published

|

Last Updated

ന്യൂഡൽഹി | രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളിലൊന്നായിരുന്ന അബൈഡ് വിത്ത് മി റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായുള്ള ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിൽ നിന്ന് കേന്ദ്ര സർക്കാർ ഒഴിവാക്കി. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ സമാപനം കുറിച്ച് എല്ലാ വർഷവും ജനുവരി 29ന് വൈകുന്നേരം പാർലിമെന്റിന് സമീപമുള്ള വിജയ് ചൗക്കിൽ സംഘടിപ്പിക്കാറുള്ള ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിൽ നിന്നാണ് ഗാനം ഒഴിവാക്കിയത്. ഈ ചടങ്ങിൽ ബാൻഡ് മേളത്തിന്റെ താളത്തിൽ അവതരിപ്പിക്കുന്ന 26 ഗീതങ്ങളുടെ പട്ടികയിൽ ഇത് ഉൾപ്പെട്ടിട്ടില്ല. 1950 മുതൽ 2019 വരെ തുടർച്ചയായി ഉൾപ്പെട്ട ഗാനം 2020ൽ മോദി സർക്കാർ ഒഴിവാക്കിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് 2021ൽ ചേർക്കുകയായിരുന്നു.

മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ വാർഷിക ദിനത്തിന്റെ തൊട്ടു തലേന്നാണ് ചടങ്ങ് നടക്കുന്നതെന്നതിനാൽ ആ പ്രത്യേകത കൂടി കണക്കിലെടുത്തായിരുന്നു ഇതുവരെയുള്ള സർക്കാറുകൾ ഗാനം ചടങ്ങിൽ ഉൾപ്പെടുത്തിയത്. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ധീര സൈനികരുടെ ഓർമക്കായി ഇന്ത്യാ ഗേറ്റിൽ സ്ഥാപിച്ചിരുന്ന അമർ ജവാൻ ജ്യോതി ദീപം കഴിഞ്ഞ ദിവസം ദേശീയ യുദ്ധ സ്മാരകത്തിലെ ദീപവുമായി ലയിപ്പിച്ചതിന് പിന്നാലെയാണ് പുതിയ വിവാദത്തിന് സർക്കാർ തിരികൊളുത്തിയത്.

Latest