Connect with us

Editorial

പെഷാവറിലെ ചാവേറാക്രമണം: ആരെന്ത് നേടി?

പെഷാവറിലെ പള്ളിയിലുണ്ടായ ചാവേറാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം നൂറായിരിക്കുന്നു. പാക് ജനത ലോകരാജ്യങ്ങളുടെ മുന്നില്‍ കൈനീട്ടി യാചിച്ചു നില്‍ക്കുമ്പോഴാണ് ഭീകരവാദികള്‍ സ്വന്തം ശരീരത്തില്‍ ബോംബ് കെട്ടിവെച്ച് മരണം വിതക്കുന്നത്.

Published

|

Last Updated

പാക്കിസ്ഥാനില്‍ പെഷാവറിലെ പള്ളിയിലുണ്ടായ ചാവേറാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം നൂറായിരിക്കുന്നു. ഈ നരാധമന്‍മാര്‍ ഇങ്ങനെ മനുഷ്യരെ കൊന്ന് തള്ളുന്നത് വഴി എന്താണ് നേടുന്നത്? ആര്‍ക്കെതിരെയാണ് ഇവര്‍ യുദ്ധം ചെയ്യുന്നത്? സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുകയാണ് ആ രാജ്യം. മനുഷ്യര്‍ ഇത്തിരി ഗോതമ്പിനായി ക്യൂ നിന്ന് മരിക്കുന്ന ഇടമാണിന്ന് പാക്കിസ്ഥാന്‍. ഇന്ധന വില കുതിച്ചുയരുന്നു. ഭക്ഷണവും ഇന്ധനവുമെല്ലാം തീര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇറക്കുമതിക്കാണെങ്കില്‍ വിദേശ നാണ്യവുമില്ല. ഈ ജനത ലോകരാജ്യങ്ങളുടെ മുന്നില്‍ കൈനീട്ടി യാചിച്ചു നില്‍ക്കുമ്പോഴാണ് ഭീകരവാദികള്‍ സ്വന്തം ശരീരത്തില്‍ ബോംബ് കെട്ടിവെച്ച് മരണം വിതക്കുന്നത്.

അതീവ സുരക്ഷാ മേഖലയിലെ പള്ളിയില്‍ ആക്രമണ സമയത്ത് 260ഓളം പേരുണ്ടായിരുന്നു. മരിച്ചവരില്‍ പോലീസുകാരും സുരാക്ഷ ഉദ്യോഗസ്ഥരുമുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം തഹ്രീകെ താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. 1.40 ഓടെയാണ് സ്ഫോടനമുണ്ടായത്. പള്ളിയുടെ മേല്‍ക്കൂരയുടെ ഭാഗവും ചുമരും തകര്‍ന്നുവീണു. നിസ്‌കാരത്തില്‍ മുന്‍നിരയിലിരുന്നയാളാണ് ചാവേറായതെന്ന് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. കഴിഞ്ഞ മാര്‍ച്ചിന് ശേഷം പാക്കിസ്ഥാനിലുണ്ടാകുന്ന ഏറ്റവും രൂക്ഷമായ ആക്രമണമാണിത്. ജുമുഅ നിസ്‌കാരത്തിനിടെ ശിയാ പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ 58 പേരാണ് അന്ന് മരിച്ചത്. അഫ്ഗാന്‍ അതിര്‍ത്തിക്ക് സമീപമുള്ള പ്രദേശമാണ് പെഷാവര്‍. ഇതേ പെഷാവറില്‍ 2014ല്‍ സൈനിക സ്‌കൂളില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ കുഞ്ഞുങ്ങള്‍ മരിച്ചു വീണപ്പോള്‍ തഹ്രീകെ താലിബാന്‍ എന്ന അഫ്ഗാന്‍ താലിബാന്റെ പാക് പതിപ്പ് എന്താണെന്ന് ലോകം കണ്ടതാണ്.

