Connect with us

book review

പ്രാണന് വേണ്ടിയുള്ള നെട്ടോട്ടം

Published

|

Last Updated

അഫ്ഗാനിസ്ഥാനിൽ നിലനിന്നിരുന്ന സമകാലികാവസ്ഥകളും രാഷ്ട്രീയാന്തരീക്ഷങ്ങളും വിശദമാക്കുന്ന ഒരു വിഖ്യാത നോവലായിട്ടാണ് ഖാലിദ് ഹൊസൈനിയുടെ “പട്ടം പറത്തുന്നവൻ’ വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ളത്. ഇരുപത്തിയഞ്ച് അധ്യായങ്ങളിലായി വളരെ വൈവിധ്യമാർന്ന രചനാ ശൈലിയാണ് നോവലിന്റെത്. കഥാപാത്രങ്ങളുടെ ആത്മബന്ധം, മനോവേദന, ബാല്യം തുടങ്ങി ജീവിതത്തിന്റെ പല താളുകളിലൂടെയുമാണ് നോവൽ കടന്നുപോകുന്നത്. അമീർ, ഹസൻ എന്നീ മുഖ്യ കഥാപാത്രങ്ങളും അലി, ബാബ, റഹീംഖാൻ, അസീഫ്, സോറാബ്, സൊരയ്യ തുടങ്ങി മറ്റു കഥാപാത്രങ്ങളും ഈ നോവലിനെ സന്പുഷ്ടമാക്കുന്നു.

സമയം, സ്ഥലം എന്നിവയെല്ലാം വ്യക്തമാക്കി ക്കൊണ്ട് ഇരുപതാം നൂറ്റാണ്ടിലെ ഒരു ചരിത്രാനുഭവ നോവലെന്നത് ഈ കൃതിയുടെ പ്രത്യേകതയാണ്. അമീർ എന്ന ആഫ്ഗാനിസ്ഥാൻ വ്യക്തിയുടെ ഭൂതകാലാനുഭവങ്ങളിലൂടെയാണ് നോവൽ തുടക്കം കുറിക്കുന്നത്. “1975ലെ ആണ്ടിലെ ശീതകാലം. ഇരുണ്ട ആകാശത്തിനു കീഴെ തണുത്തു വിറങ്ങലിച്ച പകൽ. അന്ന് എനിക്കു പ്രായം പന്ത്രണ്ട്. തിരിഞ്ഞു നോക്കുമ്പോൾ എനിക്ക് തോന്നുന്നു ഇന്നത്തെ ഈ ഞാൻ വാസ്തവത്തിൽ പിറവിയെടുത്തത് അന്നാണെന്ന്. ആ നിമിഷം ഇന്നും ഞാൻ കൃത്യമായി ഓർക്കുന്നു.’ മനോധൈര്യം കൊണ്ടും മറ്റും അറിയപ്പെട്ട ബാബയുടെ മകൻ അമീർ, വീട്ടുവേലക്കാരൻ ഹസനും അലിയും, എഴുത്തും വായനയും വശമുള്ള അമീറിന്റെ വായനാലോകം തുടങ്ങിയവ കൊണ്ട് പരിചയപ്പെടുത്തുന്ന അമീറിന്റെ പശ്ചാത്തലം ആദ്യ അധ്യായത്തിൽ വിശദമാക്കുന്നുണ്ട്.
തന്റെ മനോഗതി കൊണ്ട് വീട്ടിൽ നിന്നും പുറത്താക്കപ്പെട്ട വേലക്കാരനും ഉറ്റ സുഹൃത്തുമായ ഹസന്റെ നൊന്പരങ്ങൾ നോവലിന്റെ അന്ത്യം വരെ അമീറിന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. ബാബയുടെ വിചാര വികാരങ്ങൾ അതേപടി ലഭിച്ച ഹസൻ തന്റെ കൂടപ്പിറപ്പാണെന്നുള്ള കാര്യമറിയുന്നത് ഹസന്റെയും ബാബയുടെയും വേർപാടിന് ശേഷമുള്ള റഹീംഖാന്റെ അന്ത്യനാളിലാണ്. പല പ്രശ്നങ്ങളിൽ നിന്നും പിതാവിനെ പോലെ കരുത്തോടെയാണ് അമീറിനെ രക്ഷിച്ചത്.

