Connect with us

Editorial

പഞ്ചാബ് വീണ്ടും പുകയുന്നു

ഭിന്ദ്രന്‍വാലയുടെ മരണത്തോടെ ഖലിസ്ഥാന്‍ വാദികള്‍ പത്തിമടക്കിയെന്നാണ് കരുതിയിരുന്നത്. ഭിന്ദ്രന്‍വാലയുടെ പുതിയ അവതാരമായി അമൃത്പാല്‍ സിംഗ് രംഗത്തു വരികയും സിഖ് സമൂഹത്തില്‍ അദ്ദേഹം സ്വാധീനം നേടുകയും ചെയ്തതോടെ ആ ധാരണ തിരുത്തേണ്ടി വന്നിരിക്കുന്നു.

Published

|

Last Updated

പഞ്ചാബില്‍ ഖലിസ്ഥാന്‍ വാദികള്‍ വീണ്ടും ശക്തിയാര്‍ജിക്കുകയാണ്. അമൃത്പാല്‍ സിംഗിന്റെ പടയൊരുക്കം, അജ്‌നാല പോലീസ് സ്റ്റേഷന്‍ ആക്രമണം, സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ ഈയിടെയുണ്ടായ സ്ഫോടനങ്ങള്‍ തുടങ്ങിയ സംഭവങ്ങള്‍ ഇതിലേക്കുള്ള വ്യക്തമായ സൂചനകളാണ്. ഖലിസ്ഥാന്‍ അനുകൂല സംഘടനയായ ‘വാരിസ് ദേ പഞ്ചാബി’ന്റെ നിലവിലെ തലവനാണ് അമൃത്പാല്‍ സിംഗ്. നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദുവാണ് വാരിസ് പഞ്ചാബ് ദേയുടെ സ്ഥാപകന്‍. 2022 ഫെബ്രുവരിയില്‍ ഒരു വാഹനാപകടത്തില്‍ സിദ്ദു മരിച്ചു. പിന്നാലെ സംഘടനയുടെ നേതാവായി അമൃത്പാല്‍ സിംഗ് സ്വയം അവരോധിതനാകുകയായിരുന്നു. ഖലിസ്ഥാന്‍ പ്രസ്ഥാനത്തെ പരസ്യമായി പിന്താങ്ങി പൊതു വേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു അടുത്തിടെ അമൃത്പാല്‍. ഖലിസ്ഥാന്‍ ഭീകരനായിരുന്ന ഭിന്ദ്രന്‍വാലയെ അനുകരിച്ച് വേഷം ധരിക്കുന്ന അമൃത്പാലിനെ ‘ഭിന്ദ്രന്‍വാല രണ്ടാമന്‍’ എന്നാണ് അനുയായികള്‍ വിശേഷിപ്പിക്കുന്നത്.

സിഖ് പുരോഹിതനും മതപ്രഭാഷകനുമായിരുന്ന ജര്‍നലി സിംഗ് ഭിന്ദ്രന്‍വാലയാണ് എണ്‍പതുകളുടെ തുടക്കത്തില്‍ സ്വതന്ത്ര പരമാധികാര പഞ്ചാബെന്ന ആവശ്യവുമായി ഖലിസ്ഥാന്‍ വാദത്തിന് വിത്തുവിതച്ചത്. പഞ്ചാബിലെ ശിരോമണി അകാലിദളിന്റെ അനന്ത്പൂര്‍ സാഹിബ് പ്രമേയത്തെ പൂര്‍ണമായി പിന്തുണച്ചിരുന്ന ഭിന്ദ്രന്‍വാല, സിഖ് മതത്തെ ഹിന്ദു മതത്തിലെ ന്യൂനപക്ഷ വിഭാഗമായി പരിഗണിക്കുന്ന ഭരണഘടനയുടെ 25ാം അനുഛേദത്തെ ശക്തമായി എതിര്‍ത്തിരുന്നു. അമൃത്സറിലെ സുവര്‍ണ ക്ഷേത്രം കേന്ദ്രീകരിച്ച് ഭിന്ദ്രന്‍വാലയുടെ നേതൃത്വത്തില്‍ ആയുധധാരികള്‍ സജീവമായതോടെ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണകൂടം കടുത്ത നടപടികളിലേക്ക് നീങ്ങി. ഓപറേഷന്‍ ബ്ലൂ സ്റ്റാര്‍ എന്ന് പേരിട്ട അന്നത്തെ സൈനിക നടപടിയില്‍ ഭിന്ദ്രന്‍വാലയും ക്ഷേത്രത്തില്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന നിരവധി വിഘടനവാദികളും കൊല്ലപ്പെട്ടു.

