Connect with us

Ongoing News

മുസ്ലിം ലീഗിനെ നിരോധിക്കണമെന്ന ഹരജി; തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സര്‍ക്കാരിനും നോട്ടീസയച്ച് സുപ്രീം കോടതി

നാലാഴ്ചക്കകം മറുപടി നല്‍കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. സയ്യിദ് വാസിം റിസ്വി എന്നയാള്‍ നല്‍കിയ പൊതുതാത്പര്യ ഹരജിയിലാണ് നോട്ടീസ്.

Published

|

Last Updated

ന്യൂഡല്‍ഹി | മതപരമായ പേര്, ചിഹ്നം എന്നിവ ഉപയോഗിക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്, ഹിന്ദു ഏകതാ ദള്‍ തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹരജിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സര്‍ക്കാരിനും നോട്ടീസയച്ച് സുപ്രീം കോടതി. നാലാഴ്ചക്കകം മറുപടി നല്‍കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. സയ്യിദ് വാസിം റിസ്വി എന്നയാള്‍ നല്‍കിയ പൊതുതാത്പര്യ ഹരജിയിലാണ് നോട്ടീസ്. മുസ്ലിം ലീഗ് ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കേസില്‍ കക്ഷിചേരാന്‍ സുപ്രീം കോടതി അനുമതി നല്‍കി.

മതപരമായ ചിഹ്നമോ, പേരോ ഉപയോഗിച്ച് സ്ഥാനാര്‍ഥികള്‍ വോട്ടുതേടാന്‍ പാടില്ലെന്ന് ജനപ്രാധിനിധ്യ നിയമത്തിലെ 29 (എ), 123 (3) (3 എ) എന്നീ വകുപ്പുകള്‍ അനുശാസിക്കുന്നുണ്ട്. എന്നാല്‍, മുസ്ലിം ലീഗ് ഉള്‍പ്പടെയുള്ള ചില സംസ്ഥാന പാര്‍ട്ടികളുടെ പേരില്‍ മതത്തിന്റെ പേരുണ്ടെന്നും ചില രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിയില്‍ മതപരമായ ചിഹ്നമുണ്ടെന്നും ഹരജിയില്‍ പറഞ്ഞു. ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ സ്ഥാനാര്‍ഥികള്‍ക്ക് മാത്രമല്ലെ ബാധകമെന്ന് കോടതി ചോദിച്ചപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടിക്കും ബാധകമാണെന്ന് ഹരജിക്കാരന്റെ അഭിഭാഷകന്‍ വാദിച്ചു.

കേരളത്തില്‍ നിന്ന് മുസ്ലിം ലീഗിന് ലോക്സഭയിലും, രാജ്യസഭയിലും അംഗങ്ങളുണ്ട്. അവരുടെ തിരഞ്ഞെടുപ്പ് പ്രചാരണം തന്നെ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

Latest