Connect with us

Editorial

വില വര്‍ധനയില്‍ പൊറുതിമുട്ടി ജനം

തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് കമ്പനികള്‍ കഴിഞ്ഞ പത്ത് ദിവസമായി വീണ്ടും ഇന്ധന വില കുത്തനെ വര്‍ധിപ്പിച്ചു കൊണ്ടിരിക്കുന്നത്. പലവ്യഞ്ജന, പച്ചക്കറി സാധനങ്ങളില്‍ മിക്കതിന്റെയും മത്സ്യ-മാംസാദികളുടെയും റമസാന്‍ ആഗതമായതോടെ പഴവര്‍ഗങ്ങളുടെയും വില കുത്തനെ ഉയര്‍ന്നു.

Published

|

Last Updated

വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുകയാണ് ഇന്ത്യന്‍ ജനത. എണ്ണക്കമ്പനികള്‍ കേന്ദ്ര സര്‍ക്കാറിന്റെ ഒത്താശയോടെ ഇന്ധനക്കൊള്ള തുടര്‍ന്നു കൊണ്ടിരിക്കുന്നു. പത്ത് ദിവസത്തിനിടെ പെട്രോളിന് ഒമ്പത് രൂപ 15 പൈസയും ഡീസലിന് എട്ട് രൂപ 84 പൈസയുമാണ് കൂടിയത്. തിരുവനന്തപുരം നഗരത്തില്‍ പെട്രോളിന് 115 രൂപ 45 പൈസയും ഡീസലിന് 102 രൂപ 25 പൈസയുമാണ് ഇന്നലത്തെ വില. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതകത്തിനും മണ്ണെണ്ണക്കും വില കുത്തനെ കൂട്ടി. പാചക വാതക സിലിന്‍ഡറിന് 50 രൂപയും മണ്ണെണ്ണ ലിറ്ററിന് 22 രൂപയുമാണ് കേന്ദ്രം വര്‍ധിപ്പിച്ചത്. ഇതോടെ ലിറ്ററിന് 59 രൂപ വിലയുണ്ടായിരുന്ന മണ്ണെണ്ണക്ക് 81 രൂപയായി. പൊതുവിപണി വില 124 രൂപയാണ്. മണ്ണെണ്ണ വില പെട്രോളിന്റെയും ഡീസലിന്റെയും വിലയേക്കാള്‍ കൂടി നില്‍ക്കുന്ന സ്ഥിതിവിശേഷം ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. വില വര്‍ധനവിന് പുറമെ കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം 40 ശതമാനം വെട്ടിക്കുറക്കുകയും ചെയ്തിട്ടുണ്ട്. മണ്ണെണ്ണക്ക് ഒറ്റയടിക്ക് ഇത്രയും വില കൂട്ടുന്നത് ഇതാദ്യമാണ്. ബി പി എല്‍ വിഭാഗമുള്‍പ്പെടെ റേഷന്‍ കടകളില്‍ നിന്ന് മണ്ണെണ്ണ വാങ്ങുന്ന എല്ലാ വിഭാഗം ജനങ്ങളെയും വിലവര്‍ധന ബാധിക്കും. പരമ്പരാഗത മത്സ്യബന്ധന മേഖലക്കാണ് ഇത് കൂടുതല്‍ ആഘാതമേല്‍പ്പിക്കുക. മത്സ്യങ്ങളുടെ ലഭ്യതക്കുറവ് മൂലം നേരത്തേ തന്നെ പ്രതിസന്ധിയിലായിരുന്ന മത്സ്യബന്ധന മേഖലയും മത്സ്യത്തൊഴിലാളികളും മണ്ണെണ്ണ വില വര്‍ധനവോടെ കടഭാരത്തിന്റെ ദുരിതക്കയത്തിലാകും. സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കി വരുന്ന 25 രൂപ സബ്‌സിഡി ഉയര്‍ത്താതെ പിടിച്ചു നില്‍ക്കാനാകില്ലെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്രം മണ്ണെണ്ണ വില എട്ട് രൂപ ഉയര്‍ത്തിയപ്പോള്‍, സംസ്ഥാനത്ത് നേരത്തേ സ്റ്റോക്ക് ചെയ്തിരുന്ന മണ്ണെണ്ണ ഉണ്ടായിരുന്നതിനാല്‍ വര്‍ധിച്ച വില ഗുണഭോക്താക്കളില്‍ നിന്ന് ഈടാക്കിയിരുന്നില്ല. നിലവില്‍ സംസ്ഥാനത്ത് കുറഞ്ഞ വിലക്ക് വാങ്ങിയ മണ്ണെണ്ണയുടെ ശേഖരം കുറവായതിനാല്‍ ഉയര്‍ന്ന വിലക്കുതന്നെ മണ്ണെണ്ണ വില്‍ക്കേണ്ടിവരും. 2025ഓടെ പൊതുവിതരണ മേഖലയില്‍ മണ്ണെണ്ണ വിതരണം പൂര്‍ണമായി നിര്‍ത്തുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നാണ് വില വര്‍ധനവിനൊപ്പം വിഹിതം വെട്ടിക്കുറക്കുക കൂടി ചെയ്ത കേന്ദ്ര നടപടി സൂചിപ്പിക്കുന്നത്. മണ്ണെണ്ണക്ക് നല്‍കി വരുന്ന സബ്‌സിഡി ലാഭിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം.

രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന 32,000ത്തോളം പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികളുണ്ട് കേരളത്തില്‍. അവരുടെ യാനങ്ങള്‍ക്ക് പ്രതിവര്‍ഷം ഏകദേശം രണ്ട് ലക്ഷം കിലോ ലിറ്റര്‍ മണ്ണെണ്ണ ആവശ്യമായി വരും.