ഭിന്ദ്രന്‍വാലയുടെ മരണത്തോടെ ഖലിസ്ഥാന്‍ വാദികള്‍ പത്തിമടക്കിയെന്നാണ് കരുതിയിരുന്നത്. ഭിന്ദ്രന്‍വാലയുടെ പുതിയ അവതാരമായി അമൃത്പാല്‍ സിംഗ് രംഗത്തു വരികയും സിഖ് സമൂഹത്തില്‍ അദ്ദേഹം സ്വാധീനം നേടുകയും ചെയ്തതോടെ ആ ധാരണ തിരുത്തേണ്ടി വന്നിരിക്കുന്നു. അജ്നാല പോലീസ് സ്റ്റേഷന്‍ ആക്രമണത്തോടെയാണ് വാര്‍ത്തകളില്‍ അമൃത്പാല്‍ നിറയാന്‍ തുടങ്ങിയത്. സമീപ കാലത്തൊന്നും പഞ്ചാബ് സാക്ഷ്യം വഹിച്ചിട്ടില്ലാത്ത നടുക്കുന്ന സംഭവങ്ങളാണ് ഫെബ്രുവരി 23ന് വ്യാഴാഴ്ച അജ്നാലയില്‍ നടന്നത്. തട്ടിക്കൊണ്ടുപോകല്‍, കൈയേറ്റം ചെയ്യല്‍ തുടങ്ങിയ കേസുകളുടെ പേരില്‍ അറസ്റ്റ് ചെയ്ത ലവ്പ്രീത് സിംഗ് തൂഫാനെയും കൂട്ടാളികളെയും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അമൃത്പാലിന്റെ നേതൃത്വത്തില്‍ ആയിരത്തിലേറെ അനുയായികള്‍ തോക്കുകളും വാളുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി അജ്നാല പോലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറി. എണ്ണത്തില്‍ കുറവായ പോലീസുകാര്‍ ആത്മരക്ഷാര്‍ഥം പരക്കംപാഞ്ഞു. ഗത്യന്തരമില്ലാതെ തൂഫാനെ മോചിപ്പിക്കാമെന്ന് കമ്മീഷണര്‍ ജസ്‌കരണ്‍ സിംഗ് ഉറപ്പ് നല്‍കിയതോടെയാണ് അക്രമിസംഘം പിന്‍വാങ്ങിയത്. അടുത്ത ദിവസം രാവിലെത്തന്നെ പോലീസ് കോടതിയില്‍ മോചന റിപോര്‍ട്ട് നല്‍കുകയും കോടതി ഉത്തരവ് പ്രകാരം ഉച്ചയോടെ ലവ്പ്രീത് സിംഗ് തൂഫാനെ വിട്ടയക്കുകയും ചെയ്തു. അമൃത്പാല്‍ സിംഗിന്റെ വലംകൈയാണ് ലവ്പ്രീത് സിംഗ് തൂഫാന്‍. രാഷ്ട്രീയ ലാക്കോടെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നും എഫ് ഐ ആര്‍ റദ്ദാക്കി ഉടനെ വിട്ടയച്ചില്ലെങ്കില്‍ പിന്നീട് സംഭവിക്കാന്‍ പോകുന്നതിനൊന്നും താന്‍ ഉത്തരവാദിയല്ലെന്നും അമൃത്പാല്‍ ഭീഷണി മുഴക്കിയിരുന്നു.

