Connect with us

International

ഇമ്രാന്‍ ഖാന് ആശ്വാസം; തീവ്രവാദ കുറ്റങ്ങള്‍ റദ്ദാക്കാന്‍ ഇസ്ലാമാബാദ് ഹൈക്കോടതി ഉത്തരവ്

ഇസ്ലാമാബാദ് അഡീഷണല്‍ സെഷന്‍സ് ജഡ്ജിക്കും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഇമ്രാന്‍ ഖാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ തീവ്രവാദ കുറ്റം ചുമത്താന്‍ സാധിക്കുന്നവയല്ലെന്ന് കോടതി നിരീക്ഷിച്ചു.

Published

|

Last Updated

ഇസ്ലാമാബാദ് | പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ തീവ്രവാദ കുറ്റങ്ങള്‍ റദ്ദാക്കാന്‍ ഇസ്ലാമാബാദ് ഹൈക്കോടതി ഉത്തരവ്. ഇസ്ലാമാബാദ് അഡീഷണല്‍ സെഷന്‍സ് ജഡ്ജിക്കും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഇമ്രാന്‍ ഖാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ തീവ്രവാദ കുറ്റം ചുമത്താന്‍ സാധിക്കുന്നവയല്ലെന്ന് കോടതി നിരീക്ഷിച്ചു. ആഗസ്റ്റ് 20ന് ഇസ്ലാമാബാദില്‍ നടത്തിയ പ്രസംഗത്തില്‍ ഇമ്രാന്‍ ഖാന്‍ വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തിയതായി ചൂണ്ടിക്കാട്ടി സദ്ദാര്‍ മജിസ്‌ട്രേറ്റ് അലി ജാവേദ് നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ്.

തുടര്‍ന്ന് ഖാനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവും സര്‍ക്കാര്‍ നടത്തിയിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും വനിതാ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയെയും ഭീഷണിപ്പെടുത്തി, പോലീസ് ഉദ്യോഗസ്ഥരെയും ജുഡീഷ്യറിയെയും അവരുടെ നിയമപരമായ ബാധ്യതകള്‍ നിര്‍വഹിക്കുന്നതില്‍ നിന്ന് തടയുക എന്നതായിരുന്നു ഭീഷണിയുടെ പ്രധാന ലക്ഷ്യം തുടങ്ങിയ കുറ്റങ്ങളാണ് ഇമ്രാന്‍ ഖാനെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറില്‍ ചുമത്തിയിരുന്നത്.

ആഗസ്റ്റ് 22ന് ഇമ്രാന്‍ ഖാന് മൂന്ന് ദിവസത്തേക്ക് ട്രാന്‍സിറ്റ് ജാമ്യം ലഭിച്ചിരുന്നു. പിന്നീട് സെപ്തംബര്‍ 12 വരെ ഇടക്കാല ജാമ്യം നീട്ടിയ കോടതി ഒരു ലക്ഷം രൂപ ബോണ്ടായി സമര്‍പ്പിക്കാനും നിര്‍ദേശിച്ചിരുന്നു. വനിതാ ജഡ്ജിക്കെതിരായ വിവാദ പരാമര്‍ശം പിന്‍വലിക്കാന്‍ തയാറാണെന്ന് ഇമ്രാന്‍ ഖാന്‍ ആഗസ്റ്റ് 31ന് പറഞ്ഞിരുന്നു.

ഇസ്ലാമാബാദില്‍ നടന്ന ഒരു റാലിക്കിടെ, രാജ്യദ്രോഹക്കുറ്റം ചുമത്തി ഇമ്രാന്‍ ഖാന്റെ സഹായി ഷഹബാസ് ഗില്ലിനെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ഷഹബാസിനെ രണ്ട് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ഇതില്‍ കുപിതനായാണ് ഇമ്രാന്‍ ഖാന്‍ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജിയെ ഭീഷണിപ്പെടുത്തുന്ന രൂപത്തില്‍ പ്രസംഗിച്ചത്.

 

Latest