Connect with us

Malappuram

റമസാന്‍ 27-ാം രാവ് പ്രാര്‍ഥനാ സമ്മേളനം; പതാക ഉയര്‍ന്നു, സമ്മേളന പരിപാടികള്‍ക്ക് ബുധനാഴ്ച തുടക്കം

സമസ്ത ഉപാധ്യക്ഷനും സ്വാഗതസംഘം ചെയര്‍മാനുമായ സയ്യിദ് അലി ബഫഖി തങ്ങള്‍, മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി എന്നിവര്‍ നേതൃത്വം നല്‍കി.

Published

|

Last Updated

മലപ്പുറം: |റമസാന്‍ 27-ാം രാവില്‍ മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന പ്രാര്‍ഥനാ സമ്മേളനത്തിന്റെ പതാക ഉയര്‍ന്നു. സമസ്ത ഉപാധ്യക്ഷനും സ്വാഗതസംഘം ചെയര്‍മാനുമായ സയ്യിദ് അലി ബഫഖി തങ്ങള്‍, മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി എന്നിവര്‍ നേതൃത്വം നല്‍കി. സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്റാഹീം ബാഖവി മേല്‍മുറി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, എസ് വൈ എസ് ജില്ലാ സെക്രട്ടറി പി പി മുജീബ് റഹ്‌മാന്‍, ദുല്‍ഫുഖാറലി സഖാഫി സംബന്ധിച്ചു.

പ്രാര്‍ഥനാ സമ്മേളനത്തിന്റെ ഭാഗമായുള്ള വിവിധ പരിപാടികളുടെ ഉദ്ഘാടനം ബുധനാഴ്ച വൈകിട്ട് നാലിന് സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിക്കും. തുടര്‍ന്ന് മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ ഇഅ്തികാഫ് ജല്‍സ ആരംഭിക്കും. വിവിധ ആത്മീയ വൈജ്ഞാനിക മജ്ലിസുകള്‍ നടക്കും.

വ്യാഴാഴ്ച വൈകിട്ട് നാലിന് പ്രധാന വേദിയില്‍ പ്രാര്‍ഥനാ സമ്മേളന സമാപന സംഗമം ആരംഭിക്കും. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഒരു ലക്ഷം പേര്‍ പങ്കെടുക്കുന്ന ഇഫ്താര്‍ സംഗമം നടക്കും. വിവിധ നിസ്‌കാരങ്ങള്‍ക്കും അത്താഴത്തിനും സൗകര്യമൊരുക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സംവിധാനങ്ങളുണ്ടാകും.

റമസാന്‍ 27-ാം രാവും വെള്ളിയാഴ്ച രാവും ഒരുമിച്ച് വരുന്നതിനാലും രണ്ട് കൊവിഡ് വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന പരിപാടിയായതിനാലും വിശ്വാസികളുടെ ഒഴുക്ക് കണക്കിലെടുത്ത് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. പ്രധാന വേദിയുടെയും കവാടത്തിന്റെയും പണി പൂര്‍ത്തിയായിക്കഴിഞ്ഞു. പ്രാര്‍ഥനാ സമ്മേളനത്തിലെത്തുന്ന വിശ്വാസികളെ സഹായിക്കുന്നതിനായി 5555 അംഗ സന്നദ്ധ വിഭാഗത്തിന്റെ സേവനവുമുണ്ടാകും.