Connect with us

National

സ്വാതന്ത്ര്യ സമര സേനാനികളെ അപഹസിക്കുന്ന പരാമര്‍ശം; നടി കങ്കണക്കെതിരെ ഹരജി ഫയല്‍ ചെയ്ത് അഭിഭാഷകന്‍

Published

|

Last Updated

ആഗ്ര | സ്വാതന്ത്ര്യ സമര സേനാനികളെ അപഹസിക്കുന്ന രീതിയില്‍ നടി കങ്കണ റണാവത് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ കോടതിയില്‍ ഹരജി ഫയല്‍ ചെയ്ത് അഭിഭാഷകന്‍. ആഗ്ര കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ രാമശങ്കര്‍ ശര്‍മയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. കങ്കണക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതുമായി ബന്ധപ്പെട്ട് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെയും മഹാത്മാ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവന നടത്തിയ ബി ജെ പി നേതാവ് പ്രഗ്യ താക്കൂറിന്റെയും പേരുകള്‍ ഹരജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഡിസംബര്‍ 15ന് ഹരജിയില്‍ കോടതി വാദം കേള്‍ക്കും. ആഗ്രയിലെ രാജീവ് ഗാന്ധി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റാണ് ശര്‍മ.

സ്വാതന്ത്ര്യ സമര സേനാനികളെയും മഹാത്മാ ഗാന്ധിയുടെ അഹിംസാ സിദ്ധാത്തെയും അപഹസിക്കുന്ന പരാമര്‍ശമാണ് കങ്കണ നടത്തിയതെന്ന് ആരോപിക്കുന്ന ഹരജി കഴിഞ്ഞ മാസം 23നാണ് സമര്‍പ്പിക്കപ്പെട്ടത്. ഹരജിയില്‍ പ്രധാന മന്ത്രിയുടെ പേര് വലിച്ചിഴച്ചതിനെതിരെ ഹിന്ദുസ്ഥാന്‍ ബിരാദരി സംഘടനയുടെ വൈസ് ചെയര്‍മാന്‍ വിശാല്‍ ശര്‍മയും ആഗ്ര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റ് സമീറും രംഗത്തെത്തി. ഈ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് ഇരുവരും ആരോപിച്ചു. എന്നാല്‍, സ്വാതന്ത്ര്യ സമര സേനാനികളെ അപഹസിക്കുന്ന കങ്കണയുടെ പരാമര്‍ശത്തെ വിശാലും സമീറും രൂക്ഷമായി വിമര്‍ശിച്ചു. അതേസമയം, ആഗ്രയിലെ കോണഗ്രസ് നേതാവ് ഷബീര്‍ അബ്ബാസ് ഹരജിക്കാരനെ പരിപൂര്‍ണമായി പിന്തുണച്ചു. രാജ്യത്തെ സ്വതന്ത്രമാക്കുന്നതിനു വേണ്ടി ഇന്ത്യന്‍ ജനത നടത്തിയ ത്യാഗങ്ങളെ ഒരിക്കലും വിസ്മരിക്കാനാകില്ല. സ്വാതന്ത്ര്യ സമര സേനാനികളെയും മഹാത്മാ ഗാന്ധിയെയും അവഹേളിക്കുന്ന പരാമര്‍ശമാണ് കങ്കണയുടെത്. അതിനാല്‍ത്തന്നെ അഡ്വക്കേറ്റ് രാമശങ്കറിന്റെ നടപടി ശരിയാണെന്നും ഷബീര്‍ അബ്ബാസ് പറഞ്ഞു.