Connect with us

Wayanad

'ശബ്‌ദവും വെളിച്ചവുമില്ലാതെ' വാടകസ്റ്റോറുകള്‍

ശബ്ദവും വെളിച്ചവും നിലച്ച് വാടക വിതരണ മേഖലയിലെ തൊഴിലാളികളും ഉടമകളും പ്രതിസന്ധിയില്‍.

Published

|

Last Updated

കല്‍പ്പറ്റ | ശബ്ദവും വെളിച്ചവും നിലച്ച് വാടക വിതരണ മേഖലയിലെ തൊഴിലാളികളും ഉടമകളും പ്രതിസന്ധിയില്‍. പ്രളയവും കൊവിഡ് മഹാമാരിയും അതിജീവിക്കുന്നതിനിടയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് വിതരണ മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന നിരവധി കുടുംബങ്ങളുടെ ജീവിതം പ്രതിസന്ധിയില്‍ മുങ്ങിയിരിക്കുകയാണ്.

തിരുവോണ നാളിലും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടും ബന്ധപ്പെട്ടവരില്‍ നിന്ന് അലിവുണ്ടാകുന്നില്ലെന്ന പരാതിയാണ് ഇവര്‍ ഉന്നയിക്കുന്നത്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാകാതെ വാടക സാധനങ്ങള്‍ വില്‍ക്കേണ്ട അവസ്ഥയിലാണ് പലസ്ഥാപന ഉടമകളും. 300 ഓളം വാടക സ്ഥാപനങ്ങളിലായി ഉടമകളും തൊഴിലാളികളുമുള്‍പ്പെടെ 3,000ത്തോളം ആളുകളാണ് ജീവിച്ചിരുന്നത്. അടിയന്തര നടപടികളുണ്ടായില്ലെങ്കില്‍ മറ്റ് ജില്ലകളില്‍ കണ്ടത് പോലെ ഇവിടെയും ആളുകള്‍ക്ക് ജീവിതം അവസാനിപ്പിക്കേണ്ട ഗതി ഉണ്ടായേക്കുമെന്ന് തൊഴിലാളികള്‍ പറയുന്നു.

പ്രളയവും കൊവിഡും മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ഓണം സീസണില്‍ ഉണ്ടായ പ്രളയം രണ്ട് വര്‍ഷവും മേഖലയെ തകര്‍ത്തു. കൊവിഡിന്റെ വരവ് പൂര്‍ണമായും മേഖലയെ നിശ്ചലമാക്കി. കട ബാധ്യത വര്‍ധിച്ചു. ലോക്ക്ഡൗണില്‍ കടകള്‍ തുറക്കാനാകാത്തതിനാല്‍ ലക്ഷങ്ങള്‍ വില വരുന്ന സാധനങ്ങള്‍ നശിച്ചു. പുതിയ സാധനങ്ങള്‍ ഇറക്കിയവ പലതും വെറുതെയായി. സീസണുകള്‍ പലതും നഷ്ടപ്പെട്ടു.
ഓണം, പെരുന്നാള്‍, ഉത്സവം, പള്ളി പെരുന്നാള്‍, കല്യാണം, മറ്റ് ആഘോഷങ്ങൾ എന്നിവ നഷ്ടപ്പെട്ട വിതരണ ഉടമകളും തൊഴിലാളികളും ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ പെടാപാട് പെടുകയാണെന്ന് ഹയര്‍ ഗുഡ്സ് ഓണേഴ്സ്‌ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അരോമ യൂസുഫ് പറഞ്ഞു.

ബേങ്ക് ലോണ്‍, വാടക, വായ്പ, വാഹന ഇന്‍ഷ്വറന്‍സ്, ടാക്സ് തുടങ്ങിയവ പൂര്‍ണമായും മുടങ്ങിയിരിക്കുകയാണ്. മറ്റെല്ലാ മേഖലയിലും ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും ഈ മേഖലകളില്‍ ഇളവുകള്‍ നല്‍കാത്തതാണ് ഉടമകളെ ദുരിതക്കയത്തിലേക്ക് തള്ളി വിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Latest