Connect with us

pp shaijal

വീണ്ടും പുറത്താക്കല്‍; നടപടി കോടതി ഉത്തരവ് ലംഘനമെന്ന് പി പി ഷൈജല്‍

വ്യാജ രേഖകള്‍ ചമച്ച് കല്‍പ്പറ്റ മുനിസിഫ് കോടതിയെ കബളിപ്പിക്കാന്‍ പി എം എ സലാം ശ്രമിക്കുകയാണെന്ന് ഷൈജല്‍ കുറ്റപ്പെടുത്തി.

Published

|

Last Updated

കല്‍പ്പറ്റ | എം എസ് എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി പി ഷൈജലിനെ വീണ്ടും പുറത്താക്കി മുസ്ലിം ലീഗിന്റെ വിചിത്ര നടപടി. ഡിസംബറിലെ നടപടി കോടതി തടഞ്ഞിരുന്നതിനാല്‍ പുതിയ തീയതി കാണിച്ചാണ് അറിയിപ്പ്. കോടതി ഉത്തരവ് ലംഘിച്ചാണ് നടപടിയെന്ന് ഷൈജല്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു. ഹരിത വിഷയത്തില്‍ സ്വീകരിച്ച നിലപാടുമായി ബന്ധപ്പെടുത്തി അച്ചടക്ക ലംഘനം ആരോപിച്ച് 2021 ഡിസംബര്‍ മൂന്നിന് പാര്‍ട്ടി നേതൃത്വം ഷൈജലിനെ പുറത്താക്കിയിരുന്നു. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഇതെന്ന് അന്ന് അദ്ദേഹം പറയുകയും നോട്ടീസ് നല്‍കാതെയും വിശദീകരണം തേടാതെയും പുറത്താക്കിയതിനെതിരെ ഷൈജൽ നല്‍കിയ ഹരജിയില്‍ പാര്‍ട്ടി നടപടി കല്‍പ്പറ്റ മുനിസിഫ് കോടതി സ്റ്റേ ചെയ്യുകയുമുണ്ടായി.വിഷയത്തില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമില്ലെന്നാണ് ആക്ടിംഗ് ജനറല്‍ സെക്രട്ടറി സ്റ്റേ നടപടിയോട് പ്രതികരിച്ചത്. എന്നാല്‍, കോടതിയില്‍ ഈ വാദം ഉന്നയിക്കാതെ പാര്‍ട്ടിയുടെ ഭാഗം പറയാന്‍ സമയം വേണമെന്നാണ് പി എം എ സലാം അഭ്യര്‍ഥിച്ചത്.

പാര്‍ട്ടി നേതൃത്വത്തിന്റേതായി ഷോ കോസ് നോട്ടീസ് മാര്‍ച്ച് ഏഴിന് ലഭിച്ചതായി ഷൈജല്‍ പറഞ്ഞു. അച്ചടക്ക ലംഘനവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ഏഴ് ദിവസത്തിനകം മറുപടി നല്‍കിയില്ലെങ്കില്‍ പുറത്താക്കുമെന്നായിരുന്നു നോട്ടീസില്‍. ഒരിക്കല്‍ പാര്‍ട്ടി പുറത്താക്കിയ തനിക്ക് മൂന്ന് മാസത്തിന് ശേഷമാണ് പുറത്താക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന നോട്ടീസ് ലഭിച്ചത്. ഫെബ്രുവരി 28 എന്ന തീയതി വെച്ച് തയാറാക്കിയതാണ് നോട്ടീസ്. ജൂലൈ 18ന് കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തിലെ തീരുമാനം അനുസരിച്ച് തന്നെ പുറത്താക്കിയതായുള്ള അറിയിപ്പ് അടുത്തിടെയാണ് തപാലില്‍ ലഭിച്ചത്. 2021 നവംബര്‍ 29നു പാര്‍ട്ടി വയനാട് ജില്ലാ കമ്മിറ്റി ഓഫീസില്‍ അതിക്രമിച്ചു കയറി നിയോജകമണ്ഡലം കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുകയായിരുന്ന മുട്ടില്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റിനെയും മറ്റു നേതാക്കളെയും ആക്രമിച്ചതിനും അപമാനിച്ചതിനും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നുവെന്നായിരുന്നു അറിയിപ്പിലുള്ളത്.

പാര്‍ട്ടി നേതൃത്വം തനിക്കു അയച്ച ഷോ കോസ് നോട്ടീസും സംസ്ഥാന സമിതി തീരുമാന പ്രകാരം പുറത്താക്കിയതായുള്ള അറിയിപ്പും മുനിസിഫ് കോടതിയിലെ കേസ് അനുകൂലമാക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നും ഷൈജല്‍ പറഞ്ഞു. പാര്‍ട്ടി ഭരണഘടനക്ക് വിരുദ്ധമായി തന്നെ പുറത്താക്കിയതുമായി ബന്ധപ്പെട്ട കേസില്‍ വ്യാജ രേഖകള്‍ ചമച്ച് കല്‍പ്പറ്റ മുനിസിഫ് കോടതിയെ കബളിപ്പിക്കാന്‍ പി എം എ സലാം ശ്രമിക്കുകയാണെന്ന് ഷൈജല്‍ കുറ്റപ്പെടുത്തി. ആക്ടിംഗ് ജനറല്‍ സെക്രട്ടറിക്കെതിരേ നടപടി സ്വീകരിക്കാന്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ തയാറാകണമെന്നും ആവശ്യപ്പെട്ടു.

 

---- facebook comment plugin here -----

Latest