അഫ്ഗാനിസ്ഥാനിൽ വേലക്കാരായി ഹസാരകളും ജീവിതമാർഗം തേടിയിരുന്നു. റഷ്യൻ കമ്മ്യൂണിസ്റ്റുകളുടെ അധിനിവേശത്തിൽ വീർപ്പുമുട്ടി, സ്വന്തം നാട്ടിൽ നിന്നും അമീറും ബാബയും ഒളിച്ചോടുകയും അമേരിക്കയിൽ അഭയം പ്രാപിക്കുകയും ചെയ്തു. ചരക്കു ട്രക്കുകളിലും എണ്ണ ടാങ്കുകളിലുമുള്ള പലായനവും ദിവസങ്ങളോളം ജീവിച്ച ഇരുൾ നിലകളും ഒളിച്ചോട്ടത്തിന്റെ ഞെരുക്കവുമെല്ലാം ഹൃദയഹാരിയായി വിവരിക്കുന്നു. അമേരിക്കയിൽ കുടുംബ ജീവിതത്തിന് തുടക്കം കുറിച്ച അമീറിനെ വിട്ടുപിരിഞ്ഞ ബാബയെക്കാൾ സങ്കടത്തിലാഴ്ത്തിയ റഹീംഖാന്റെ കോളിലൂടെയാണ് അഫ്ഗാനിസ്ഥാന്റെ മണ്ണിൽ തിരിച്ചെത്തുന്നത്. റഷ്യൻ അധിനിവേശത്തിനെതിരെയുള്ള ചെറുത്ത് നിൽപ്പ് ഫലം കണ്ട അഫ്ഗാൻ ജനതയിലേക്ക് താലിബാന്റെ ഭരണം കൂടുതൽ പ്രതിസന്ധികൾ സൃഷ്ടിക്കുകയാണ് ചെയ്തത്. ഹസാരകളുടെ മേലിലുള്ള നിഷ്കരുണ കൂട്ടക്കൊലയിൽ ഹസനും ഭാര്യയും ഇരകളാകുന്നു. യുദ്ധങ്ങളിൽ തകർന്ന ബാബയുടെ അനാഥാലയവും മറ്റു കെട്ടിടങ്ങളും, പുകയുയരുന്ന തെരുവുകളിലൂടെ പൊടിപടർത്തി ഇടക്ക് പോകുന്ന താലിബാൻ ട്രക്കുകൾ, വിജനമായ കളിസ്ഥലങ്ങൾ തുടങ്ങിയ വേർപാടിന്റെ ലോകത്തിലൂടെ തന്റെ കുറ്റബോധത്തിന്റെ ഭാണ്ഡമഴിക്കാൻ നെട്ടോട്ടമോടുന്നു അമീർ. തുടിക്കുന്ന ജീവന്റെ അവസാന നിമിഷവും രക്ഷകനായ ഹസന്റെ മകൻ സോറാബ് അമേരിക്കയിൽ എത്തിയിട്ടും ജീവിതം കെട്ടിപ്പടുക്കാനാകാതെ, താലിബാൻ ഭരണത്തിലേറ്റ യാതനകളും വേദനകളും മനസ്സിൽ തളം കെട്ടി നിന്നു. ഹസന്റെ സ്മരണ സോറാബിലൂടെ അമീറിൽ ബാക്കിയായി.

അഫ്ഗാനിസ്ഥാനിലേക്ക് ഇരച്ചുകയറിയ കമ്മ്യൂണിസ്റ്റ് റഷ്യൻ ശക്തികളുടെയും തീവ്രവാദ താലിബാൻ സംഘടനയുടെയും അധിനിവേശത്തിൽ നിന്നും തന്റെ പ്രാണന് വേണ്ടിയുള്ള ഒളിച്ചോട്ടമാണ് അമീർ എന്ന കഥാപാത്രത്തിലൂടെ നോവലിസ്റ്റ് അവതരിപ്പിക്കുന്നത്. എല്ലാം മറന്ന് അമേരിക്കയിൽ പുതിയ കുടുംബ ജീവിതത്തിന് തുടക്കം കുറിക്കവെയാണ് റഹീംഖാനിൽ നിന്നും സ്വന്തം രാജ്യത്തിന്റെ വേർപാടുകളും പ്രിയ സുഹൃത്തിന്റെ നഷ്ടങ്ങളും അതിജീവിക്കുന്നത്. അധിനിവേശ ശക്തികളിൽ നിന്നും വീർപ്പുമുട്ടിയ ആഫ്ഗാൻ ജനതയെ വളരെ വിശാലമായി തന്നെ പരാമർശിക്കുന്നു. അവരുടെ യാതനകൾക്കും വേദനകൾക്കും പുറമേ തകർന്നടിഞ്ഞ പ്രകൃതി സൗന്ദര്യവും ഉൾക്കൊള്ളിച്ചിട്ടുണ്ട്. പൂർണ സ്വതന്ത്രനായിട്ടും പുതു ജീവിതം സൃഷ്ടിക്കാൻ കഴിയാതെ താൻ സഹിച്ച കൊടിയ പീഡനങ്ങൾ മറയായി നിൽക്കുന്ന സോറാബിലൂടെ അമീറിൽ തന്റെ കൂടപ്പിറപ്പിന്റെ സ്മൃതികൾ അലയടിക്കുന്ന അനുഭവ സാക്ഷ്യത്തോടെയാണ് ഈ നോവലിന്റെ അവസാന വരിയിൽ നിന്നും നമുക്ക് കണ്ണെടുക്കാനാകുന്നത്. 328 പേജുള്ള പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് ഡി സി ബുക്സാണ്. വില 175 രൂപ.

അബ്ദുല്ല പൊന്മള
abdullaponmala786@gmail.com