Connect with us

silver line protest

പോലീസിന്റെ ബൂട്ടിട്ട് ചവിട്ടല്‍: സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷിക്കും

പിണറായി വിജയന് വീതം വച്ച് കിട്ടിയതല്ല കേരളം: കെ സുധാകരന്‍

Published

|

Last Updated

തിരുവനന്തപുരം|  തലസ്ഥാനത്ത്‌ സില്‍വര്‍ ലൈന്‍ പ്രതിഷേധക്കാരെ പോലീസ് ബൂട്ടിട്ട് ചവിട്ടിയ സംഭവം സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി അന്വേഷിക്കും. മംഗലപുരം പോലീസ് സ്റ്റേഷനിലെ സി പി ഒ ശബീറിനെതിരെയാണ് തിരുവനന്തപുരം റൂറല്‍ എസ് പിയുടെ നിര്‍ദേശ പ്രകാരം അന്വേഷിക്കുന്നത്.

സില്‍വര്‍ ലൈന്‍ പ്രതിഷേധവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണിയാപുരത്ത് നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഭവം. കെ റെയില്‍ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ സമരക്കാര്‍ തടഞ്ഞതോടെ പോലീസ് ഇടപെടുകയായിരുന്നു. പോലീസും സമരക്കാരും തമ്മില്‍ ഉന്തുംതള്ളും നടക്കുന്നതിനിടെ പോലീസുകാരനായ ഷബീര്‍ ഒരു സമരക്കാരനെ ചവിട്ടുകയായിരുന്നു. സംഭവം വലിയ വിവാദമാകുകയും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തതിന് പിന്നാലെയാണ് അന്വേഷണം.

അതിനിടെ കണ്ണൂര്‍ ചാലയില്‍ സ്ഥാപിച്ച കെ റെയില്‍ കല്ലുകള്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ സാന്നിധ്യത്തിലെത്തി യൂത്ത്‌കോണ്‍ഗ്രസ് പിഴുതുമാറ്റി. പ്രവര്‍ത്തകരും പൊലീസ് ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായി.

പിണറായി വിജയന്റെ ഏകാധിപത്യം ഉള്‍ക്കൊണ്ട് പോവില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു. പിണറായി വിജയനു വീതം വച്ച് കിട്ടിയതല്ല കേരളം. ഇത് ജനങ്ങളുടെ ഭൂമിയാണ്. ഇത് പിണറായി വിജയന് ആരും തീറെഴുതിക്കൊടുത്തിട്ടില്ല. എവിടെ കുറ്റിയിട്ടാലും അത് പ്രബുദ്ധരായ ജനങ്ങള്‍ പിഴുതുമാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

 

Latest