കേരളത്തിന് അനുവദിക്കുന്ന മണ്ണെണ്ണയില്‍ കേന്ദ്രസര്‍ക്കാര്‍ വിവിധ കാലഘട്ടങ്ങളിലായി ഗണ്യമായ കുറവ് വരുത്തിയതിനാല്‍ അവര്‍ക്കാവശ്യമായ മണ്ണെണ്ണയുടെ നാലിലൊന്ന് പോലും ഇപ്പോള്‍ കുറഞ്ഞ വിലക്ക് ലഭിക്കുന്നില്ല. ഉയര്‍ന്ന വില നല്‍കി പൊതുവിപണിയില്‍ നിന്ന് മണ്ണെണ്ണ വാങ്ങിയാണ് മത്സ്യത്തൊഴിലാളികളില്‍ നല്ലൊരു വിഭാഗവും യാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്നതിന് സബ്സിഡി രഹിത മണ്ണെണ്ണ വിഹിതം കൂട്ടി നല്‍കാന്‍ കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രിക്ക് സംസ്ഥാന സര്‍ക്കാര്‍ രണ്ട് തവണ കത്തയച്ചിരുന്നു. അതിനിടെയാണ് ഇപ്പോള്‍ ഇരുട്ടടിയെന്നോണം നിലവിലുള്ള വിഹിതം തന്നെ വെട്ടിക്കുറച്ചത്.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നവംബര്‍ നാല് മുതല്‍ എണ്ണക്കമ്പനികള്‍ ഇന്ധന വില വര്‍ധിപ്പിച്ചിരുന്നില്ല. റഷ്യ-യുക്രൈന്‍ സംഘര്‍ഷ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചിട്ടും തിരഞ്ഞെടുപ്പില്‍ കേന്ദ്രം ഭരിക്കുന്ന ബി ജെ പിക്കു തിരിച്ചടിയുണ്ടാകാതിരിക്കാനാണ് എണ്ണക്കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റം വരുത്താതെ പിടിച്ചു നിന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് കമ്പനികള്‍ കഴിഞ്ഞ പത്ത് ദിവസമായി വീണ്ടും വില കുത്തനെ വര്‍ധിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഇന്ധന വില വര്‍ധന നിത്യോപയോഗ സാധന വിലയെയും ബാധിച്ചിട്ടുണ്ട്. പലവ്യഞ്ജന, പച്ചക്കറി സാധനങ്ങളില്‍ മിക്കതിന്റെയും മത്സ്യ-മാംസാദികളുടെയും റമസാന്‍ ആഗതമായതോടെ പഴവര്‍ഗങ്ങളുടെയും വില കുത്തനെ ഉയര്‍ന്നു.

ഒരു മാസം മുമ്പ് വരെ കിലോക്ക് 150-160 രൂപയായിരുന്ന കോഴിയിറച്ചി വില 240 രൂപയിലെത്തി നില്‍ക്കുന്നു. ചെറുകിട കോഴിയിറച്ചി വ്യാപാരികളെയും ഉപഭോക്താക്കളെയും ഹോട്ടല്‍ വ്യാപാരികളെയും ഇത് കടുത്ത പ്രയാസത്തിലാക്കിയിട്ടുണ്ട്. കോഴിത്തീറ്റക്ക് വില കൂടിയതും സംസ്ഥാനത്ത് കോഴി ഉത്പാദനം കുറഞ്ഞതുമാണ് വില വര്‍ധനവിന് കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. പ്രാദേശികമായി നിരവധി ഫാമുകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ടെങ്കിലും വേനല്‍ ശക്തമാകുന്നതോടെ, കോഴികള്‍ രോഗങ്ങള്‍ ബാധിച്ചു കൂട്ടത്തോടെ ചത്തൊടുങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് ചെറുകിട ഫാമുകാരില്‍ പലരും വേനല്‍ കാലത്ത് കോഴിവളര്‍ത്തലില്‍ നിന്ന് പിന്‍വാങ്ങാറാണത്രെ പതിവ്. നിത്യോപയോഗ സാധനങ്ങള്‍ക്കും മത്സ്യ, മാംസങ്ങള്‍ക്കും വില കൂടിയതോടൊപ്പം ബസ് ചാര്‍ജ് നിരക്ക് കുത്തനെ ഉയര്‍ത്തി കേരളസര്‍ക്കാര്‍ സാധാരണക്കാരന്റെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കുകയാണ്.

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തെ അതിജീവിക്കാന്‍ കേരളീയന് വലിയൊരു സഹായമായിരുന്നു മാവേലി സ്റ്റോറുകളും സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളും. നാടിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുകയും ന്യായവിലക്ക് അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുകയും ചെയ്തുകൊണ്ടിരുന്ന സപ്ലൈകോ മാര്‍ക്കറ്റുകളുടെ സേവനം, സബ്‌സിഡി സാധനങ്ങളുടെ ഇനങ്ങള്‍ നിരന്തരം വെട്ടിക്കുറച്ചതിന്റെ ഫലമായി ഇപ്പോള്‍ നാമമാത്രമാണ്. സബ്‌സിഡി സാധനങ്ങള്‍ മിക്കപ്പോഴും കടകളില്‍ സ്റ്റോക്കുണ്ടാകാറുമില്ല. സപ്ലൈകോ മാര്‍ക്കറ്റുകളില്‍ സബ്‌സിഡി സാധനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയും എല്ലാ സമയത്തും അവ ലഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്താല്‍ വിലക്കയറ്റം ഒരളവോളമെങ്കിലും പിടിച്ചു നിര്‍ത്താന്‍ സാധിച്ചേക്കും.