Connect with us

National

രാജ്യത്ത് പോലീസിന് ഒറ്റ യൂണിഫോം; ‘ഒരു രാജ്യം, ഒരു യൂണിഫോം’ ആശയം മുന്നോട്ടുവെച്ച് പ്രധാനമന്ത്രി

കുറ്റകൃത്യങ്ങളെയും കുറ്റവാളികളെയും നേരിടാൻ സംസ്ഥാനങ്ങൾ തമ്മിൽ അടുത്ത സഹകരണം ആവശ്യമാണെന്നും പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡൽഹി | രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും പോലീസിന് ഏകീകൃത യൂണിഫോം നടപ്പാക്കണമെന്ന ആശയം മുന്നോട്ടുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഒരു രാജ്യം, ഒരു യൂണിഫോം’ എന്ന ആശയമാണ് പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്. ഇത് ഒരു നിർദ്ദേശം മാത്രമാണെന്നും സംസ്ഥാനങ്ങളുടെ മേൽ അത് അടിച്ചേൽപ്പിക്കാൻ ശ്രമിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ “ചിന്തൻ ശിവിർ” യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

“പോലീസിൽ ‘ഒരു രാജ്യം, ഒരു യൂണിഫോം’ എന്നത് ഒരു ആശയം മാത്രമാണ്. ഞാൻ അത് നിങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നില്ല.  വെറുതെ ഒന്ന് ആലോചിച്ചു നോക്കൂ.  5, 50, അല്ലെങ്കിൽ 100 വർഷത്തിനുള്ളിൽ അത് സംഭവിക്കാം.  അതിനെക്കുറിച്ച് ചിന്തിക്കൂ.” – പ്രധാനമന്ത്രി പറഞ്ഞു.

കുറ്റകൃത്യങ്ങളെയും കുറ്റവാളികളെയും നേരിടാൻ സംസ്ഥാനങ്ങൾ തമ്മിൽ അടുത്ത സഹകരണം ആവശ്യമാണ്. സഹകരണ ഫെഡറലിസം ഭരണഘടനയുടെ വികാരം മാത്രമല്ല, സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്റെയും ഉത്തരവാദിത്തമാണെന്നും നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തുടനീളമുള്ള പോലീസിന്റെ ഐഡന്റിറ്റി ഒരുപോലെ ആയിരിക്കണമെന്ന് താൻ കരുതുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

ഹരിയാനയിലെ സൂരജ്കുണ്ഡിൽ നടക്കുന്ന ചിന്തൻ ശിവറിൽ സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാർ, പോലീസ് ഡയറക്ടർ ജനറൽമാർ (ഡിജിപി), കേന്ദ്ര സായുധ പോലീസ് സേന (സിഎപിഎഫ്), സെൻട്രൽ പോലീസ് ഓർഗനൈസേഷൻ (സിപിഒ) ഡയറക്ടർ ജനറൽമാർ എന്നിവരാണ് പങ്കെടുക്കുന്നത്.

പോലീസ് സേനയുടെ നവീകരണം, സൈബർ ക്രൈം മാനേജ്‌മെന്റ്, ക്രിമിനൽ നീതിന്യായ വ്യവസ്ഥയിൽ ഐടിയുടെ വർധിച്ച ഉപയോഗം, ലാൻഡ് ബോർഡർ മാനേജ്‌മെന്റ്, തീര സുരക്ഷ, സ്ത്രീ സുരക്ഷ, മയക്കുമരുന്ന് കടത്ത് തുടങ്ങിയ വിഷയങ്ങളാണ് ശിവിറിൽ ചർച്ച ചെയ്യുന്നത്.

---- facebook comment plugin here -----

Latest