Connect with us

Book Review

കവച്ചുവെക്കുന്ന കോറിയിടലുകൾ

Published

|

Last Updated

സ്ഥൂലവും സൂക്ഷ്മവുമായ നമ്മുടെ ജീവിത സാഹചര്യത്തെക്കുറിച്ചും നാം അഭിമുഖീകരിക്കുന്ന രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചുമാണ് “പല കാല കവിതകൾ’ എന്ന കവിതാ സമാഹാരത്തിലൂടെ ശ്രീജിത്ത് അരിയല്ലൂർ കോറിയിട്ടിരിക്കുന്നത്. യഥാർഥത്തിൽ ഈ കവിതകൾ എല്ലാ കാലത്തും പ്രസക്തമാകുന്നു.

സൂക്ഷ്മ രാഷ്ട്രീയത്തിന് മറവിൽ അരാഷ്ട്രീയ രചനകളും അരാഷ്ട്രീയ രചനകളുടെ തണലിൽ അലസ രചനകളും ടൺകണക്കിന് സൃഷ്ടിക്കപ്പെടുമ്പോൾ വ്യാജ കവിതകളുടെ മസിലുപിടുത്തമോ അക്കാദമി കവിതകളുടെ ദുരൂഹതയോ വെറും കവിതകളുടെ ലാളിത്യമോ ഇല്ലാതെ, സമകാലിക ലോക ജീവിതവുമായി കൊമ്പുകോർക്കുന്ന ഉജ്ജ്വലമായ രാഷ്ട്രീയ കവിതകളുടെ സ്രഷ്ടാവാകുകയാണ് ശ്രീജിത്ത് അരിയല്ലൂർ.
2002 മുതൽ 2012 വരെയുള്ള പത്ത് വർഷക്കാലത്തെ നൂറ്റി ഒമ്പത് കവിതകളാണ് പലകാല കവിതകൾ എന്ന ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ കവിതകളും ഒന്നിനൊന്നു മികച്ചതാണ്.

ഈ സമാഹാരത്തിൽ കൂടുതലും ചെറുകവിതകളാണ്. ചെറുകവിതകളാണെങ്കിൽ പോലും കുറഞ്ഞ വാക്കുകളിൽ കൂടുതൽ ആശയങ്ങളെ കുറിക്കുന്നവയാണവ. ഏതൊരാൾക്കും മനസ്സിലാകുന്ന സരളമായ ഭാഷയിലാണ് അധിക കവിതകളും.
“കൈകോർത്ത്/മുറുകെപ്പിടിച്ചത്/ നിന്നോടുള്ള സ്നേഹം കൊണ്ടായിരുന്നില്ല,/നീയൊരിക്കലും എന്നെക്കാൾ/ മുമ്പിലെത്താതിരിക്കാനായിരുന്നു’
സ്നേഹം എന്ന തലക്കെട്ടിൽ എഴുതിയ ഈ ചെറു കവിത വളരെ സരളമാണ്. ഒറ്റ വായനയിൽ തന്നെ മനസ്സിലേക്ക് ആശയം ഓടിയെത്തും. സാധാരണയിൽ നമ്മുടെ ഉറ്റ സുഹൃത്തുക്കളെയാണ് നാം കൈകോർത്ത് ചേർത്തു പിടിക്കാറുള്ളത്. അതും അവനോടുള്ള സ്നേഹവും അടുപ്പവും കാരണം. എന്നാൽ കവി സൂചിപ്പിക്കുന്നത് മറ്റൊരു ആശയതലത്തെയാണ്. സുഹൃത്ത് ഒരിക്കലും തന്റെ മുമ്പിലെത്താതിരിക്കാനാണ് കൈകോർത്ത് പിടിക്കുന്നതത്രേ.

മറ്റൊരു അർഥഗർഭമായ കവിതയാണ് “മഴ പെയ്യുമ്പോൾ “എന്നത്. മഴ പെയ്യുമ്പോഴുള്ള കോഴിയുടെയും ഉറുമ്പിന്റെയും തവളയുടെയും പൂച്ചയുടെയുമൊക്കെ അവസ്ഥയും ചലനവും വളരെ സുന്ദരമായി കവി അവതരിപ്പിക്കുന്നുണ്ട്. “ചില കുടുംബ ചിത്രങ്ങൾ’ എന്ന കവിത ചിന്തനീയമാണ്. കുടുംബം പോറ്റാൻ മഴയത്തും വെയിലത്തും കഠിനാധ്വാനം ചെയ്യുന്ന അച്ഛൻ, മക്കൾക്ക് വേണ്ടതെല്ലാം നൽകി ഒരു പോറലുമേൽക്കാതെ സംരക്ഷിക്കുന്ന അമ്മ തുടങ്ങിയ ചിത്രങ്ങൾ കവിത വായിക്കുമ്പോൾ മനസ്സിലേക്ക് കയറി വരും.
നവകാല സാഹചര്യത്തിൽ പ്രസക്തമായ ആശയമാണ് “ആപ്തവാക്യം’ എന്ന് രണ്ടുവരി കവിതയിലൂടെ കവി പ്രതിപാദിക്കുന്നത്.
“മതമേതായാലും വടിവാൾ നന്നായാൽ മതി ‘
എന്നാണ് വരികൾ. ഈ രണ്ട് വരിയിലൂടെ വലിയ അർഥതലങ്ങളാണ് സൂചിപ്പിക്കുന്നത്.

