Connect with us

National

മലയാളികളും തമിഴരും ഒരേ മണ്ണിന്റെ മക്കളെന്ന് പിണറായി; മുന്നണി രാഷ്ട്രീയം മാറിമറയണമെന്ന് സ്റ്റാലിന്‍

തമിഴ്‌നാടിന്റെ ആവശ്യങ്ങളെ കേന്ദ്രം മാനിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി

Published

|

Last Updated

ചെന്നൈ | ഇന്ത്യയുടെ വിഭിന്ന സംസ്‌കാരങ്ങളും ഭാഷാ ന്യൂനപക്ഷങ്ങളും ഭീഷണി നേരിടുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാളികളും തമിഴരും ഒരേ മണ്ണിന്റെ മക്കളാണ്. ആ ബന്ധം കൂടുതല്‍ ശക്തമാക്കണം. ഈ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും തുല്യനീതി ഉറപ്പാക്കണമെന്നും പിണറായി പറഞ്ഞു. എം കെ സ്റ്റാലിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

മതമൗലികവാദവും ഏകാധിപത്യവും ഇന്ത്യയില്‍ ശക്തി പ്രാപിക്കുകയാണ്. രാജ്യത്തിന്റെ സാംസ്‌കാരിക വൈവിദ്ധ്യം നിലനിര്‍ത്തണം. അതിനായി എല്ലാവരും ഒന്നിച്ചു നില്‍ക്കേണ്ട നേരമാണിതെന്നും പിണറായി പറഞ്ഞു.

ഇന്ത്യയുടെ മുന്നണിരാഷ്ട്രീയ സാഹചര്യം മാറിമറിയണം എന്ന് എം കെ സ്റ്റാലില്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും മതേതര ജനാധിപത്യ പാര്‍ട്ടികളും കൈകോര്‍ക്കണം. എല്ലാവര്‍ക്കും എല്ലാം എന്ന ദ്രാവിഡ രാഷ്ട്രീയ മുദ്രാവാക്യം നടപ്പാകണമെന്നും അദ്ദേഹം പറഞ്ഞു

കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേരള മുഖ്യമന്ത്രിയും സിപിഎം പിബി അംഗവുമായ പിണറായി വിജയന്‍, തേജസ്വി യാദവ്, ഒമര്‍ അബ്ദുള്ള തുടങ്ങിയ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

രാജ്യത്തിന്റെ വൈവിദ്ധ്യവും മതേതരത്വവും ചോദ്യം ചെയ്യപ്പെടുന്നുവെന്ന് നേതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യയെന്ന ആശയം ചോദ്യം ചെയ്യപ്പെടുന്നുവെന്ന് ഒമര്‍ അബ്ദുള്ള കുറ്റപ്പെടുത്തി.

സ്വാതന്ത്ര്യവും സമത്വവും നീതിയും ഭീഷണി നേരിടുന്നുവെന്ന് തേജസ്വി യാദവും വിമര്‍ശിച്ചു.

തമിഴ്‌നാടിന്റെ ആവശ്യങ്ങളെ കേന്ദ്രം മാനിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. നീറ്റ്, ജിഎസ്ടി തുടങ്ങി ഒരുപിടി വിഷയങ്ങളില്‍ കേന്ദ്രം തമിഴ്‌നാടിനെ അപമാനിക്കുന്നു. ജമ്മു കശ്മീരിന്റെയും പഞ്ചാബിന്റെയും ഒക്കെ കാര്യത്തിലും കേന്ദ്രത്തിന്റെ നിലപാട് ഇതുതന്നെ. ജനതയെ അടിച്ചമര്‍ത്തി സ്വന്തം തീരുമാനങ്ങള്‍ നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. തമിഴ്നാടിന്റെ മണ്ണില്‍ തന്റെ രക്തമുണ്ടെന്നും അന്നുമുതലാണ് താന്‍ തമിഴ്‌നാട്ടുകാരനായതെന്നും രാഹുല്‍ഗാന്ധി പ്രസംഗത്തിനിടെ പറഞ്ഞു.

 

Latest