Connect with us

Articles

പി എഫ് പെന്‍ഷന്‍: കോടതിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്

തൊഴിലാളികള്‍ക്ക് തങ്ങളുടെ ശമ്പളത്തിന് ആനുപാതികമായ പി എഫ് പെന്‍ഷന്‍ നല്‍കണമെന്ന ആവശ്യത്തിനു നേരേ വളരെ നിഷേധാത്മകമായ സമീപനമാണ് കേന്ദ്ര സര്‍ക്കാറും പ്രൊവിഡന്റ് ഫണ്ട് ട്രസ്റ്റും ഇപ്പോഴും സ്വീകരിച്ചിരിക്കുന്നത്. രാജ്യത്തെ പ്രൊവിഡന്റ് ഫണ്ട് പെന്‍ഷന്‍കാരില്‍ മഹാഭൂരിപക്ഷവും ഇപ്പോഴും പ്രതിമാസം 1,000 രൂപക്ക് താഴെയാണ് പെന്‍ഷന്‍ വാങ്ങുന്നത്.

Published

|

Last Updated

പ്രൊവിഡന്റ് ഫണ്ട് രാജ്യത്തെ തൊഴിലാളികള്‍ നേടിയെടുത്ത പ്രധാനപ്പെട്ട അവരുടെ അവകാശങ്ങളില്‍ ഒന്നാണ്. ഇന്ത്യയില്‍ മാത്രമല്ല, ലോകത്തെ മിക്കവാറും എല്ലാ രാജ്യങ്ങളിലും പ്രൊവിഡന്റ് ഫണ്ടും അതിനു വേണ്ടിയുള്ള പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും നിലവിലുണ്ട്. സാമ്രാജ്യത്വ രാജ്യങ്ങളിലും മുതലാളിത്ത രാജ്യങ്ങളിലും സോഷ്യലിസ്റ്റ് രാജ്യങ്ങളിലും മൂന്നാം ലോക രാജ്യങ്ങളിലുമെല്ലാം തൊഴിലാളികളുടെ പ്രൊവിഡന്റ് ഫണ്ട് ഇന്നൊരു യാഥാര്‍ഥ്യമാണ്.

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ആക്ട് 1952ലാണ് കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയെടുത്തത്. ഏറ്റവും ഒടുവില്‍ 2017ല്‍ ഇതിന് കാര്യമായ ഭേദഗതികളും കൊണ്ടുവന്നിട്ടുണ്ട്. പ്രൊവിഡന്റ് ഫണ്ടിന്റെ ഭാഗമായ എംപ്ലോയീസ് പെന്‍ഷന്‍സ് സ്‌കീം 1995ലാണ് നിലവില്‍ വന്നത്. 2014ലും 2020ലും ഈ സ്‌കീമില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതികളും കൊണ്ടുവന്നിട്ടുണ്ട്. ഇന്ന് രാജ്യത്തെ 73 ലക്ഷം ജീവനക്കാരാണ് പി എഫ് പെന്‍ഷന്‍ സ്‌കീമിലുള്ളത്. 1995ലാണ് ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതി (ഇ പി എസ്) ആരംഭിക്കുന്നത്. 1995ല്‍ 8,252 കോടി രൂപയില്‍ നിന്ന് ആരംഭിച്ച ഇ പി എസ് 2017-18ല്‍ 3,93,604 കോടിയിലാണ് എത്തിനിന്നത്.

പ്രൊവിഡന്റ് ഫണ്ട് പെന്‍ഷന്‍ സ്‌കീം കോടതി കയറിയിട്ട് വര്‍ഷങ്ങളായി. തൊഴിലാളികളുടെ അവകാശങ്ങള്‍ ബോധപൂര്‍വം നിഷേധിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരായി കേരളം, രാജസ്ഥാന്‍, ഡല്‍ഹി ഹൈക്കോടതികളുടെ വിധികള്‍ തൊഴിലാളികള്‍ക്ക് അനുകൂലമായി ഉണ്ടാകുകയും ഇതിനെ സുപ്രീം കോടതി അപ്പീലില്‍ അംഗീകരിക്കുകയും ചെയ്തതിന് ശേഷവും ജീവനക്കാരുടെ അവകാശങ്ങള്‍ നിഷേധിക്കാനുള്ള നീക്കമാണ് സുപ്രീം കോടതിയില്‍ പ്രത്യേക ഹരജി നല്‍കിക്കൊണ്ട് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്.

