mission arikkompan
അരിക്കൊമ്പന്‍ തമിഴ്‌നാട്ടില്‍ കമ്പം മേഖലയിലെ ജനവാസ മേഖലയില്‍ ഇറങ്ങി
വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും നാട്ടുകാരും ആനയെ തുരത്തുന്നതിനു രംഗത്തുണ്ട്.

ഇടുക്കി | ജനജീവിതത്തിനു ഭീഷണിയായതിനേ തുടര്‍ന്നു കേരളം കാടുകടത്തിയ അരിക്കൊമ്പന്‍ തമിഴ്‌നാട്ടില്‍ കമ്പം മേഖലയിലെ ജനവാസ മേഖലയില്‍ ഭീതി പരത്തുന്നു.
ജനങ്ങള്‍ ബഹളം വച്ചതിനെ തുടര്‍ന്നു സമീപത്തെ പുളിമരകാടുകളില്‍ നിലയുറപ്പിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും നാട്ടുകാരും ആനയെ തുരത്തുന്നതിനു രംഗത്തുണ്ട്.
കമ്പം ടൗണിനു സമീപത്തുള്ള ജനവാസ മേഖലയില്‍ വന്‍ ജനാവലിയാണ് സംഘടിച്ചെത്തിയത്. ജനങ്ങളെ നിയന്ത്രിക്കാന്‍ പോലീസ് പാടുപെടുകയാണ്. പോലീസ് വാഹനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി.
അരിക്കൊമ്പന്‍ ലോവര്‍ ക്യാമ്പ് ഭാഗത്തു നിന്നു നീങ്ങിയതായി തമിഴ്‌നാട് വനം വകുപ്പു നേരത്തെ കണ്ടെത്തിയിരുന്നു. ഇവിടെ നിന്ന് ബോഡിമേട്ടിലേക്ക് പോയാല്‍ ആനയ്ക്ക് ചിന്നക്കനാലിലേക്ക് പോകാനാവും. ഈ സാഹചര്യത്തില്‍ ആനയെ വനത്തിലേക്കു തിരിച്ചയക്കാനുള്ള ശ്രമത്തിലാണു വനം വകുപ്പ് ജീവനക്കാര്‍.
ഇന്നലെ രാത്രി തമിഴ്‌നാട്ടിലെ ലോവര്‍ ക്യാമ്പിനും ഗൂഡല്ലൂരിനും ഇടയിലുള്ള വനമേഖലയിലാണ് ആനയുണ്ടായിരുന്നത്. കുമളിയില്‍ നിന്നു പന്ത്രണ്ട് കിലോമീറ്ററോളം അകലെയായിരുന്നു ഇന്നലെ ആന. ചിന്നക്കനാലിലേക്ക് പോകാനുള്ള ദിശയിലാണെന്ന് ഇന്നലെ രാത്രി തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചത്.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വി എച്ച് എഫ് ആന്റിനയുടെ സഹായത്തോടെ ആനയെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് പൊടുന്നനെ ആന ജനവാസ കേന്ദ്രത്തില്‍ എത്തിയത്.