അങ്ങേയറ്റം സങ്കീര്‍ണമായ പ്രശ്നങ്ങളിലൂടെയാണ് പാക്കിസ്ഥാന്‍ കടന്നു പോകുന്നത്. പ്രധാനമന്ത്രിപദത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ഇംറാന്‍ ഖാന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം അടങ്ങിയിട്ടില്ല. റാലിക്കിടെ ഇംറാന്‍ ഖാന് നേരെ വെടിവെപ്പുണ്ടായി. സുരക്ഷാ സംവിധാനങ്ങള്‍ തകര്‍ന്ന അവസ്ഥയിലാണുള്ളത്. അതിനിടക്കാണ് പ്രളയ ദുരന്തമുണ്ടായത്. അതു കൂടിയായതോടെ സമ്പദ്വ്യവസ്ഥ താറുമാറായി. കരകയറാനുള്ള എല്ലാ ശ്രമങ്ങളെയും വിഫലമാക്കുന്നതാണ് ക്രമസമാധാന രംഗത്തെ പ്രശ്നങ്ങള്‍. അഫ്-പാക് എന്നാണ് അഫ്ഗാനിസ്ഥാനെയും പാക്കിസ്ഥാനെയും ചേര്‍ത്ത് അമേരിക്കയും കൂട്ടാളികളും വിളിക്കാറുള്ളത്. ഈ രണ്ട് പരമാധികാര രാഷ്ട്രങ്ങള്‍ക്ക് ഇവരുടെ കണ്ണില്‍ വ്യക്തിത്വമേ ഇല്ല. തങ്ങളുടെ ഉറക്കം കെടുത്തുന്ന ആരൊക്കെയോ ഒളിച്ച് താമസിക്കുന്ന ഇടങ്ങള്‍ മാത്രമാണ് വന്‍ ശക്തികള്‍ക്ക് ഈ ഭൂവിഭാഗം. സോവിയറ്റ് യൂനിയന്‍ ഇവിടെ ആധിപത്യമുറപ്പിച്ചപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ അമേരിക്കന്‍ ചേരി പുറത്തെടുത്ത കുതന്ത്രങ്ങളാണ് ഇന്നും ഈ മേഖലയെ അശാന്തമാക്കി നിര്‍ത്തുന്നത്. അന്ന് വിതറിയ ആയുധങ്ങളുടെ പിന്‍ബലത്തില്‍ രൂപം കൊണ്ട തീവ്രവാദ ഗ്രൂപ്പുകളാണ് പല പേരുകളില്‍ ഇന്നും നിലനില്‍ക്കുന്നത്.

മതത്തിന്റെ രാഷ്ട്രീയ പ്രയോഗം സംബന്ധിച്ച് വികലമായ ധാരണകള്‍ പരത്തിയവര്‍ ഈ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് പ്രത്യയശാസ്ത്ര അടിത്തറ ഒരുക്കിക്കൊടുത്തു. വിദേശ സൈന്യത്തിനെതിരെ മാത്രമല്ല ഇവ ആയുധമെടുത്തത്. സ്വന്തം ജനങ്ങളെയും കൊന്നു. 2007ല്‍ പര്‍വേസ് മുശര്‍റഫ് പാക് ഭരണത്തലവനായിരുന്നപ്പോള്‍ ഇസ്ലാമാബാദിലെ മദ്റസയില്‍ നടന്ന ആക്രമണത്തിന് ശേഷമാണ് തഹ്രീകെ താലിബാന്‍ എന്ന സംഘടനയെക്കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയത്. ബയ്ത്തുല്ല മഹ്സൂദിനെയാണ് അതിന്റെ സ്ഥാപകനായി കാണുന്നത്. ഈ വിവരങ്ങളെല്ലാം തഹ്രീകെ താലിബാന്‍ എന്ന ഒരു സംഘടനയുടെ കാര്യം മാത്രമാണ്. മേഖലയിലെ എല്ലാ തീവ്രവാദ ഗ്രൂപ്പുകളും പരസ്പരം പ്രത്യയശാസ്ത്രപരമായ ഐക്യം കാത്ത് സൂക്ഷിക്കുകയും ഒരേ സ്വഭാവം നിലനിര്‍ത്തുകയും ചെയ്യുന്നതിനാല്‍ തഹ്രീകെ താലിബാനെ വേര്‍തിരിച്ച് വിശകലനം ചെയ്യുന്നതില്‍ അര്‍ഥമില്ല.

