book review
തീക്ഷ്ണാനുഭവങ്ങളുടെ കരുത്തുറ്റ കഥകൾ
ഉപരിപ്ലവമായ പൊരുത്തപ്പെടലിൻ്റെ പ്രതീക്ഷാലോകമല്ല. അപ്രിയമായതാണെങ്കിലും ജീവിതത്തിൻ്റെ കയ്പ്പേറിയ അനുഭവങ്ങളെ മാറ്റിനിർത്തിക്കൊണ്ടുള്ള കൃത്രിമമായ കഥാപരിസരം സൃഷ്ടിച്ചെടുക്കാനും അവർക്കാകില്ലെന്ന് തുറന്ന് പ്രഖ്യാപിക്കുക കൂടി ചെയ്യുന്നുണ്ട് അഷിതയുടെ കഥാലോകം.

കഥകൾ പിറക്കുന്ന വഴികൾ പലപ്പോഴും പ്രവചനങ്ങൾക്ക് വഴങ്ങുന്നതാകില്ല. കണ്ടതും കേട്ടതും അനുഭവിച്ചറിഞ്ഞതും ഭാവനകളിലെ മനസ്സിന്റെ സർഗ സഞ്ചാരങ്ങളെല്ലാം കഥകൾക്ക് അസംസ്കൃത വസ്തുക്കളായേക്കാം. കരുത്തുറ്റ കഥകൾ കൊണ്ട് മലയാള ഭാഷയെ ധന്യമാക്കി മരണത്തിനു കീഴടങ്ങി 2019 ൽ രംഗമൊഴിഞ്ഞ അഷിത എന്ന കഥാകാരിയെ ഇതിൽ ഏതു ഗണത്തിൽപെടുത്താം. ഒരു സംശയവുമില്ല. ഉള്ളുലയ്ക്കുന്ന അവഹേളനത്തിന്റെയും അവഗണനയുടേയും നോവുകളിൽ മുളച്ചുപൊന്തിയ അനുഭവതീക്ഷ്ണതകളാൽ മലയാളചെറുകഥക്ക് അഷിത എന്ന എഴുത്തുകാരി നേരനുഭവങ്ങളുടെ നേർസാക്ഷ്യത്തിന്റെ പിൻബലത്തിൽത്തന്നെയാണ് സർഗവസന്തങ്ങൾ വിരിയിച്ചത്. 265 പേജുകളിലായി അറുപതോളം കഥകളടങ്ങിയ ” അഷിതയുടെ കഥകൾ ‘ എന്ന സമാഹാരം അതു തെളിയിക്കുന്നു.
മനുഷ്യാവസ്ഥകളിൽ നിന്ന് വേറിട്ടൊരു കഥാലോകം അഷിതക്ക് ഇല്ലെന്നു തന്നെ പറയാം. അതു കൊണ്ടു തന്നെ ഇതിലെ കഥകളെല്ലാം നൂറ് ശതമാനവും ചിരപരിചിത ജീവിത പരിസരങ്ങളോട് ഏറ്റവും അടുത്തു നിൽക്കുന്നു.
“വിവാഹമാണോ മൈഥിലിയുടെ ജീവിതത്തിലെ സകല മൃദുലതയും നശിപ്പിച്ചത്, അതോ വിവാഹമോചനമോ? സ്റ്റീഫൻ ചോദിച്ചു. പ്രേമിച്ചു വിപ്ലവകരമായി ഒളിച്ചോടി രജിസ്ട്രാഫീസിൽ ചെന്ന് വിവാഹിതയായവളാണു ഞാൻ. അഞ്ച് വർഷത്തെ പ്രേമം, 10 വർഷത്തെ ദാമ്പത്യം, രണ്ട് നരകവും കണ്ട ഞാൻ പറയുന്നത് വിശ്വസിക്കൂ സ്റ്റീഫൻ, ഒന്നിനും അത്ര ഉറപ്പില്ല’ (കഥ: ഗമകം)
“പ്രേമത്തിലും സ്നേഹത്തിലും ജീവിതത്തിന്റെ നന്മകളിലുമുള്ള വിശ്വാസം എനിക്കെന്നോ നഷ്ടമായി. പ്രേമവും വിവാഹവും ഇത്ര വലിയ ത്യാഗങ്ങളൊന്നും അർഹിക്കുന്നില്ലെന്നും ജീവിതത്തിനു കാൽപ്പനിക ഭംഗികളില്ലെന്നും അത് വെറും പൊരുത്തപ്പെടൽ മാത്രമാണെന്നുമൊക്കെ ഉറച്ചും തെളിച്ചും പറയാൻ ഞാൻ ആഗ്രഹിച്ചു’ (കഥ: എന്നിട്ടോ?) അഷിതയുടെ കഥാപാത്രങ്ങൾ വിളിച്ചു പറയുന്ന കൺമുന്നിൽ കാണുന്ന ഇത്തരം സത്യങ്ങളെ നൂറ് ശതമാനവും ശരിവെക്കുകയല്ലേ മലയാളിയുടെ കാലിക ദാമ്പത്യവും ആത്മവിശുദ്ധിയില്ലാത്ത പ്രണയവും?