ഖലിസ്ഥാന്‍ പ്രസ്ഥാനത്തെ അനുകൂലിക്കുന്നവരാണ് പഞ്ചാബിലെയും അമേരിക്ക, ബ്രിട്ടന്‍, കാനഡ തുടങ്ങി വിദേശ രാഷ്ട്രങ്ങളിലെയും സിഖുകാരില്‍ നല്ലൊരു ഭാഗം. പ്രവാസ സിഖുകാരില്‍ ഖലിസ്ഥാന്‍ വാദികളുടെ സ്വാധീനത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഞായറാഴ്ച ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കെട്ടിടത്തിനു നേരേയുള്ള ആക്രമണം. അമൃത്പാല്‍ സിംഗിനെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഖലിസ്ഥാന്‍ വാദികള്‍ ഹൈക്കമ്മീഷന്‍ കെട്ടിടത്തിലേക്ക് അതിക്രമിച്ചു കടന്നതും ഇന്ത്യന്‍ ദേശീയ പതാക വലിച്ചു താഴെയിട്ടതും.

അമൃത്പാല്‍ രാജ്യത്തിന്റെ അഖണ്ഡതക്കും കേന്ദ്ര സര്‍ക്കാറിനും കടുത്ത ഭീഷണിയായി മാറിയ സാഹചര്യത്തില്‍ അദ്ദേഹത്തെ പിടികൂടാന്‍ വന്‍ പോലീസ് സന്നാഹം രംഗത്തുണ്ട്. അയാള്‍ അസമിലേക്ക് കടന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇന്നലെ അസമില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും വിഫലം. അതേസമയം പഞ്ചാബ് വീണ്ടും പ്രശ്നകലുഷിതമായതിനെ ചൊല്ലി ബി ജെ പിയും ആം ആദ്മി പാര്‍ട്ടിയും പരസ്പരം കുറ്റപ്പെടുത്തി കൈകഴുകാനുള്ള ശ്രമത്തിലാണ്. ഭഗവന്ത്മാന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സര്‍ക്കാറിന്റെ കഴിവു കേടാണ് സംസ്ഥാനത്ത് ഖലിസ്ഥാന്‍ വാദം ശക്തിയാര്‍ജിച്ചതിനു പിന്നിലെന്ന് ബി ജെ പി കുറ്റപ്പെടുത്തുമ്പോള്‍, ആം ആദ്മി സര്‍ക്കാറിനെ താറടിക്കാനുള്ള കേന്ദ്രത്തിന്റെയും സംഘ്പരിവാറിന്റെയും ഗൂഢനീക്കങ്ങളുടെ ഭാഗമാണ് അമൃത്പാലുമായി ബന്ധപ്പെട്ട സംഭവങ്ങളെന്നാണ് ആം ആദ്മി പറയുന്നത്.

ഖലിസ്ഥാന്‍ വീണ്ടും തലപൊക്കിയതില്‍ ബി ജെ പിക്ക് പങ്കുണ്ടെന്നത് ഒരു വസ്തുതയാണ്. ബി ജെ പിയുടെ ഹിന്ദുത്വ അജന്‍ഡകളിലും 2022 ജനുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹത്തെ കര്‍ഷകര്‍ തടഞ്ഞ സംഭവത്തിനു ശേഷം സാമൂഹിക മാധ്യമങ്ങളില്‍ സിഖുകാര്‍ക്കെതിരെ നടക്കുന്ന പ്രചാരണത്തിലും സിഖ് സമൂഹം കടുത്ത അസംതൃപ്തരാണ്. സിഖുകാര്‍ക്കെതിരെ വംശഹത്യാ ആഹ്വാനങ്ങള്‍ വരെ വന്നിരുന്നു സാമൂഹിക മാധ്യമങ്ങളില്‍. ഇതെല്ലാം ഉയര്‍ത്തിയ വൈകാരികാന്തരീക്ഷത്തെയാണ് അമൃത്പാല്‍ സിംഗ് ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.