തീര്‍ച്ചയായും സാമ്രാജ്യത്വത്തിന് ഈ ചോരയില്‍ പങ്കുണ്ട്. അവര്‍ തന്നെയാണ് ഈ നശീകരണ ശക്തികളെ പടച്ച് വിട്ടത്. ഐ എസ് അടക്കമുള്ള എല്ലാ അക്രമി സംഘങ്ങള്‍ക്കും പിന്നില്‍ വന്‍ ശക്തികളുടെ ആയുധ, രഹസ്യാന്വേഷണ വിഭാഗങ്ങളുണ്ട്.

അതത് കാലത്തെ അവരുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി അവര്‍ തന്നെയാണ് ആയുധവും പരിശീലനവും പണവും നല്‍കി ഇത്തരം സംഘങ്ങളെ സൃഷ്ടിച്ചെടുക്കുന്നത്. പാക് രാഷ്ട്രീയ, സൈനിക നേതൃത്വത്തെയും ഇവിടെ കുറ്റവിമുക്തമാക്കാനാകില്ല. ഭരണത്തലവന്‍മാരെ പച്ചക്ക് കൊന്നതിന്റെ ചരിത്രമുള്ള പാക്കിസ്ഥാനില്‍ എക്കാലത്തും തീവ്രവാദ ഗ്രൂപ്പുകളെ രാഷ്ട്രീയ നേതൃത്വം പല തരത്തില്‍ ഉപയോഗപ്പെടുത്തുകയായിരുന്നു. പക്ഷം പിടിക്കലുകള്‍ നടത്തും. ആക്രമണങ്ങള്‍ സംഘടിപ്പിക്കും. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത സിവിലിയന്‍ സര്‍ക്കാറുകളെ നിലക്ക് നിര്‍ത്താന്‍ ഐ എസ് ഐയും സൈന്യവും ഇത് തന്നെ ചെയ്യും.

അയല്‍ രാജ്യങ്ങള്‍ക്കിടയില്‍ നിലനിന്ന ശത്രുതയുടെയും അവിശ്വാസത്തിന്റെയും ചരിത്രം തീവ്രവാദികളുടെ ഇഷ്ട താവളമായി മേഖലയെ മാറ്റുന്നതിന് കാരണമായിട്ടുണ്ട്. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സംശയത്തിന്റെ കാര്‍മേഘങ്ങള്‍ പെയ്തൊഴിഞ്ഞ് സൗഹൃദം തെളിഞ്ഞ് നിന്നിരുന്നുവെങ്കില്‍ മേഖല എത്രമാത്രം സമാധാനപൂര്‍ണമാകുമായിരുന്നു? പിന്നീട് വിഴുങ്ങിയെങ്കിലും പാക് പ്രധാനമന്ത്രി ശഹബാസ് ശരീഫ് ഈയിടെ പറഞ്ഞതാണ് സത്യം. യുദ്ധം കൊണ്ട് ഒന്നും നേടിയിട്ടില്ല. ജനങ്ങളുടെ വേദനയും തൊഴിലില്ലായ്മയും സാമ്പത്തിക മുരടിപ്പും മാത്രമാണ് യുദ്ധത്തിന്റെ ബാക്കിപത്രം. ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്നു. ഏത് വിഷയത്തിലും ചര്‍ച്ചയാകാമെന്നും അദ്ദേഹം അല്‍ അറേബ്യയോട് പറഞ്ഞു. എന്നാല്‍ ആഭ്യന്തര സമ്മര്‍ദം ശക്തമായിട്ടായിരിക്കാം, അദ്ദേഹം യു ടേണ്‍ എടുത്തു. തീവ്രവാദികള്‍ക്ക് ഇടം കൊടുക്കാത്ത വിധം ആത്മാര്‍ഥമായ നയതന്ത്ര നീക്കങ്ങളാണ് മേഖലയില്‍ നടക്കേണ്ടത്. അതില്‍ ഇന്ത്യക്ക് വലിയ പങ്കുവഹിക്കാനുണ്ട്. സിവിലിയന്‍ നേതൃത്വത്തിന് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കാന്‍ പാക് സൈന്യം തയ്യാറാകണം.