Connect with us

Kuwait

തൊഴില്‍ അനുമതി രേഖ പുതുക്കല്‍; ഫീസ് നിരക്ക് അടുത്ത വര്‍ഷം മുതല്‍ അഞ്ചിരട്ടി ഉയരും

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ തൊഴില്‍ അനുമതി രേഖ (ഇദ്ന്‍ അമല്‍) പുതുക്കുന്നത് ഉള്‍പ്പെടെ വിദേശികള്‍ക്ക് നല്‍കുന്ന മുഴുവന്‍ സേവനങ്ങള്‍ക്കും 500 ശതമാനത്തില്‍ അധികം ഫീസ് വര്‍ധിപ്പിക്കാന്‍ മാനവശേഷി സമിതി ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഇതിനായി പ്രത്യേക സമിതിയെ നിയോഗിച്ചതായും ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ ഫീസ് നിരക്ക്അവലോകനം ചെയ്ത ശേഷം പുതിയ ഫീസ് നിരക്ക് നിശ്ചയിക്കുക എന്നതാണ് ഇതിനായി രൂപവത്കരിച്ച സമിതിയുടെ ചുമതല. ഇതര ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ ഫീസ് ഈടാക്കുന്ന രാജ്യം കുവൈത്താണ്. അടുത്ത വര്‍ഷം മുതല്‍ വര്‍ധന നടപ്പിലാക്കി തുടങ്ങുമെന്നാണ് വിവരം. തൊഴില്‍ അനുമതി രേഖ പുതുക്കുന്നതിന് പ്രതിവര്‍ഷം 10 ദിനാറാണ് ഇപ്പോഴത്തെ നിരക്ക്. എന്നാല്‍ പുതിയ നിയമം നടപ്പിലായാല്‍ ഇത് ഒറ്റയടിക്ക് 50 ദിനാര്‍ ആയി ഉയരും.

അതേസമയം, മാനവശേഷി സമിതിയുടെ വരാനിരിക്കുന്ന തീരുമാനങ്ങളുടെ നിയമ നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കാന്‍ ഫത്വ ലെജിസ്ലേറ്റീവ് സമിതിയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപവത്ക്കരിക്കാന്‍ വാണിജ്യ-വ്യവസായ മന്ത്രി ഡോ. അബ്ദുല്ല അല്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. 60 വയസിനു മുകളില്‍ പ്രായമായവരുടെ താമസരേഖ പുതുക്കുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം പോലുള്ള നിയമപരമായ പിശകുകള്‍ സംഭവിക്കുന്നത് ഒഴിവാക്കാന്‍കൂടി ഉദ്ദേശിച്ചാണ് തീരുമാനം.