ശമ്പളത്തിന് ആനുപാതികമായി പി എഫ് പെന്‍ഷന്‍ നല്‍കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര തൊഴില്‍ മന്ത്രാലയവും എംപ്ലോയ്‌മെന്റ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും (ഇ പി എഫ് ഒ) സമര്‍പ്പിച്ച ഹരജി ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് വിധിപറയാനായി മാറ്റിയിരിക്കുകയാണ്.

ജീവനക്കാരുടെ വാദങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാറും ഇ പി എഫ് ഒയും ടാറ്റാ മോട്ടേഴ്‌സും മറുവാദം നടത്തിയ ശേഷമാണ് കേസ് വിധി പറയാനായി മാറ്റിവെച്ചത്. ഇ പി എഫ് ഒക്ക് വേണ്ടി ഹാജരായ ആര്യാമാ സുന്ദരം ജീവനക്കാര്‍ നിരത്തിയ കണക്കുകള്‍ ചോദ്യം ചെയ്ത് അധിക സാമ്പത്തിക ബാധ്യത വരുത്താനാകില്ലെന്ന വാദം ആവര്‍ത്തിച്ചു. ആര്യാമാ സുന്ദരത്തിന് പുറമെ കേന്ദ്ര സര്‍ക്കാറിനു വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ വിക്രം ജിത്ത് ബാനര്‍ജിയും ടാറ്റാ മോട്ടേഴ്‌സിനു വേണ്ടി അഡ്വ. സി യു സിംഗും ഹാജരായി. ജസ്റ്റിസുമാരായ യു യു ലളിത്, അനിരുദ്ധാബോസ്, സുധാശു ധുലിയ എന്നിവരടങ്ങിയ പ്രത്യേക ബഞ്ച് മുമ്പാകെ ഇവര്‍ പഴയ വാദങ്ങള്‍ വീണ്ടും നിരത്തി.
എംപ്ലോയീസ് പെന്‍ഷന്‍ പദ്ധതി ഭാവിയിലും നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് 2014ലെ ഭേദഗതികളിലൂടെ ചില നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചു. തെറ്റായ നിഗമനങ്ങളുടെയും മാധ്യമ വാര്‍ത്തകളുടെയും മറ്റും അടിസ്ഥാനത്തില്‍ കേരള ഹൈക്കോടതി 2014ലെ ഭേദഗതികള്‍ റദ്ദാക്കിയ നടപടി പെന്‍ഷന്‍ പദ്ധതിയെ കടുത്ത പ്രതിസന്ധിയിലാക്കിയെന്ന് തൊഴില്‍ മന്ത്രാലയത്തിനു വേണ്ടി ഹാജരായ വിക്രം ജിത് ബാനര്‍ജി വാദിച്ചു.

സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെ മാത്രം സഹായിക്കുകയാണ് ഈ പെന്‍ഷന്‍ സ്‌കീമിന്റെ ലക്ഷ്യമെന്ന തൊഴില്‍ മന്ത്രാലയത്തിന്റെ വാദത്തെ കോടതി ചോദ്യം ചെയ്തു. പ്രൊവിഡന്റ് ഫണ്ട് ആനുകൂല്യങ്ങള്‍ എല്ലാ വിഭാഗത്തിനും ലഭ്യമാക്കേണ്ടതാണ്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14 അനുസരിച്ചുള്ള അവകാശങ്ങള്‍ നിഷേധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള ഹൈക്കോടതി 2014ലെ ഭേദഗതി റദ്ദാക്കിയതെന്ന് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് എടുത്തു പറയുകയും ചെയ്തു.

എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീമില്‍ ഉയര്‍ന്ന പെന്‍ഷന് അവസരം ഒരുക്കിയാല്‍ 16 ലക്ഷം കോടിയുടെ ബാധ്യതയുണ്ടാകുമെന്ന ഇ പി എഫ് ഒയുടെ വാദം കോടതിയില്‍ ജീവനക്കാരുടെ പ്രതിനിധികള്‍ എതിര്‍ത്തു. ആധികാരികമായ റിപോര്‍ട്ടുകളുടെയോ സ്ഥിതിവിവര കണക്കുകളുടെയോ പിന്‍ബലമില്ലാത്ത ഊതിപ്പെരുപ്പിച്ച ബാധ്യതാ കണക്കുകളാണ് ഇ പി എഫ് ഒയും തൊഴില്‍ മന്ത്രാലയവും അവതരിപ്പിച്ചതെന്ന് കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ബാധ്യതകള്‍ വിശദീകരിക്കുന്ന റിപോര്‍ട്ടോ രേഖയോ അധികൃതര്‍ ഹാജരാക്കിയിട്ടില്ലെന്ന് പി എഫ് പെന്‍ഷന്‍ വാദം കേട്ട ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ മൂന്നംഗ ബഞ്ച് നിരീക്ഷിച്ചു.

പ്രൊവിഡന്റ് ഫണ്ടിന്റെയും പെന്‍ഷന്‍ സ്‌കീമിന്റെയും വ്യക്തവും ആധികാരികവുമായ കണക്കുകള്‍ പരമോന്നത കോടതിയില്‍ നല്‍കുന്നതിനു പോലും ഇ പി എഫ് ഒ അറച്ചു നില്‍ക്കുന്ന സ്ഥിതിയാണുള്ളത്. അതുകൊണ്ടുതന്നെ ഇതില്‍ കള്ളക്കളികള്‍ ഉണ്ടെന്ന് പകല്‍പോലെ വ്യക്തമാണ്.

തൊഴിലാളികള്‍ക്ക് തങ്ങളുടെ ശമ്പളത്തിന് ആനുപാതികമായ പി എഫ് പെന്‍ഷന്‍ നല്‍കണമെന്ന ആവശ്യത്തിനു നേരേ വളരെ നിഷേധാത്മകമായ സമീപനമാണ് കേന്ദ്ര സര്‍ക്കാറും പ്രൊവിഡന്റ് ഫണ്ട് ട്രസ്റ്റും ഇപ്പോഴും സ്വീകരിച്ചിരിക്കുന്നത്. രാജ്യത്തെ പ്രൊവിഡന്റ് ഫണ്ട് പെന്‍ഷന്‍കാരില്‍ മഹാഭൂരിപക്ഷവും ഇപ്പോഴും പ്രതിമാസം 1,000 രൂപക്ക് താഴെയാണ് പെന്‍ഷന്‍ വാങ്ങുന്നത്. ഏറ്റവും തുച്ഛമായ ഒരു തുകയാണിത്. കേരളം പോലുള്ള സംസ്ഥാനങ്ങളിലെ പ്രതിമാസ അഗതി പെന്‍ഷന്‍ പോലും 1,600 രൂപയും അതിനു മുകളിലുമാണ്.
പ്രൊവിഡന്റ് ഫണ്ട് പെന്‍ഷന്‍ കേസിന്റെ വിധി കാത്ത് ലക്ഷക്കണക്കിന് തൊഴിലാളികളും ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളുമാണ് ആകാംക്ഷയോടെ കാത്തിരിക്കുന്നത്. പി എഫ് പെന്‍ഷന്‍ തൊഴിലാളികളുടെ നിഷേധിക്കാനാകാത്ത അവകാശമാണ്. ഇത് നിഷേധിക്കാന്‍ സര്‍ക്കാറിനോ സ്ഥാപനങ്ങള്‍ക്കോ യാതൊരധികാരവുമില്ല. ഈ കേസിന്റെ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയെങ്കിലും സുപ്രീം കോടതിക്ക് വിധി പ്രഖ്യാപിക്കാന്‍ കുറഞ്ഞത് മൂന്നാഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ് കരുതുന്നത്. രാജ്യത്തെ ലക്ഷക്കണക്കിന് തൊഴിലാളികളുടെയും ജീവനക്കാരുടെയും താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള വിധി പ്രഖ്യാപനം തന്നെയായിരിക്കും പരമോന്നത കോടതിയുടെ ഭാഗത്ത് നിന്നുണ്ടാകുക എന്നാണ് പ്രതീക്ഷിക്കുന്നത്.

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428

Latest