Connect with us

flight protest

വിമാനത്തിലെ പ്രതിഷേധം: കേന്ദ്ര ഇന്റലിജന്‍സും അന്വേഷണം ആരംഭിച്ചു

ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ വധിക്കാനെന്ന് എഫ് ഐ ആര്‍

Published

|

Last Updated

തിരുവനന്തപുരം |  വിമാനത്തില്‍വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത്‌കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം സംബന്ധിച്ച് കേന്ദ്ര ഇന്റലിജന്‍സും അന്വേഷണം ആരംഭിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ ഫര്‍സീന്‍ മജീദ്, നവീന്‍കുമാര്‍ എന്നിവര്‍ പ്രതിഷേധ മുദ്രാവാക്യം വിളിച്ചതും ഇവരെ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ തള്ളിമാറ്റിയതുമെല്ലാം അന്വേഷിക്കും. സംഭവത്തില്‍ ഇന്‍ഡിഗോ വിമാനക്കമ്പനിയും ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതിനിടെ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച ഫര്‍സീന്‍ മജീദ്, നവീന്‍കുമാര്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തില്‍ ഇവരടക്കം മൂന്നുപേര്‍ക്കെതിരെയാണ് കേസെടുത്തതെങ്കിലും മൂന്നാമത്തെയാള്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിയായ സുനിത്ത് കുമാറാണ് മൂന്നനാമത്തെയാള്‍. ഇയാളാണ് പ്രതിഷേധത്തിന്റെ ദൃശ്യം പകര്‍ത്തിയത്. വിമാനം ഇറങ്ങിയ ഉടന്‍ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. സുനിത്ത് തിരുവനന്തപുരം നഗരത്തില്‍തന്നെ ഒളിവില്‍ കഴിയുന്നതായാണ് പോലീസിന്റെ നിഗമനം. ഇയാള്‍ക്കായി നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്.

മുഖ്യമന്ത്രിയെ വധിക്കുക എന്ന ലക്ഷ്യമിട്ടാണ് വിമാനത്തില്‍ ആക്രമണ ശ്രമമുണ്ടായതെന്ന് പോലീസ് എഫ് ഐ ആര്‍ പറയുന്നു. തടയാന്‍ ശ്രമിച്ച ഗണ്‍മാന്‍ അനില്‍കുമാറിനെ ആക്രമിച്ചു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും എഫ് ഐ ആറിലുണ്ട്.