ഉപരിപ്ലവമായ പൊരുത്തപ്പെടലിന്റെ പ്രതീക്ഷാലോകമല്ല. അപ്രിയമായതാണെങ്കിലും ജീവിതത്തിന്റെ കയ്പ്പേറിയ അനുഭവങ്ങളെ മാറ്റിനിർത്തിക്കൊണ്ടുള്ള കൃത്രിമമായ കഥാപരിസരം സൃഷ്ടിച്ചെടുക്കാനും അവർക്കാകില്ലെന്ന് തുറന്ന് പ്രഖ്യാപിക്കുക കൂടി ചെയ്യുന്നുണ്ട് അഷിതയുടെ കഥാലോകം. അതുകൊണ്ടാണ് കഥ എഴുത്തിന്റെ മൗലികത അവരെ വേണ്ടുവോളം അനുഗ്രഹിച്ചതും.
അഷിതയുടെ കഥകൾ എന്ന പുസ്തകം മലയാള ചെറുകഥയിലെ തീർത്തും വ്യതിരിക്തത പുലർത്തുന്നത് അത് മറ്റൊരു കഥാരീതിയോടും താരതമ്യപ്പെടുത്താനാകാത്തതും അനുകരണത്തിന്റെ ഒരു ലാഞ്ചനപോലും പ്രകടിപ്പിക്കുന്നില്ലാ എന്നതുകൊണ്ടു കൂടിയാണ്. അതുപോലെ എളുപ്പത്തിൽ മറ്റാർക്കും അനുകരിക്കാൻ വഴങ്ങിക്കൊടുക്കുന്ന രീതിയും ഈ കഥകൾക്കില്ല. അവരുടെ ഏറ്റവും ശ്രദ്ധേയവും ആത്മകഥാംശം ഏറെയുള്ളതുമായ രചനയായി കരുതാവുന്ന ഒന്നാണ് “അമ്മ എന്നോടു പറഞ്ഞ നുണകൾ’ എന്ന കഥ.
“രാമായണത്തിലെ വരികളിലൂടെ വക്കു പൊട്ടിയ നഖമുള്ള അമ്മയുടെ ചൂണ്ടുവിരൽ അരിച്ചുനീങ്ങുന്നു. ആ ചൂണ്ടുവിരലിന്റെ തുമ്പിൽവിരിഞ്ഞ നാമരൂപങ്ങളായിരുന്നു ഈ ലോകത്തിൽ ഞാനാദ്യം പരിചയിച്ച നുണകൾ’.
ആത്മീയതയുടെ പുറംപൂച്ചിൽ വിരാജിക്കുമ്പോഴും അത് ഹൃദയത്തിൽ തട്ടാത്തിടത്തോളം കാപട്യത്തിന്റെ മുഖം മൂടി അണിഞ്ഞു കൊണ്ടായിരിക്കും വ്യക്തികളിൽ ഇടം പിടിക്കുക എന്നാണ് ഈ കഥയിലൂടെ അവർ വിളിച്ചുപറയുന്നത്.
അഷിത മരിക്കുന്നതിന്റെ തൊട്ടുതലേ വർഷം അവർ മലയാളത്തിലെ പ്രമുഖ കഥാകൃത്തായ ശിഹാബുദ്ദീൻ പൊയ്ത്തുംകടവിനോട് മനസ്സ് തുറന്നതിലൂടെ വായനാലോകം അതു കേട്ട് ഞെട്ടിത്തരിച്ചതാണ്. അതിൽ സ്കൂൾ വിട്ടുവരുന്ന കുട്ടിക്ക് അഹമ്മദ്ക്ക എന്നയാൾ മിഠായികൾ നൽകുന്നതും അതറിഞ്ഞ കുട്ടിയുടെ അമ്മ കർശനമായി അതു വിലക്കുക മാത്രമല്ല അഹമ്മദ്ക്കയോടുള്ള വെറുപ്പ് കുട്ടിയിൽ കുത്തിനിറക്കുന്നതും ഭാവനയേക്കാൾ ഏറെ ജീവിതത്തിന്റെ അനുഭവപരിസരത്തിന്റെ ആവിഷ്കാരം തന്നെയാകും എന്നു കരുതാനാണ് ന്യായം.
പിന്നീട് കുട്ടിയായ ആ കഥാപാത്രം ആത്മഗതം കൊള്ളുന്നതിങ്ങനെ “അഹമ്മദ്ക്ക ആരുമല്ലാതിരിക്കുക, മധുരിക്കുന്ന ഒരു നോട്ടമോ വാക്കോ നീട്ടാത്ത ആഴ്ച തോറും വന്ന് വീടാകെ കിടിലംകൊള്ളിക്കുന്ന ഒരാൾ അച്ഛനായിരിക്കുക.’
ചിരപരിചിതമായ ജീവിത പരിസരങ്ങളിൽ നിന്നും അനുഭവസാക്ഷ്യങ്ങൾക്ക് കഥയുടെ തീക്ഷ്ണ ഭാവം ചാർത്തിക്കൊടുക്കുകയാണ് ഇത്തരം കഥകളിലൂടെ അഷിത. ഈ തരത്തിലുള്ള അനേകം സംഭവങ്ങളാൽ മൗലികതയുടെ കരുത്ത് പ്രകടമാക്കുന്ന കഥകളാൽ സമ്പന്നമാണ് ” അഷിതയുടെ കഥകൾ” എന്ന പുസ്തകത്തിലെ കഥകൾ ഏറെയും. വായനക്ക് തീപിടിപ്പിക്കുക എന്നത് വെറും ഒരു ആലങ്കാരിക വിശേഷണമല്ലെന്ന് തെളിയിക്കുക കൂടി ചെയ്യുന്നു ഈ പുസ്തകം. പ്രസാധകർ മാതൃഭൂമി ബുക്സ്. വില 250 രൂപ.