സ്ത്രീകൾ സമൂഹത്തിൽ നേരിടുന്ന വെല്ലുവിളികളെ ചെറിയ നിലയിൽ സൂചിപ്പിക്കുന്ന കവിതയാണ് “പേര്’. “അലിഞ്ഞു തീരുന്നതിനും എരിഞ്ഞൊടുങ്ങും പെൺ പേരുതന്നെ ശരണം’ എന്ന് പറഞ്ഞുകൊണ്ടാണ് പേര് എന്ന കവിത കവി അവസാനിപ്പിക്കുന്നത്. പ്രേമകവിതകൾ, ഹാസ്യ കവിതകൾ, വലിയ ചിന്തകൾ നൽകുന്ന കവിതകൾ എല്ലാം കൂടി ചേർന്നുള്ള സംഗ്രഹമാണ് പല കവിതകൾ. ചെറുപ്പ കാലത്തേക്ക് നമ്മുടെ ചിന്തകളെ വലിച്ചുകൊണ്ടുപോകുന്ന കവിതയാണ് “കോപ്പി ബുക്ക്’. കോപ്പി എഴുതുമ്പോൾ വരി തെറ്റിച്ചതിനും അക്ഷരങ്ങളിൽ ചിലത് വലുതാക്കിയതിനും മറ്റു ചിലത് ചെറുതാക്കിയതിനും നമ്മെ എത്ര പ്രാവശ്യം അധ്യാപകർ ഉപദേശിച്ചിട്ടുണ്ടെന്ന് ചോദിച്ച് കവി വാചാലനാകുന്നുണ്ട്.
“കൂട്ടുകാരൻ വന്നുപോയാൽ/കൂട്ടി നോക്കാറുണ്ട്/കണക്കുകൾ….’
എന്ന് തുടങ്ങുന്ന കവിതയിൽ കൂട്ടുകാരൻ “കൂട്ടു’കാരനായതിനെ കുറിച്ച് പറയുന്നുണ്ട്. കൂട്ടുകാരോടൊത്തുള്ള സമയത്തിൽ പരിധിയില്ലാത്ത രൂപത്തിൽ പണം ദുർവിനിയോഗം നടത്തി, അവസാനം കൂട്ടുകാർ പിരിഞ്ഞുപോകുമ്പോൾ കൈമലർത്തേണ്ട അവസ്ഥയിൽ എത്തുന്നതിനെ മനോഹരമായി കവി അവതരിപ്പിക്കുന്നുണ്ട്. ആണിയുടെ വേദനകളെ കുറിക്കുന്നതാണ് “ആണി’ എന്ന കവിത. ആണിയെ ജീവതത്തോടും ഉപമിക്കുന്നിവിടെ. ആണി എന്നും കറുത്തവൻ എന്ന ചീത്തപ്പേര് പേറി കഴിയേണ്ടി വരുന്നതിനെയും അടിച്ചമർത്തലുകൾക്ക് വിധേയമാകേണ്ടി വരുന്നതിനെയും വളരെ വിഷമത്തോടെ ചിത്രീകരിക്കുന്നുണ്ട് കവിതയിൽ. യഥാർഥത്തിൽ ആണിയുടെ പ്രകൃതം തന്നെ അടി ഏറ്റുവാങ്ങലാണ്. എന്നാലും കവിതയിൽ കവി വേദന പ്രകടിപ്പിക്കുന്നുണ്ട്.

ശീതീകരണ യന്ത്രത്തിന്റെ കടന്നുവരവോടെ കൂടി മനുഷ്യനിൽ കുടിയേറിയ സംസ്കാരത്തെ കുറിച്ചാണ് “തണുപ്പ് ‘ എന്ന കവിത സൂചിപ്പിക്കുന്നത്. ഭക്ഷ്യവസ്തുക്കൾ തണുപ്പിച്ച് ആവശ്യമുള്ളപ്പോൾ ചൂടാക്കി ഉപയോഗിക്കുന്ന രീതി മനുഷ്യനിൽ വർധിച്ചുവന്നു എന്നുള്ള യാഥാർഥ്യത്തെ വിളിച്ചുപറയുന്നുണ്ട് കവിത.
“മനുഷ്യൻ മാത്രം/ഒന്നു തണുപ്പ് പോയാൽ
ആർക്കും വേണ്ടാതാവുന്നത് എന്തുകൊണ്ടാണ് ‘ എന്ന ചോദ്യം മുന്നോട്ടു വെച്ചാണ് കവിത അവസാനിക്കുന്നത്.

കവിത എല്ലാ രോഗത്തിനുമുള്ള മരുന്നാണ്. അതിന് ഒരേ സമയം തന്നെ സന്തോഷവും സന്താപവും ആശയും ആശങ്കയും ആശ്വാസവും നൽകാൻ സാധിക്കും. ഈ സമാഹാരത്തിലെ മുഴുവൻ കവിതകളും ഒറ്റയിരിപ്പിന് വായിച്ചു തീർക്കാൻ പ്രേരിപ്പിക്കുന്ന രീതിയിലാണ് ഭാഷയും ശൈലിയും. പ്രസാധനം ഫ്രീഡം ബുക്സ്. വില 120 രൂപ.

ഹാഫിള് അബൂബക്കർ സിദ്ദീഖ് ടി പി
hafizabutp18@gmail.com

Latest