Connect with us

From the print

'99ലെ വെള്ളപ്പൊക്കം'; മഹാ പ്രളയത്തിന് ഇന്ന് നൂറാണ്ട്

കൊല്ലവര്‍ഷം 1099 കര്‍ക്കിടക മാസത്തില്‍ നടന്നതിനാലാണ് തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം എന്ന പേരില്‍ അറിയപ്പെടുന്നത്.

Published

|

Last Updated

തിരുവനന്തപുരം | തലമുറകളായി കേരളം കൈമാറി വരുന്ന ഭീതിദമായ ഓര്‍മയായ ’99ലെ മഹാപ്രളയ’ത്തിന് ഇന്ന് നൂറാണ്ട്. 1924 ജൂലൈ 16 നായിരുന്നു കേരളത്തെ തകര്‍ത്തെറിഞ്ഞ മലവെള്ളപ്പാച്ചില്‍ ഉണ്ടായത്. കൊല്ലവര്‍ഷം 1099 കര്‍ക്കിടക മാസത്തില്‍ നടന്നതിനാലാണ് തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം എന്ന പേരില്‍ അറിയപ്പെടുന്നത്. കേരളത്തിന്റെ ഭൂപടം മാറ്റിയ മഹാപ്രളയം കൊച്ചിയിലെയും മുസിരീസിന്റെയും അഴിമുഖത്തെയും മൂന്നാര്‍ നഗരത്തെയും പൂര്‍ണമായും ഇല്ലാതാക്കി .

നൂറ് കൊല്ലം മുമ്പ് കര്‍ക്കടക മാസത്തിന്റെ ആദ്യ മൂന്ന് ആഴ്ചകളില്‍ പെയ്ത തോരാമഴ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ നാടുകളെ ഒരുപോലെ ബാധിച്ചു. മഴയും മലവെള്ളത്തിനുമൊപ്പം കടലാക്രമണവും നാശം വിതച്ചു. തെക്കന്‍ തിരുവിതാംകൂറിന്റെയും വടക്കന്‍ മലബാറിന്റെയും താഴ്ന്ന പ്രദേശങ്ങളില്‍ ഇരുപതടിയോളം ഉയരത്തില്‍ വെള്ളം പൊങ്ങിയെന്നാണ് ചരിത്ര രേഖകള്‍.

ഇന്നത്തെ മധ്യകേരളത്തെയാണ് വെള്ളപ്പൊക്കം ഏറ്റവും സാരമായി ബാധിച്ചത്. തൃശൂര്‍, എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളുടെ ഭൂരിഭാഗവും ദിവസങ്ങളോളം വെള്ളത്തില്‍ മുങ്ങിക്കിടന്നു. ആലപ്പുഴ ജില്ല പൂര്‍ണമായും, എറണാകുളം ജില്ലയുടെ നാലില്‍ മൂന്ന് ഭാഗവും വെള്ളത്തിനടിയിലായെന്നും ചരിത്ര രേഖകള്‍ പറയുന്നു. കോഴിക്കോട് നഗരത്തിന്റെ പല ഭാഗങ്ങളും മുങ്ങിയിരുന്നു.

മഹാപ്രളയത്തില്‍ എത്ര പേര്‍ മരിച്ചു എന്നതിന് കൃത്യമായ കണക്കില്ല. ആയിരത്തിലേറെയന്ന് പറയുന്നു. വെള്ളം പൊങ്ങിയ പല നാടുകളില്‍ നിന്നും ജനം ഉയര്‍ന്ന മേഖലകളിലേക്ക് പലായനം ചെയ്തു. പരിമിതമായി ഉണ്ടായിരുന്ന റോഡ്, റെയില്‍ ഗതാഗതങ്ങള്‍ പൂര്‍ണമായും നിലച്ചു. നാടൊട്ടുക്കും ഗതാഗതം മുടങ്ങി. തപാല്‍ നിലച്ചു. ഉയര്‍ന്ന പ്രദേശങ്ങളെല്ലാം അഭയാര്‍ഥികളാല്‍ നിറഞ്ഞു. വെള്ളത്തോടൊപ്പം പട്ടിണിയും രോഗങ്ങളും ജനങ്ങളെ വലച്ചു. ആയിരക്കണക്കിന് മനുഷ്യജീവന്‍ നഷ്ടമായ ആ പ്രളയത്തില്‍ നിരവധി പക്ഷിമൃഗാദികളും, കണക്കാക്കാന്‍ പറ്റാത്തിടത്തോളം കൃഷിയും നഷ്ടമായി. ചേതനയറ്റ മനുഷ്യശരീരങ്ങള്‍ പലയിടത്തും ഒഴുകി നടന്നു. ഒട്ടനവധി പേര്‍ക്ക് വീടും സ്വത്തുവകകളും വളര്‍ത്തുമൃഗങ്ങളും നഷ്ടപ്പെട്ടു. വന്മരങ്ങളും, കുടിലുകളും, ചത്ത മൃഗങ്ങളും മലവെള്ളത്തില്‍ ഒഴുകിവന്നു. മൂന്നാഴ്ചയോളം ഇടമുറിയാതെ പെയ്ത മഴക്കു ശേഷം വെള്ളമിറങ്ങാന്‍ പിന്നെയും ദിവസങ്ങളെടുത്തു. അപ്പോഴേക്കും കുടിലുകളും മറ്റ് നിര്‍മിതകളും നശിച്ചിരുന്നു. കിണറുകളും കുളങ്ങളും മണ്ണ് നിറഞ്ഞു. ചെളിയടിഞ്ഞും മറ്റും മൂടിക്കിടന്ന ഗ്രാമങ്ങള്‍ പൂര്‍വസ്ഥിതിയിലായത് വര്‍ഷങ്ങളെടുത്താണ്. പ്രളയത്തില്‍ കേരളത്തിന്റെ ചരിത്രരേഖകളും നശിച്ചു പോയി.

ഏറ്റവും വലിയ ദുരന്തമുണ്ടായ ഇടങ്ങളിലൊന്ന് സമുദ്ര നിരപ്പില്‍ നിന്ന് 1,600 മീറ്റര്‍ ഉയരത്തില്‍ കിടക്കുന്ന മൂന്നാറില്‍ ആയിരുന്നു. ഇംഗ്ലണ്ടിലെ നഗരങ്ങളുടെ മാതൃകയില്‍ ഇന്നത്തെ ആധുനിക പട്ടണങ്ങളോട് കിടപിടിക്കുന്ന സൗകര്യങ്ങളില്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച മൂന്നാര്‍ എന്ന സ്വപ്നലോകം വെള്ളത്തില്‍ പാടേ ശ്മശാനമായി. 1902 ല്‍ ബ്രിട്ടീഷുകാര്‍ തുടങ്ങിയ മൂന്നാര്‍ -തേനി റെയില്‍പാത വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയി. പിന്നീട് ഇതുവരെ മൂന്നാറില്‍ റെയില്‍ വന്നിട്ടില്ല. പ്രളയത്തില്‍ തകര്‍ന്നുപോയ ഭാഗത്തുനിന്ന് ഒരു കിലോമീറ്റര്‍ മാറി പുനര്‍നിര്‍മിച്ച മൂന്നാറാണ് ഇന്ന് നാം കാണുന്നത്.

 

Latest